ലിസി ആശുപത്രി വജ്രജൂബിലിക്കു പ്രൗഢോജ്വല സമാപനം
ലിസി ആശുപത്രി വജ്രജൂബിലിക്കു പ്രൗഢോജ്വല സമാപനം
Saturday, October 22, 2016 12:06 PM IST
കൊച്ചി: പരിധിയും പരിമിതിയുമുള്ള സേവനത്തേക്കാൾ നിസ്വാർഥമായ ശുശ്രൂഷയാണ് ആതുരാലയങ്ങൾ മുഖമുദ്രയാക്കേണ്ടതെന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്. എറണാകുളം ലിസി ആശുപത്രിയുടെ വജ്രജൂബിലി സമാപന സമ്മേളനം എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശുശ്രൂഷയ്ക്കു പരിധിയും പരിമിതിയുമില്ല. അളവില്ലാത്ത സ്നേഹശുശ്രൂഷയുടെ തിളക്കമാർന്ന ചരിത്രമാണു ലിസി ആശുപത്രിയുടേത്. സ്വന്തമെന്നപോലെ പല കാലഘട്ടങ്ങൾ ഈ ആശുപത്രിയെ ഏറ്റുവാങ്ങി വളർത്തി. പാവപ്പെട്ടവർക്കു നിറമനസോടെ ആശ്രയിക്കാവുന്ന ആതുരാലയമായാണു ലിസി ആശുപത്രി വളർന്നത്. ഇത് എറണാകുളം– അങ്കമാലി അതിരൂപതയ്ക്കു മാത്രമല്ല, കൊച്ചിക്കും കേരളത്തിനാകെയും അഭിമാനമാണ്. നിറഞ്ഞ സംതൃപ്തിയോടും അർപ്പണ മനോഭാവത്തോടും ഇവിടെ ശുശ്രൂഷ ചെയ്തവരും ഇപ്പോഴും അതു സന്തോഷത്തോടെ തുടരുന്നവരും ലിസിയുടെ ശുശ്രൂഷാ ചൈതന്യത്തിന്റെ സാക്ഷ്യങ്ങളാണ്. ഇന്നലെകളിലേതു പോലെ സ്‌ഥാപക ലക്ഷ്യങ്ങളോടു നീതിപുലർത്തി മുന്നേറാൻ ലിസി ആശുപത്രിക്ക് ഇനിയും കഴിയണം. പാവപ്പെട്ടവരുടെ മനസറിയുന്ന ആതുരശുശ്രൂഷാ ശൈലിക്കു ശക്‌തമായ തുടർച്ചയുണ്ടാകണമെന്നും ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പും ആശുപത്രി രക്ഷാധികാരിയുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സഭയുടെ കാരുണ്യശുശ്രൂഷകളുടെ മുഖമായി ലിസി ആശുപത്രിയെ അവതരിപ്പിക്കാനാവുന്നുവെന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആതുരശുശ്രൂഷാരംഗത്തു ദേശീയതലത്തിൽ മികവിന്റെ മുദ്ര ചാർത്തിയ ലിസിയുടെ ശുശ്രൂഷ സജീവമായി ഇനിയും തുടരണം. വജ്രജൂബിലി സമാപനത്തോടനുബന്ധിച്ചു ഹൃദ്രോഗികളായ അറുപതു കുട്ടികൾക്കു സൗജന്യ ഹൃദയശസ്ത്രക്രിയ ഉൾപ്പെടെ വിവിധ പദ്ധതികൾ കർദിനാൾ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ജൂബിലി സ്മാരകമായി നിർമിക്കുന്ന ലിസി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിന്റെ ശില ആശീർവാദവും കർദിനാൾ നിർവഹിച്ചു.

