കോട്ടയത്തു വൻ കള്ളനോട്ടുസംഘം പിടിയിൽ
കോട്ടയത്തു വൻ കള്ളനോട്ടുസംഘം പിടിയിൽ
Sunday, October 23, 2016 12:52 PM IST
തിരുവല്ല: പത്തു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി കോട്ടയം സ്വദേശികൾ മല്ലപ്പള്ളിയിൽ പോലീസിന്റെ പിടിയിലായി. കോട്ടയം വൈക്കം പള്ളിപ്പുറത്തുശേരി ഭൂതനേഴം ചെട്ടിയാം വീട്ടിൽ അനീഷ്(38), സുഹൃത്ത് വൈക്കം വടയാർ ആമ്പങ്കേരിതറ വീട്ടിൽ ഷിജു(41) എന്നിവരാണ് അറസ്റ്റിലായത്.

മല്ലപ്പള്ളി ടൗണിൽനിന്നു ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് അനീഷിനെ കസ്റ്റഡിയിലെടുത്തതെന്നു പോലീസ് പറഞ്ഞു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽനിന്ന് 6.10 ലക്ഷം രൂപയുടെ ആയിരത്തിന്റെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. നോട്ട് അച്ചടിക്കാൻ ആവശ്യമായ പ്രിന്റർ വാങ്ങി നൽകിയ ഷിജുവിനെ തലയോലപ്പറമ്പിൽനിന്നാണ് അറസ്റ്റ് ചെയ്തത്. അനീഷ് 2012ൽ ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ കടോദം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കള്ളനോട്ട് കേസിലെ പ്രതിയാണ്. മറ്റു രണ്ടു മലയാളികളോടൊപ്പം ഗുജറാത്തിൽ അറസ്റ്റിലായ അനീഷ് കഴിഞ്ഞ ജനുവരി 20നാണ് ജയിൽ മോചിതനായത്. അവിടെനിന്നു നാട്ടിലെത്തി പെയിന്റിംഗ് ജോലി ചെയ്തുവന്ന പ്രതിക്കു കള്ളനോട്ട് നിർമാണത്തിലുള്ള വൈദഗ്ധ്യം മനസിലാക്കിയ രണ്ടു സുഹൃത്തുക്കൾ കംപ്യൂട്ടറും പ്രിന്ററും വാങ്ങി നൽകി. വീടിനു സമീപത്തു കടമുറി വാടകയ്ക്കെടുത്തു സ്റ്റിക്കർ കട്ടിംഗിന്റെയും നമ്പർ പ്ലേറ്റ് നിർമാണത്തിന്റെയും മറവിൽ കള്ളനോട്ട് അടിച്ചു വിതരണം ചെയ്യുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

ആയിരം രൂപയുടെ കറൻസി നോട്ട് സ്കാൻ ചെയ്ത് സിഡിയിലാക്കി പ്രിന്റ് എടുക്കുകയാണ് പ്രതികൾ ചെയ്തുവന്നത്. 67 ആ എ 506, 508, 509, 566, 569, 588, 589, 596, 598, 688, 808, 809, 906, 908, 909, 966, 969, 988, 998 എന്നീ സീരിയലുകളിലുള്ള നോട്ടുകളാണ് അച്ചടിച്ചു വിതരണം ചെയ്തത്. കംപ്യൂട്ടർ ഗ്രാഫിക്സിൽ വിദഗ്ധനായ അനീഷ് ബികോം ബിരുദധാരിയാണ്. ഷിജുവിനെ അറസ്റ്റ് ചെയ്തു നടത്തിയ അന്വേഷണത്തിൽ തലയോലപ്പറമ്പിലെ ദേവി ഓട്ടോ മോബൈൽസ് സ്‌ഥാപനത്തിൽ ഒളിപ്പിച്ചിരുന്ന 2.87 ലക്ഷം രൂപയുടെ കള്ളനോട്ടും അനീഷിന്റെ സ്‌ഥാപനത്തിൽ ഒളിപ്പിച്ചിരുന്ന 39,000 രൂപയുടെ കള്ളനോട്ടുകളും ഇവ പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച ലാപ്ടോപ്, പ്രിന്റർ, ഡിവിഡി, കട്ടർ ബ്ലെയ്ഡ്, സ്കെയിൽ, പ്രത്യേകതരം പേപ്പർ, മഷി എന്നിവയെല്ലാം പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടു മാസമായി ലക്ഷക്കണക്കിനു രൂപയുടെ നോട്ടുകൾ അച്ചടിച്ചു വിതരണം ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്‌തമായതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.

