പ്രൈമറി സ്കൂളുകളിലും ഐടി*സ്കൂളിന്റെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്
Sunday, October 23, 2016 12:41 PM IST
തിരുവനന്തപുരം: ഐടി*സ്കൂൾ പ്രോജക്ട് സംസ്‌ഥാനത്തെ എല്ലാ ലോവർ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലും ബിഎസ്എൻഎല്ലുമായി ചേർന്ന് വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നു. പതിനായിരത്തോളം സർക്കാർ എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ നവംബർ ഒന്നുമുതൽ 2 എംബിപിഎസ് വേഗമുള്ള ഡേറ്റാ പരിധിയില്ലാത്ത ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമായിത്തുടങ്ങും. ഡേറ്റാ ഉപയോഗം കൂടിയാലും വേഗം കുറയാത്ത പ്രത്യേക സ്കീം ആണിത്.

സംസ്‌ഥാനത്തെ എട്ടു മുതൽ 12 വരെ ക്ലാസുകൾ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ഹൈടെക്കാക്കുന്നതിന്റെ തുടർച്ചയായി പ്രൈമറി തലത്തിലും ഐടി പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്റെ തുടക്കമാണ് ഇതെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അറിയിച്ചു.

2007 മുതൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലുമായി അയ്യായിരത്തോളം ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്്ഷൻ ഐടി*സ്കൂൾ നൽകുന്നുണ്ട്. പ്രൈമറി തലത്തിൽകൂടി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതോടെ ഒന്നു മുതൽ 12 വരെയുള്ള മുഴുവൻ സ്കൂളുകളും ഉൾപ്പെടുത്തി ഏകദേശം 15,000 കണക്ഷനുകളുമായി രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ വിദ്യാഭ്യാസ ബ്രോഡ്ബാൻഡ് ശൃംഖലയായി ഇതു മാറും.

പ്രൈമറി തലത്തിൽ ’കളിപ്പെട്ടി എന്ന പേരിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകളിലേയ്ക്കുള്ള ഐസിടി പാഠപുസ്തകങ്ങൾ നവംബറിൽ സ്കൂളുകളിലെത്തും. എല്ലാ പ്രൈമറി അധ്യാപകർക്കുമുള്ള ഐസിടി പരിശീലനം 24ന് ആരംഭിക്കും. ഇതോടൊപ്പം പ്രൈമറി തലത്തിലേയ്ക്കുള്ള ബൃഹത്തായ ഡിജിറ്റൽ ഉള്ളടക്ക ശേഖരണവും ഐടി*സ്കൂൾ ലഭ്യമാക്കും.


സ്കൂൾ കംപ്യൂട്ടർ ലാബിലാണ് ഇന്റർനെറ്റ് കണക്്ഷന്റെ ഭാഗമായുള്ള മോഡം ബന്ധിപ്പിക്കേണ്ടത്. ഫലപ്രദമായ നെറ്റ്വർക്കിംഗ് സംവിധാനം വഴി ഇതു ലാബിലെ മുഴുവൻ കംപ്യൂട്ടറുകളിലും ലഭ്യമാക്കണം. ലാബ് സൗകര്യം ലഭ്യമല്ലാത്തിടത്തു മൾട്ടിമീഡിയ ക്ലാസ്മുറികളിലോ അല്ലെങ്കിൽ താത്കാലികമായി കംപ്യൂട്ടർ ലഭ്യമായ ഓഫീസ് മുറിയിലോ കണക്ഷൻ നൽകാം. വൈഫൈ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാൻ പാസ്വേർഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കണം.

സ്കൂളിൽ ലഭ്യമാക്കുന്ന ഇന്റർനെറ്റ് സൗകര്യം അക്കാദമിക് പ്രവർത്തനങ്ങൾക്കും ഭരണപരമായ ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇന്റർനെറ്റുള്ള കംപ്യൂട്ടറുകളിൽ മറ്റു സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ പാടില്ല. ഭദ്രവും സുരക്ഷിതത്വവുമായ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കാനും ഉപയോഗക്ഷമത സമയാസമയങ്ങളിൽ പരിശോധിക്കാനും ഐടി*സ്കൂൾ പ്രത്യേക പരിശീലനവും ഇ–മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തും.

40 ശതമാനം സ്കൂളുകളിലും ഡിസംബർ അവസാനത്തോടെയും അവശേഷിക്കുന്നവയിൽ 2017 മാർച്ച് 31നകവും ബിഎസ്എൻഎൽ കണക്്ഷൻ പൂർത്തിയാക്കും. സ്കൂളുകളിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റുമായി ബന്ധപ്പെട്ടു വരുന്ന പരാതികൾ പരിഹരിക്കുന്നതിനായി പ്രത്യേക വെബ്പോർട്ടൽ, കോൾസെന്റർ എന്നിവ ബിഎസ്എൻഎൽ സജ്‌ജമാക്കി. മുന്തിയ പരിഗണനയോടെ പരാതികൾ പരിഗണിക്കും. ടെലിഫോൺ കണക്ഷൻ ഇല്ലാത്ത സ്കൂളുകളിൽ പ്രത്യേക ഫോൺ കണക്ഷൻ നൽകിയായിരിക്കും ബ്രോഡ്ബാൻഡ് സംവിധാനമൊരുക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.