ബാങ്ക് മേധാവികൾ രാജിവയ്ക്കണമെന്നു കേരള കോൺ.–എം
Sunday, October 23, 2016 12:34 PM IST
കോട്ടയം: പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് അന്വേഷണത്തിനു കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടതിന്റെ അടിസ്‌ഥാനത്തിൽ ബാങ്ക് പ്രസിഡന്റ് രാജിവയ്ക്കണമെന്നും ഡയറക്ടർ ബോർഡ് പിരിച്ചുവിടണമെന്നും കേരളാ കോൺഗ്രസ്–എം സ്റ്റിയറിംഗ് കമ്മിറ്റി അംഗം സ്റ്റീഫൻ ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ബാങ്കിലെ ഓഹരി ഉടമയും പുലിയന്നൂർ സ്വദേശിയുമായ ജേക്കബ് ജോസഫാണ് അന്വേഷണം ആവശ്യപ്പെട്ടു വിജിലൻസിനെ സമീപിച്ചത്. ബാങ്ക് ഭരണസമിതിയുടെ 21.04.2014 ലെ 40–ാം നമ്പർ തീരുമാനമനുസരിച്ചു ബാങ്കിന്റെ വികസന ആവശ്യങ്ങൾക്ക് പാലാ അരുണാപുരം മുതൽ ചെത്തിമറ്റം വരെയുള്ള ഭാഗത്ത് 25 മുതൽ 50 സെന്റുവരെ സ്‌ഥലം വാങ്ങാനുള്ള തീരുമാനമാണു പരാതിക്ക് അടിസ്‌ഥാനം. ഇതിന്റെ അടിസ്‌ഥാനത്തിൽ 16 പേർ സ്‌ഥലം നൽകാൻ തയാറാണെന്നു കാണിച്ചു ബാങ്കിനു ക്വട്ടേഷൻ നൽകി.

ഇതിലൊരു ക്വട്ടേഷൻ ബാങ്ക് പ്രസിഡന്റിന്റെ ബന്ധുക്കളുടെ പേരിലുള്ള 50 സെന്റ് സ്‌ഥലമാണ്. ആവശ്യപ്പെട്ടത് 13 ലക്ഷം രൂപ. ഈ സ്‌ഥലം വാങ്ങാൻ ഭരണസമിതി തീരുമാനിച്ചു. ഒരു സഹകരണസംഘത്തിന്റെ ഭരണത്തിലുള്ള ഒരാളും തനിക്കു താത്പര്യമുള്ള വസ്തു വാങ്ങലിൽ ഇടപെടാൻ പാടില്ലെന്ന വ്യവസ്‌ഥയുടെ ലംഘനമായിരുന്നു ഇതെന്നു സ്റ്റീഫൻ ജോർജ് ആരോപിച്ചു. സ്‌ഥലം വാങ്ങുന്നതിനു സഹകരണ സംഘം ചട്ടം 54 അനുസരിച്ച് വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. അനുവാദം ഇല്ലാതെയാണു വസ്തു വാങ്ങാൻ തീരുമാനിച്ചത്. ഇതിനെതിരേ ബാങ്കിലെ ഓഹരി ഉടമ ജോജി ജോസഫ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്കു നൽകിയ പരാതി പരിഗണിക്കാതെ വന്നപ്പോൾ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ മറ്റൊരാളുടെ സ്‌ഥലം വാങ്ങാൻ തീരുമാനിച്ചു. എന്നാൽ, സഹകരണ വകുപ്പ് ചട്ടം അനുസരിച്ചുള്ള വാല്യുവേഷൻ റിപ്പോർട്ട് ഇല്ലാതെയായിരുന്നു ഈ സ്‌ഥലം ഇടപാട്. മാത്രമല്ല, വാങ്ങിയ സ്‌ഥലത്തിനു ശരിയായ റോഡ് സൗകര്യം പോലും ഇല്ല.


ബാങ്ക് വർഷങ്ങൾക്കുമുമ്പ് വാങ്ങിയ 42 സെന്റ് സ്‌ഥലം വെറുതെ കിടക്കുമ്പോഴായിരുന്നു ഈ ഭൂമി ഇടപാടെന്നും സ്റ്റീഫൻ ജോർജ് ആരോപിച്ചു. ഈ ഇടപാടിൽ 4,38,36,976 രൂപയുടെ നഷ്ടം വരുത്തിയെന്നാണ് ആരോപണം. ഇതു കൂടാതെ കഴിഞ്ഞ 10 വർഷമായി ബാങ്കിൽ നടന്ന ഇടപാടുകളിലെ തിരിമറിയെക്കുറിച്ചു സമഗ്രമായ അന്വേഷണം വേണം.

എസ്.എച്ച് ഗ്രൂപ്പ് വഴിയും ഗ്രീൻഹൗസ് വഴിയും നടത്തിയിട്ടുള്ള ക്രമക്കേടുകളെക്കുറിച്ചും അന്വേഷിക്കണം. പ്രസിഡന്റ് ജോർജ് സി. കാപ്പൻ ഒരു നിമിഷം പോലും വൈകാതെ രാജിവയ്ക്കണം. ഇല്ലെങ്കിൽ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം നടത്തണമെന്നും സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു.

അരോപണങ്ങൾ അടിസ്‌ഥാനരഹിതം: ജോർജ് സി. കാപ്പൻ

കോട്ടയം: വിജിലൻസ് കേസുമായി ബന്ധപ്പെടുത്തി കേരള കോൺഗ്രസ്–എം നേതാവും മുൻ എംഎൽഎയുമായ സ്റ്റീഫൻ ജോർജ് തനിക്കെതിരേ ഇന്നലെ പത്രസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്നു കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ് സി. കാപ്പൻ ദീപികയോടു പറഞ്ഞു. ആരോപണങ്ങൾക്കുള്ള മറുപടി ഇന്നു പത്രസമ്മേളനത്തിൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.