ഓർമകൾ ചൂളംവിളിച്ചു; രാഹുലിനു തിരിച്ചുപോക്കിന്റെ ആനന്ദം
ഓർമകൾ ചൂളംവിളിച്ചു; രാഹുലിനു തിരിച്ചുപോക്കിന്റെ ആനന്ദം
Saturday, October 22, 2016 12:05 PM IST
തിരുവനന്തപുരം: “‘‘സാർ..’ എന്ന വിളിക്കു പിന്നാലെ, അനുവാദത്തിനു കാക്കാതെ തന്റെ അധ്യാപകന്റെ മുറിയിലേക്ക് ഒരു തീവണ്ടി പോലെ കുതിച്ചെത്തുകയായിരുന്നു രാഹുൽ. കാര്യമെന്തെന്ന് ചോദിക്കും മുൻപ് തെലുങ്കു കലർന്ന മലയാളത്തിൽ അവൻ പറഞ്ഞൊപ്പിച്ചു, ’എനിക്കു അമ്മയും അച്ചനും ഉണ്ടു സാർ’. ഒരു തേങ്ങലോടെ തന്റെ നാടും വീടും ഓർത്തെടുത്ത അവനെ ആശ്ചര്യത്തോടെ നോക്കി നിൽക്കുകയായിരുന്നു പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡ് ഡയറക്ടർ ഡോ. എം.കെ. ജയരാജ്.

പിന്നീടുള്ള നടപടിക്രമങ്ങൾ വേഗത്തിലായിരുന്നു. അഞ്ചു വർഷംമുമ്പ് കാണാതായ മകനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷവുമായി അച്ഛൻ ലാസറും അമ്മ നാഗമണിയും തിരുവനന്തപുരത്തു ട്രെയിനിറങ്ങി.

പുനഃസമാഗമത്തിന്റെ ആനന്ദത്തിൽ മാതാപിതാക്കളുടെയും മകന്റെയും കണ്ണുകൾ ഈറനണിഞ്ഞു. ഉള്ളു നിറഞ്ഞ സന്തോഷത്തിനിടയിലും കൂട്ടുകാരെ പിരിയുന്നതിന്റെ സങ്കടവുമായി രാഹുൽ ഇന്നു ഹൈദരാബാദിലേക്കു മടങ്ങുകയാണ്; അച്ഛനും അമ്മയ്ക്കുമൊപ്പം. ഇന്ന് രാവിലെ 7.15 നുള്ള ശബരി എക്പ്രസ് ട്രെയിനിലാണ് അവർ മടങ്ങുക.

കുഞ്ഞു രാഹുലിന് തീവണ്ടികളോടു വലിയ കമ്പം തന്നെയായിരുന്നു. റെയിൽവേ സ്റ്റേഷനു സമീപത്തു തന്നെ താമസിക്കുന്ന അവൻ ഓരോ തീവണ്ടിയും കൗതുകത്തോടെ നോക്കി നിൽക്കും. ആ കൗതുകമാണ് അഞ്ചു വർഷം മുമ്പ് രാഹുലിനെ എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന അവനെ അവിടെ നിന്നു കണ്ടെത്തിയത് പോലീസാണ്. തുടർന്ന് ചിൽഡ്രൻസ് ഹോമിലേക്ക്. എത്ര ചോദിച്ചിട്ടും സ്വന്തം പേരല്ലാതെ മറ്റൊന്നും പറയാൻ അവനു കഴിയുമായിരുന്നില്ല. പിന്നീട് അവർ മനസിലാക്കി അവൻ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണെന്ന്. ഇതോടെ തിരുവനന്തപുരത്ത് പാങ്ങപ്പാറയിലെ സിഎച്ച് മുഹമ്മദ് കോയ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡിൽ എത്തിച്ചു. കൂട്ടുകാരുടെ സ്നേഹവും ജീവനക്കാരുടെ പരിചരണവും അവനിൽ മാറ്റങ്ങളുണ്ടാക്കി. മൗനിയായിരുന്ന അവൻ പതുക്കെപ്പതുക്കെ ഊർജസ്വലനായി. പഠിക്കാൻ ആരംഭിച്ചു, മലയാളം പറയാനും എഴുതാനും തുടങ്ങി, ഫുട്ബോൾ കളിച്ചു. അഞ്ചു വർഷം കൊണ്ട് ഈ പതിനഞ്ചുകാരൻ എല്ലാവർക്കും പ്രിയപ്പെട്ടവനായി.


