തെരുവുനായ കടിയേറ്റവർ കമ്മീഷനു മുന്നിൽ തെളിവു നിരത്തി
Saturday, October 22, 2016 12:06 PM IST
തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റവർ ദുഃഖഭാരവുമായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് സിരിജഗൻ കമ്മീഷനു മുന്നിലെത്തി.

തെരുവുനായ കടിച്ചതിനെ തുടർന്ന് നടത്തിയ കുത്തിവയ്പിൽ ശരീരം പൂർണമായി തളർന്ന ദാരുഷാണു കമ്മീഷനു മുന്നിൽ ആദ്യമെത്തിയത്. കാട്ടാക്കടയ്ക്കടുത്ത് ഒറ്റശേഖരമംഗലം സ്വദേശിയാണ് ഏഴു വയസുകാരനായ ദാരുഷ്. നായയുടെ കടിയേറ്റപ്പോൾ ജനറൽ ആശുപത്രിയിലെത്തിച്ചു കുത്തിവയ്പെടുത്തു. ഇഞ്ചക്ഷൻ മാറി കുത്തിവച്ചതോടെ ശരീരം പൂർണമായി തളർന്നു. ദാരുഷിെൻറ മാതാപിതാക്കളുടെ പരാതി കമ്മീഷൻ ശ്രദ്ധയോടെ കേട്ടു. ഒരാഴ്ചക്കുള്ളിൽ കുട്ടിയെ പൂർണ പരിശോധനക്ക് വിധേയമാക്കാൻ നിർദേശിച്ചു. റിപ്പോർട്ടിെൻറ അടിസ്‌ഥാനത്തിൽ തുടർനടപടി കൈക്കൊള്ളാമെന്ന് കമ്മീഷൻ അറിയിച്ചു. തൈക്കാട് പൊതുമരാമത്ത് ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ ഒമ്പത് പരാതികൾ ലഭിച്ചു. ഇതിൽ ഏഴുപേർ കമ്മീഷനു മുന്നിൽ ഹാജരായി. 60,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെയാണ് പലരും നഷ്‌ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെ പഞ്ചായത്ത് സെക്രട്ടറിമാർ ചോദ്യം ചെയ്തു. തെരുവുനായ കടിയേറ്റവരുടെ സിറ്റിംഗിനുശേഷം മൃഗസ്നേഹികളുടെ ഊഴമായിരുന്നു. തെരുവുനായ്ക്കളെ കെല്ലുന്നതിനെതിരേയുള്ള വാദങ്ങൾ അവർ നിരത്തി. തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരേ നായ സ്നേഹികളിൽ പലരും വൈകാരികമായാണ് പ്രതികരിച്ചത്.വരുംദിവസങ്ങളിൽ 13 ജില്ലകളിലും കമ്മീഷൻ സിറ്റിംഗ് നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.