ജിഎസ്ടി ദേശീയ വരുമാനത്തിൽ വർധനവുണ്ടാക്കും:ഡോ.തോമസ് ഐസക്
ജിഎസ്ടി ദേശീയ വരുമാനത്തിൽ  വർധനവുണ്ടാക്കും:ഡോ.തോമസ് ഐസക്
Saturday, October 22, 2016 12:06 PM IST
കാഞ്ഞിരപ്പള്ളി: ജിഎസ്ടി ദേശീയ വരുമാന വർധനയിലേക്കു നയിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. കുട്ടിക്കാനം മരിയൻ കോളജ് എംകോം–പിജിഡിഎം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘ഇംപാക്ട് ഓഫ് ജിഎസ്ടി ഓൺ ട്രേഡ് ആൻഡ് ഇൻഡസ്ട്രി’ എന്ന വിഷയത്തിൽ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടിയുടെ വരവോടുകൂടി അവശ്യവസ്തുക്കളുടെ വില വർധിക്കുമെന്ന ധാരണ ശരിയല്ല. ചെറുകിട വ്യവസായ രംഗത്തേക്കാൾ വൻകിട വ്യവസായ രംഗത്തിലാണ് ജിഎസ്ടി കൂടുതൽ സ്വാധീനം ചെലുത്തുക. ജിഎസ്ടി കയറ്റുമതിക്ക് ഏറെ ഗുണപ്രദമാണെന്നും തന്മൂലം ദേശീയ വരുമാന വർധനവിലേക്കു വൻകുതിച്ചുചാട്ടം നടത്തുവാൻ സാധിക്കുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ദേശീയ സെമിനാറിനോടനുബന്ധിച്ചു നടന്ന ടെക്നിക്കൽ സെഷനിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ രജിസ്ട്രാർ ഡോ. തോമസ് ജോസഫ് തൂങ്കുഴി ക്ലാസുകൾ നയിച്ചു. പാനൽ ഡിസ്കഷനിൽ മാരിയിൽ കൃഷ്ണൻനായർ, അജയ് വർഗീസ്, സി.എം.എ. രാജു പി.ടി. എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.


സെമിനാറിൽ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽനിന്നുള്ള അധ്യാപകർ, ഗവേഷകർ, വിദ്യാർഥികൾ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റ്സ്, കോസ്റ്റ് അക്കൗണ്ടന്റ്സ്, സർക്കാർ–പൊതുമേഖലാ ജീവനക്കാർ, ടാക്സ് കൺസൾട്ടന്റ്സ്, വ്യാപാരികൾ, വ്യവസായികൾ തുടങ്ങി നാനൂറിൽപ്പരം പ്രതിനിധികൾ പങ്കെടുത്തു.

മരിയൻ കോളജ് മാനേജർ ഫാ. റൂബൻ ജെ.താന്നിക്കൽ, പ്രിൻസിപ്പൽ റവ. ഡോ. റോയി ഏബ്രഹാം പി., എംകോം–പിജിഡിഎം മേധാവി ഫാ.ജയിംസ് കോഴിമല, അസിസ്റ്റന്റ് പ്രഫസർമാരായ നെബു ചെറിയാൻ പുന്നക്കുഴം, ജെയ്മോൻ എം.ആർ., ഡോ.എം.ഡി. ബേബി, ഡോ.കെ.വി. തോമസ്, സ്നേഹ അലക്സ്, സ്റ്റുഡന്റ് കോഓർഡിനേറ്റർമാരായ അലക്സ് കുര്യാക്കോസ്, ലാവണ്യ നിർമൽ എന്നിവർ പ്രസംഗിച്ചു.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, എംജി യൂണിവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടന്റ് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.