ചങ്ങനാശേരിയിൽ കിണറിന്റെ തൂണു തകർന്ന് തൊഴിലാളി മരിച്ചു
ചങ്ങനാശേരിയിൽ കിണറിന്റെ തൂണു തകർന്ന് തൊഴിലാളി മരിച്ചു
Sunday, October 23, 2016 12:34 PM IST
ചങ്ങനാശേരി: കിണർ വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളികളുടെമേൽ തൂണും ബീമും ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. തിരുനെൽവേലി സ്വദേശിയും മാടപ്പള്ളി മോസ്കോയിലുള്ള ചായക്കടയിലെ ജീവനക്കാരനുമായ വിജയകുമാർ(40) ആണ് മരിച്ചത്. തെങ്ങണ ജംഗ്ഷനടുത്തുള്ള നാലുന്നാക്കൽ സർവീസ് സഹകരണബാങ്ക് ശാഖയുടെ മുമ്പിൽ തട്ടുകട നടത്തുന്ന തെങ്കാശി സ്വദേശി മുത്തു(36)വിനാണു പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനാണു സംഭവം.

മുത്തുവും തമിഴ്നാട് സ്ദേശികളായ മറ്റു നാലുപേരും വാടകയ്ക്കു താമസിക്കുന്ന തെങ്ങണ ജ്ംഗ്ഷനിലുള്ള കറുകപ്പള്ളി ഉസ്മാന്റെ ഉടമസ്‌ഥതയിലുള്ള വീടിനോടു ചേർന്നുള്ള കിണർ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. കിണറ്റിലെ മാലിന്യങ്ങൾ ഒരാൾ വലിച്ചു കയറ്റുന്നതിനിടയിൽ ഒരു വശത്തുള്ള തൂണും ബീമും തകർന്നു കിണറ്റിനുള്ളിലേക്കു വീണാണ് അപകടം. കിണറ്റിൽനിന്നു ജോലിചെയ്തിരുന്ന വിജയകുമാറിന്റെയും മുത്തുവിന്റെയും ദേഹത്തേക്കു തൂണും ബീമും വീണു. നാട്ടുകാർ വിവരം അറിയിച്ചതിനെതുടർന്നു ചങ്ങനാശേരിയിൽനിന്നു ഫയർഫോഴ്സും തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽനിന്നു പോലീസ് സംഘവും സംഭവസ്‌ഥലത്തെത്തി. ഇരുവരെയും പുറത്തെടുത്തെങ്കിലും വിജയകുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. വിജയകുമാറിന്റെ മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മുത്തുവിനെ(34) ഗുരുതര പരുക്കുകളോടെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ചങ്ങനാശേരി ഫയർസ്റ്റേഷൻ ഓഫീസർ സജിമോൻ ടി ജോസഫ്, ഫയർമാൻമാരായ സതീശ് കുമാർ, അരുൺ ബാബു, എസ്.ടി ഷിബു, സമീർ എന്നിവരടങ്ങിയ സംഘമാണു കിണറ്റിലകപ്പെട്ടവരെ പുറത്തെടുത്തത്. കിണറ്റിൽനിന്നു മാലിന്യം വലിച്ചുകയറ്റുമ്പോൾ ഭാരം താങ്ങാനാവാതെ കാലപ്പഴക്കംചെന്ന കിണറിന്റെ തൂണും ബീമും തകർന്നു വീഴുകയായിരുന്നുവെന്നു ഫയർഫോഴ്സും പോലീസും പറഞ്ഞു.

മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി തോമസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. വിജയകുമാറും ഭാര്യ മീനമ്മയും രണ്ടുമക്കളും മീനമ്മയുടെ മാതാവ് പാറുദിയും ഉൾപ്പെടുന്ന കുടുംബം ചാഞ്ഞോടിക്കടുത്തുള്ള ആശാരിമുക്കിലാണു വാടകയ്ക്കു താമസിക്കുന്നത്. സുഹൃത്തുക്കൾ താമസിക്കുന്ന വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനു സഹായിക്കാനെത്തിയതാണു വിജയകുമാർ. കിണർ വൃത്തിയാക്കൽ ആരംഭിച്ചപ്പോൾതന്നെ അപകടം സംഭവിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.