ആശുപത്രി ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ലിസിയുടെ നാൾവഴികളുടെ സംക്ഷിപ്താവതരണം നടത്തി. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. സാധാരണക്കാർക്കായി പ്രവർത്തിക്കുന്ന ലിസി ആശുപത്രി കേരളത്തിന്റെ ആരോഗ്യരംഗത്തു പ്രതീക്ഷ പകരുന്നതാണെന്നു മന്ത്രി പറഞ്ഞു. പൂർണമായി സജ്‌ജീകൃതമായ ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമർപ്പണം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. മെച്ചപ്പെട്ട ആരോഗ്യസേവനം സാധാരണക്കാർക്കു പ്രാപ്യമാക്കാൻ ലിസി ആശുപത്രിക്കു സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അറുപതുവർഷം കൊണ്ടു ദേശീയതലത്തിൽ മികവിലേക്കു ലിസി കുതിച്ചുവെന്നതു അതീവ സന്തോഷം പകരുന്നതാണെന്നു നവീകരിച്ച ലിസി ഫാർമസ്യൂട്ടിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ അഭിപ്രായപ്പെട്ടു.


വജ്രജൂബിലി സ്മരണിക പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനംചെയ്തു. ‘ഗ്രീൻ ഒടി’ അക്രെഡിറ്റേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനം കൊച്ചി മേയർ സൗമിനി ജെയിൻ നടത്തി. ലിസിയിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ ഡോക്ടർമാരെ കെ.വി. തോമസ് എംപി ആദരിച്ചു. നവീകരിച്ച ലിസി നഴ്സിംഗ് കോളജിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എംഎൽഎ നിർവഹിച്ചു. ലിസി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപനം എസ്. ശർമ എംഎൽഎ നടത്തി. ലിസി ട്രാൻസ്പ്ലാന്റ് ടീമിനെ അതിരൂപത പ്രോ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ ആദരിച്ചു. ലിസി ഫാർമസി കോളജിന്റെ വെണ്ണലയിലെ പുതിയ കാമ്പസിന്റെ പ്രഖ്യാപനം പി.ടി. തോമസ് എംഎൽഎ നിർവഹിച്ചു. ലിസിയിൽ 25 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ റോജി എം. ജോൺ എംഎൽഎ ആദരിച്ചു. ആശുപത്രിയിലെ ജീവനക്കാരുടെ മക്കൾക്കുള്ള വിവിധ സ്കോളർഷിപ്പുകളുടെ വിതരണം അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജോ പൈനാടത്ത് നിർവഹിച്ചു.

മത്സരവിജയികൾക്കു കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രേസി ജോസഫ് സമ്മാനങ്ങൾ നൽകി. ആശുപത്രി ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ.ബാബു ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.വർഗീസ് പാലാട്ടി, ഫാ.അജോ മൂത്തേടൻ, ഫാ. ആന്റോ ചാലിശേരി, നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ എൽസി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. ജൂബിലി ഗാനാലാപനവും വിവിധ കലാപരിപാടികളും നടന്നു.

60 ഹൃദയ ശസ്ത്രക്രിയകളും 600 ഡയാലിസിസും സൗജന്യമായി നടത്തും: മാർ ആലഞ്ചേരി

കൊച്ചി: വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു ഹൃദ്രോഗികളായ 60 കുട്ടികൾക്കു ഹൃദയശസ്ത്രക്രിയയും വൃക്കരോഗികളായ 600 പേർക്കു ഡയാലിസിസും സൗജന്യമായി നടത്തുമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പും ആശുപത്രി രക്ഷാധികാരിയുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു. ആശുപത്രിയിലെ ജീവനക്കാരുടെ ശമ്പളം ഉടൻ കൂട്ടുമെന്നും ജൂബിലി സമാപന സമ്മേളനത്തിൽ കർദിനാൾ പ്രഖ്യാപിച്ചു.

കാരുണ്യവർഷാരംഭത്തിൽ പ്രഖ്യാപിച്ച നൂറു സൗജന്യ ഹൃദയശസ്ത്രക്രിയകളിൽ എഴുപതും പൂർത്തിയായി. ബാക്കിയുള്ളതു വരുന്ന ആഴ്ചകളിൽ പൂർത്തിയാക്കും.

ഇതിനു പുറമേയാണു ഹൃദ്രോഗികളായ 60 കുട്ടികൾക്കു ഹൃദയശസ്ത്രക്രിയ സൗജന്യമായി നടത്തുകയെന്നും കർദിനാൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.