കാരുണ്യവർഷാചരണ സമാപനം: സ്വാഗതസംഘം ഓഫീസ് തുറന്നു
കാരുണ്യവർഷാചരണ സമാപനം: സ്വാഗതസംഘം ഓഫീസ് തുറന്നു
Saturday, October 22, 2016 11:55 AM IST
കോട്ടയം: കേരളത്തിലെ കത്തോലിക്ക രൂപതകളുടെ സംയുക്‌താഭിമുഖ്യത്തിൽ നവംബർ 12–നു കോട്ടയത്ത് സംഘടിപ്പിക്കുന്ന കാരുണ്യവർഷാചരണത്തിന്റെ ഔദ്യോഗിക സമാപനത്തിന്റെ ക്രമീകരണങ്ങൾക്കായുള്ള സ്വാഗതസംഘം ഓഫീസ് അടിച്ചിറ ആമോസ് സെന്ററിൽ കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനംചെയ്തു.

ആലോചനായോഗത്തിൽ മധ്യകേരളത്തിലെ കത്തോലിക്കാ രൂപതകളിലെ വികാരിജനറാൾമാർ, സന്യസ്ത സമൂഹങ്ങളുടെ മേലധികാരികൾ, രൂപത സാമൂഹ്യസേവന വിഭാഗങ്ങളുടെ ഡയറക്ടർമാർ, പാസ്റ്ററൽ കൗൺസിൽ അൽമായ സെക്രട്ടറിമാർ, കത്തോലിക്ക കോൺഗ്രസിന്റെ രൂപതാ പ്രസിഡന്റുമാർ, യുവജനസംഘടനാ പ്രസിഡന്റുമാർ, കോട്ടയം കരിസ്മാറ്റിക് മൂവ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വിവിധ കമ്മിറ്റികൾക്ക് യോഗം രൂപം നൽകി. ജനറൽകൺവീനറും കോട്ടയം അതിരൂപത വികാരിജനറാളുമായ മോൺ. മൈക്കിൾ വെട്ടിക്കാട്ട് ക്രമീകരണങ്ങൾ വിശദീകരിച്ചു. തിരുവല്ല രൂപത വികാരിജനറാൾ മോൺ ആന്റണി ചെത്തിപ്പുഴ, ചങ്ങനാശേരി അതിരൂപത വികാരിജനറാൾ മോൺ. ജോസഫ് മുണ്ടകത്തിൽ, കാഞ്ഞിരപ്പള്ളി രൂപതാ വികാരിജനറാൾ മോൺ അഗസ്റ്റിൻ പഴേപറമ്പിൽ, വിജയപുരം രൂപത പ്രതിനിധി ഫാ.ജോസ് നവാസ്, പിഒസി ഡയറക്ടർ ഫാ.വർഗീസ് വള്ളിക്കാട്, കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോർജ് വെട്ടിക്കാട്ടിൽ, കെയർ ഹോം ഡയറക്ടർ ഫാ.റോയി വടക്കേൽ, നവജീവൻ ട്രസ്റ്റ് സാരഥി പി.യു.തോമസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.


നവംബർ 12–ന് ഉച്ചകഴിഞ്ഞു മൂന്നിന് കോട്ടയം അതിരൂപതയുടെ അജപാലനകേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന കാരുണ്യവർഷാചരണ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെസിബിസിയുടെ നേതൃത്വത്തിൽ കേരളത്തിലെ സീറോമലബാർ, ലത്തീൻ, സീറോമലങ്കര റീത്തുകളുടെ മേലധ്യക്ഷന്മാരും മെത്രാന്മാരും പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.