സന്ധ്യ ജസ്റ്റീസ് കട്ജുവിനെ സന്ദർശിച്ചതു ശരിയായില്ല: എജി
സന്ധ്യ ജസ്റ്റീസ് കട്ജുവിനെ സന്ദർശിച്ചതു ശരിയായില്ല: എജി
Sunday, October 23, 2016 12:52 PM IST
കൊച്ചി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് എഡിജിപി ബി.സന്ധ്യ റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് മാർക്കണ്ഡേയ കട്ജുവിനെ സന്ദർശിച്ചതു ശരിയായില്ലെന്ന് അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്. സ്വന്തം ഇഷ്‌ടപ്രകാരമായിരിക്കും കട്ജുവിനെ കാണാൻ എഡിജിപി പോയത്. ഇക്കാര്യത്തിൽ സർക്കാരിനോ സർക്കാർ അഭിഭാഷകർക്കോ പങ്കില്ല. എങ്കിലും എഡിജിപിയുടെ സന്ദർശനം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് അഡ്വക്കറ്റ് ജനറൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

വിഷയത്തിൽ ജസ്റ്റീസ് കട്ജു നേരത്തേതന്നെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുള്ളതാണ്. കേസ് കൈകാര്യം ചെയ്യാൻ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അദ്ദേഹം നോക്കും. സുപ്രീംകോടതിയിൽ സർക്കാരിനുവേണ്ടി അറ്റോർണി ജനറലാണു ഹാജരാകുന്നത്. സ്പെഷൽ പ്രോസിക്യൂട്ടറെ ഡൽഹിക്കയച്ചതു സർക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനു കേസുമായി ബന്ധപ്പെട്ട സഹായം ആവശ്യമുള്ളതിനാലാണ്. അറ്റോർണി ജനറലിനെ തന്നെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ ഇക്കാര്യത്തിൽ റിട്ട. ജഡ്ജിയുടെ നിയമോപദേശം തേടേണ്ട ആവശ്യമില്ല. ആരെങ്കിലും പോയി ആരെയെങ്കിലും കണ്ടതിനു കോടതിയിൽ പ്രസക്‌തിയില്ല. അക്കാര്യം പരിഗണിച്ചല്ല, മറിച്ചു കേസിന്റെ മർമവും സർക്കാർ അഭിഭാഷകന്റെ വാദവും അടിസ്‌ഥാനമാക്കിയാണു ജഡ്ജിമാർ കേസ് കൈകാര്യം ചെയ്യുന്നതെന്നും സുധാകര പ്രസാദ് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.