ഒരേ നമ്പറിലുള്ള കുറേ നോട്ടുകൾ വീതം അച്ചടിച്ച ശേഷം അവസാനത്തെ മൂന്ന് അക്കങ്ങൾ മാറ്റി വീണ്ടും നോട്ടുകൾ അച്ചടിക്കുകയാണു പ്രതികൾ ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്‌തമായി. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. മൂന്നു പേർകൂടി നിരീക്ഷണത്തിലാണെന്നു പോലീസ് പറഞ്ഞു.


ഡിവൈഎസ്പി ആർ.ചന്ദ്രശേഖരൻപിള്ള, മല്ലപ്പള്ളി സിഐ കെ.സലിം, കീഴ്വായ്പൂര് എസ്ഐ ബി. രമേശൻ, എഎസ്ഐ രാജശേഖരൻ ഉണ്ണിത്താൻ, ഷാഡോ പോലീസുകാരായ അജികുമാർ, ബിജു മാത്യു, വിനോദ്, സുജിത്ത്, ഹരികുമാർ, വിത്സൺ, സലിം, സന്തോഷ്, സൈബർ സെല്ലിലെ സിപിഒ ശ്രീകുമാർ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.

ശബരിമല തിരക്കിൽ കള്ളനോട്ട് വിറ്റഴിക്കാൻ ശ്രമം

തിരുവല്ല: ശബരിമല തിരക്ക് മുൻനിർത്തി കള്ളനോട്ടുകൾ വിറ്റഴിക്കാനുള്ള ശ്രമം പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നടന്നതായി പോലീസിനു വിവരം ലഭിച്ചു. കഴിഞ്ഞദിവസം പന്തളത്ത് 1.25 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശിയെ പിടികൂടിയതിനു പിന്നാലെയാണു മല്ലപ്പള്ളിയിൽനിന്നു കള്ളനോട്ടുസംഘത്തെ പിടികൂടിയത്.

പന്തളത്തു ശനിയാഴ്ച പിടിയിലായ തമിഴ്നാട് രാമസ്വാമി നഗർ സ്വദേശി നഞ്ചിത് ചെട്ടിയാരെ (60) ശബരിമല തീർഥാടനകാലം ലക്ഷ്യമിട്ടാണു കള്ളനോട്ടുമായി എത്തിയതെന്നു കണ്ടെത്തിയിരുന്നു. 500 രൂപയുടെ മൂന്നു കെട്ടുകളുമായാണ് ഇയാൾ വ്യാജനോട്ടുകൾ എത്തിച്ചിരുന്നത്. കള്ളനോട്ടിന്റെ ഉറവിടവും തമിഴ്നാടാണെന്നു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ മല്ലപ്പള്ളിയിൽ കണ്ടെത്തിയ നോട്ടുകൾ കേരളത്തിൽതന്നെ നിർമിച്ചതാണെന്നും കണ്ടെത്തി. കോട്ടയം വൈക്കം പള്ളിപ്പുറത്തുശേരി ഭൂതനേഴം ചെട്ടിയാം വീട്ടിൽ അനീഷ്(38), സുഹൃത്ത് വൈക്കം വടയാർ ആമ്പങ്കേരിതറ വീട്ടിൽ ഷിജു(41) എന്നിവരാണ് അറസ്റ്റിലായത്.

ഗുജറാത്തിൽ ജോലി ചെയ്തിരുന്ന അനീഷ് നേരത്തെയും കള്ളനോട്ട് കേസിൽ കുടുങ്ങിയിട്ടുണ്ട്. നോട്ട് അച്ചടിക്കാൻ ഇയാൾക്കുള്ള വൈദഗ്ധ്യം തിരിച്ചറിഞ്ഞ് സുഹൃത്തുക്കളുമായി ചേർന്ന് 1,000 രൂപയുടെ നോട്ട് അച്ചടിച്ചു വിപണനം നടത്തിവരികയായിരുന്നു. 500ന്റെ നോട്ട് അടിക്കാൻ ശ്രമിച്ചെങ്കിലും കളർ ചേരാതെ വന്നതോടെ ആ ശ്രമം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇവർ നിർമിച്ച കള്ളനോട്ടുകൾ വിപണിയിലുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സീരിയൽ നമ്പരുകളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പു കാലഘട്ടത്തിലും ശബരിമല തിരക്കിലും നോട്ടുകൾ പ്രചരിപ്പിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഇത്തരം സംഘങ്ങൾ സജീവമാകാറുണ്ട്. ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പോലീസ് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.