പോലീസ് തലപ്പത്ത് കെടുകാര്യസ്‌ഥതയും ചേരിപ്പോരുമെന്നു ചെന്നിത്തല
പോലീസ് തലപ്പത്ത് കെടുകാര്യസ്‌ഥതയും ചേരിപ്പോരുമെന്നു ചെന്നിത്തല
Saturday, October 22, 2016 11:55 AM IST
ആലപ്പുഴ: ഔദ്യോഗിക ഫോണും ഇ–മെയിലും ചോർത്തുന്നുവെന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ പരാതിയിൽ മറുപടി പറയേണ്ടതു മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പോലീസ് തലപ്പത്തെ കെടുകാര്യസ്‌ഥതയും ചേരിപ്പോരുമാണ് ഇതിലൂടെ വെളിവാക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ഡിജിപി റാങ്കിലുള്ള വിജിലൻസ് ഡയറക്ടർ തന്നെ പരാതിയുമായി എത്തിയെന്നുള്ളത് അതീവ ഗുരുതരമായ ഒന്നാണ്. മുഖ്യമന്ത്രിക്ക് പോലീസ് സേനയിൽ നിയന്ത്രണമില്ലെന്നതിന്റെ ഉത്തമ ദൃഷ്‌ടാന്തം കൂടിയാണിതെന്നും ചെന്നിത്തല പറഞ്ഞു.

ആഭ്യന്തര വകുപ്പിന്റെ കൂടി അനുമതിയുണ്ടെങ്കിൽ മാത്രമേ ഇന്റലിജൻസ് വിഭാഗത്തിന് ആരുടെയെങ്കിലും ഫോൺ ചോർത്താനാകൂ. രാജ്യദ്രോഹം, ഭീകരപ്രവർത്തനം തുടങ്ങിയ കേസുകളുടെ അന്വേഷണത്തിലും പോലീസിന് തന്ത്രപ്രധാനമായ വിവരങ്ങൾ കിട്ടേണ്ട അനിവാര്യത ഉണ്ടാകുമ്പോൾ മാത്രമാണ് വ്യക്‌തികളുടെ ഫോൺ ചോർത്താൻ അനുമതി നൽകുന്നത്. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി അറിയാതെ ഇതു നടക്കുകയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.


ഡിജിപി റാങ്കിലുള്ള വിജിലൻസ് ഡയറക്ടറുടെ ഫോൺ പോലും ചോർത്തപ്പെടുമ്പോൾ സർക്കാരിന് അദ്ദേഹത്തിൽ വിശ്വാസമില്ലെന്നതാണ് തെളിയിക്കുന്നത്. ഇതാണോ സ്‌ഥാനമൊഴിയാൻ താത്പര്യം പ്രകടിപ്പിച്ചു കത്തു നല്കിയതിനു പിന്നിലെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. സർക്കാർ വിശദീകരണം തന്നേ മതിയാകൂ. ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ തമ്മിലുള്ള ചേരിപ്പോര് വകുപ്പിന്റെ പ്രവർത്തനങ്ങളെയാണു ബാധിക്കുന്നത്.

പരാതി വിരൽ ചൂണ്ടുന്നത് ആഭ്യന്തരവകുപ്പിനു മേലാണെന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.