മന്ത്രി ബാലനെ മാറ്റാൻ ഒപ്പുശേഖരണം നടത്തും: ഗീതാനന്ദൻ
Monday, October 24, 2016 12:37 PM IST
കൊച്ചി: സ്ത്രീ ആദിവാസി ദളിത് വിരുദ്ധ പരാമർശം നടത്തിയ മന്ത്രി എ.കെ.ബാലനെ പദവിയിൽനിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കാമ്പയിൻ നടത്തുമെന്നു ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പരാതി സമർപ്പിക്കാനായി 10 ലക്ഷം പേരുടെ ഒപ്പുകൾ ശേഖരിക്കും. ഗുജറാത്ത് സമര നേതാവ് ജിഗ്നേഷ് വെമാനിയുടെ നേതൃത്വത്തിൽ കേരളത്തിൽ തുടക്കം കുറിക്കുന്ന നവജനാധിപത്യ പ്രസ്‌ഥാനത്തിന്റെ വക്‌താക്കൾ, ഗോത്രമഹാസഭ, ദളിത് ആദിവാസി പൗരാവകാശ സമിതി സംഘടനകൾ, നവ മാധ്യമ കൂട്ടായ്മകൾ, സ്ത്രീപക്ഷ സംഘടനകൾ എന്നിവർ മുൻകൈയെടുത്താണു കാമ്പയിനിനു തുടക്കംകുറിക്കുന്നത്. സ്ത്രീകളെയും ആദിവാസി ദളിത് വിഭാഗങ്ങളെയും അവഹേളിക്കുന്നവരെ ഭരണഘടനാപദവിയിൽനിന്നു നീക്കം ചെയ്യേണ്ടതു നിയമസഭയുടെ ബാധ്യതയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇമെയിൽ, വാട്ട്സ് ആപ്, ഫേസ്ബുക്ക് എന്നിവയിലേക്ക് സന്ദേശം അയച്ചും നിവേദനം പോസ്റ്റുചെയ്തും കാമ്പയിൻ സജീവമാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.


ജനങ്ങളെ തമ്മിലടിപ്പിച്ചു നേട്ടം കൊയ്യുന്ന രാഷ്ട്രീയ തന്ത്രമാണു ബിജെപിയും സിപിഎമ്മും പയറ്റുന്നതെന്നു ഗീതാനന്ദൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.