ഇതിനിടയിലാണ് അവധിക്കാലത്ത് കൂട്ടുകാരെ കൂട്ടിക്കൊണ്ടുപോകാൻ വരുന്ന മാതാപിതാക്കൾ കാണിക്കുന്ന സ്നേഹപ്രകടനങ്ങൾ അവന്റെയുള്ളിൽ അമ്മയുടെ ഓർമകൾ ഉണർത്തിയത്. അങ്ങനെ അമ്മയെയും അച്ഛനെയും ഓർത്തെടുത്ത ഒരു വൈകുന്നേരത്താണ് അവൻ തന്റെ സാറിന്റെ മുറിയിലേക്ക് ഓടിയെത്തിയത്. അമ്മയുടെയും അച്ഛന്റെയും പേരുകൾ പറഞ്ഞു. നാടിനെക്കുറിച്ചുള്ള ഓർമകൾ കൂടി അവൻ പങ്കുവച്ചപ്പോൾ ഡയറക്ടർ ഡോ. എം.കെ. ജയരാജിന്റെ ഉള്ളിൽ ഒരു പ്രതീക്ഷയുണർന്നു. സ്‌ഥലത്തെക്കുറിച്ച് ഇന്റർനെറ്റിൽ തെരഞ്ഞു. സ്‌ഥലത്തെ സർക്കാർ സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങളിൽനിന്ന് ഒരു ഫോൺ നമ്പർ ലഭിച്ചു. നമ്പറിലേക്കു വിളിച്ചപ്പോൾ നമ്പറിന്റെ ഉടമ രാജസ്‌ഥാനിലായിരുന്നു. നേരത്തെ അയാൾ ഹൈദരാബാദിലെ പഞ്ചഗുട്ട എന്ന സ്‌ഥലത്തുണ്ടായിരുന്നുവെന്ന് പറഞ്ഞു. ഇതോടെ പഞ്ചഗുട്ട പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു. ജാനയ്യ എന്ന സിഐയോട് വിവരം പറഞ്ഞപ്പോൾ അഞ്ച് വർഷം മുമ്പുള്ള പരാതികൾ പരിശോധിക്കാമെന്ന് ഉറപ്പുനൽകി. രാഹുലിന്റെ പഴയ ഫോട്ടോയുൾപ്പെടെയുള്ള വിവരങ്ങൾ അയച്ചു. രണ്ടു ദിവസത്തിനുശേഷം സ്റ്റേഷനിൽ നിന്നു ഫോൺ സന്ദേശമെത്തി,

രാഹുൽ എന്ന കുട്ടിയെ കാണാതായതായി പരാതിയുണ്ട്. നാഗമണി–ലാസർ ദമ്പതികളാണ് പരാതിക്കാർ. അഞ്ചു വർഷമായി നഷ്‌ടപ്പെട്ട മകനെ തേടി അലയുകയാണ് അവർ. തൊട്ടുപിന്നാലെ മാതാപിതാക്കൾ വിളിച്ചു. ഒടുവിൽ സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്‌ഥനൊപ്പം കഴിഞ്ഞ ദിവസം തലസ്‌ഥാനത്തെത്തിയ അവർ പാങ്ങപ്പാറയിലെത്തി മകനെ തിരിച്ചറിഞ്ഞു. പഴയ ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ രാഹുലിന്റെ മുഖത്തു പുഞ്ചിരി വിടർന്നു. തുടർന്നു നാട്ടിലുള്ള അനിയൻ രഘുവുമായി മൊബൈൽ ഫോണിൽ രാഹുൽ കുറച്ചുനേരം സംസാരിച്ചു. തുടർന്ന് നടന്ന യാത്രയയപ്പിൽ മേയർ വി.കെ. പ്രശാന്ത് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

രാഹുലിനു സമ്മാനപ്പൊതികളുമായി എത്തിയ കൂട്ടുകാരും നിറഞ്ഞ സ്നേഹവുമായി ക്ലാസ് ടീച്ചർ ബിന്ദു, ആയമാരായ ശശികല, ശ്രീകല, വാർഡൻ സന്തോഷ്, ഓഫീസ് അസിസ്റ്റന്റ് രതീഷ് ഉൾപ്പെടെയുള്ളവരും അവന്റെ തിരിച്ചുപോക്ക് ആഘോഷമാക്കി. മടങ്ങിയെത്തിയാലുടൻ സ്കൂളിൽ ചേരണമെന്നുള്ള ആഗ്രഹം രാഹുൽ പങ്കുവച്ചപ്പോൾ അവർ കൈയടികളോടെ അവന് ആശംസകൾ നേർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.