നിസാമിനു വഴിവിട്ടു സഹായം: മൂന്നു പോലീസുകാർക്കു സസ്പെൻഷൻ
Sunday, October 23, 2016 12:52 PM IST
കണ്ണൂർ: ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട വ്യവസായി മുഹമ്മദ് നിസാമിനെ ബംഗളൂരുവിലെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ വഴിവിട്ട സഹായം ചെയ്തെന്ന ആരോപണത്തെത്തുടർന്നു മൂന്നു പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കണ്ണൂർ എആർ ക്യാമ്പിലെ അജിത് കുമാർ, രതീഷ്, വിനീഷ് എന്നിവരെയാണു ജില്ലാ പോലീസ് സൂപ്രണ്ട് സഞ്ജയ്കുമാർ ഗുരുഡിൻ സസ്പെൻഡ് ചെയ്തത്. ഇന്റലിജൻസ് ഡിവൈഎസ്പി നടത്തിയ പ്രാഥമികാന്വേഷണത്തെ തുടർന്നാണു സസ്പെൻഷൻ.

അതേസമയം, മുഹമ്മദ് നിസാമുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ചു ജയിൽ ഐജി ഗോപകുമാർ ഇന്നലെ കണ്ണൂർ സെൻട്രൽ ജയിലിലെത്തി തെളിവെടുത്തു. സഹോദരങ്ങളെ നിസാം ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിക്കൊപ്പം ജയിൽ അധികൃതർ വഴിവിട്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുവെന്നും ആരോപണവുമുണ്ട്. ഇക്കാര്യങ്ങൾ സംബന്ധിച്ചാണ് ഐജി പ്രധാനമായും അന്വേഷിച്ചത്.


ശനിയാഴ്ച ഉത്തരമേഖലാ ജയിൽ ഡിഐജി ശിവദാസ് തൈപ്പറമ്പിലും ജയിലിലെത്തി തെളിവെടുത്തിരുന്നു.ബംഗളൂരുവിലെ കോടതിയിൽ കൊണ്ടുപോകുന്നതിനിടെയാണു നിസാം മൊബൈൽ ഫോൺ ഉപയോഗിച്ചതെന്നാണ് ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.