ക്ലേശിക്കുന്നവരെ ആശ്വസിപ്പിക്കാൻ വിശ്വാസികൾക്ക് കഴിയണം: കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവ
ക്ലേശിക്കുന്നവരെ ആശ്വസിപ്പിക്കാൻ വിശ്വാസികൾക്ക് കഴിയണം: കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവ
Saturday, October 22, 2016 11:55 AM IST
റാന്നി: ദൈവത്തോടുള്ള ബന്ധം വളർത്തിയെടുക്കുന്നതിനുള്ള ആത്മാർഥ സമർപ്പണമാകണം ദേവാലയമെന്നു സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കരിമ്പനാംകുഴി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെ പുതിയ ദേവാലയത്തിന്റെ വിശുദ്ധ മൂറോൻ കൂദാശ നിർവഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദേശത്തോടുള്ള ദൈവജനത്തിന്റെ ബന്ധം ദൃഢമാക്കാൻ ദേവാലയം കാരണമാകണം. ദേവാലയം ദൈവത്തിന്റെ ഔദാര്യവും കാരുണ്യവുമാണ്. പരസ്പരം വേലിക്കെട്ടുകൾ തീർത്ത് ഉള്ളിലിരിക്കാനുള്ള സന്ദേശമല്ല ദേവാലയം നൽകുന്നത്. മറിച്ച് പരസ്പര സൗഹാർദത്തിന്റെയും സഹിഷ്ണതയുടെയും പര്യായമായി അതു മാറണം. നന്മ ചെയ്യുന്നതിൽ മടുപ്പു തോന്നരുതെന്നും ക്ലേശിക്കുന്നവരെ ആശ്വസിപ്പിക്കണമെന്നും മാർ ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു.


തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, സഹായമെത്രാൻ ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് എന്നിവർ സഹകാർമികത്വം വഹിച്ചു. ദേവാലയ കൂദാശയ്ക്കെത്തിയ വിശിഷ്്ടാതിഥികളെ വികാരി ഫാ. ജോസഫ് വരമ്പുങ്കൽ ഒഐസിയുടെയും വിശ്വാസികളുടെയും നേതൃത്വത്തിൽ ദേവാലയ കവാടത്തിൽ സ്വീകരിച്ചു. ട്രസ്റ്റി ജയിംസ് കുപ്പയ്ക്കൽ, സെക്രട്ടറി അനീഷ് കെ. തോമസ് കരിമ്പനാമണ്ണിൽ, നിർമാണ കമ്മിറ്റി കൺവീനർ ടി.പി. മത്തായി തോട്ടത്തിൽ, തോമസുകുട്ടി നല്ലാനിക്കുന്നേൽ തുടങ്ങിയവർ ചടങ്ങുകൾക്കു നേതൃത്വം നല്കി. ഇന്നു രാവിലെ 8.30ന് ദേവാലയകൂദാശയുടെ രണ്ടാംഭാഗം, സമൂഹബലി എന്നിവ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.