ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയ കേസ്: അന്വേഷണം വൈകുന്നെന്ന് ആരോപണം
Monday, October 24, 2016 12:37 PM IST
കോട്ടയം: ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയ കേസിൽ അന്വേഷണം വൈകുന്നെന്ന ആരോപണവുമായി അക്കൗണ്ട് ഉടമ. കോട്ടയം അരീപ്പറമ്പ് മൂലക്കുന്നേൽ സുഭാഷ്കുമാർ എന്ന പ്രവാസി മലയാളിയുടെ പണമാണ് ഒരുവർഷം മുമ്പു നഷ്ടപ്പെട്ടത്. അബുദാബിയിൽ ജോലി ചെയ്യുന്ന സുഭാഷ്കുമാർ അവിടുത്തെ എഡിസിബി ബാങ്കിൽനിന്നു 9,67,000 രൂപ ലോൺ എടുത്തിരുന്നു. ഇത് ഐസിഐസി ബാങ്കിലുള്ള തന്റെ എൻആർഐ അക്കൗണ്ടിൽ ഇട്ടിരുന്നു. ഈ തുകയാണ് നാല് തവണകളായി പിൻവലിക്കപ്പെട്ടത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ അക്കൗണ്ട് പരിശോധിച്ചപ്പോഴാണു പണം നഷടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ബാങ്ക് അധികൃതരെ സമീപിച്ചപ്പോൾ ഇ മെയിൽ ഹാക്ക് ചെയ്ത് പണം തട്ടിയതെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ, ആരാണു പണം തട്ടിയതെന്നും ഇവർ എവിടുത്തുകാരണെന്നും ബാങ്ക് അധികൃതർ പറഞ്ഞില്ല. എൻആർഐ അക്കൗണ്ടിൽ പണം ട്രാൻസാക്ഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ഇ–മെയിൽ സന്ദേശത്തിലൂടെയാണ് അറിയിക്കുന്നത്. ഇതിനു വേണ്ടിയാണ് ഇ–മെയിൽ ഹാക്ക് ചെയ്തത്. മുംബൈയിൽ ഓപ്പൺ ചെയ്യാവുന്ന രീതിയിലുള്ള എൻആർഐ അക്കൗണ്ടാണു സുഭാഷിനുള്ളത്. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതനെത്തുടർന്നു ബാങ്ക് നോഡൽ ഓഫീസർക്കും ആർബിഐയ്ക്കും ഓംബുഡ്സ്മാനും പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് പോർട്ടലിലും സുഭാഷ് കുമാർ പരാതി നൽകി. എന്നാൽ, അന്വേഷണം നടക്കുന്നു എന്ന കാരണത്താൽ ഈ പരാതി ബാങ്ക് അധികൃതർ പിൻവലിച്ചിരുന്നു. ഒരു വർഷമായിട്ടും അക്കൗണ്ടിൽ നിന്ന് എങ്ങനെ പണം നഷ്‌ടപ്പെട്ടെന്ന് കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും ഇതിൽ ഒളിച്ചു കളി നടത്തുകയാണെന്നും തനിക്ക് നഷ്‌ടമായ തുക ഉടൻ നൽകാൻ ബാങ്ക് അധികൃതർ തയാറാകണമെന്നും സുഭാഷ് കുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.