കണ്ണൂരിൽ ശാന്തിഗീതവുമായി സംഗീതജ്‌ഞരുടെ കൂട്ടായ്മ
കണ്ണൂരിൽ ശാന്തിഗീതവുമായി  സംഗീതജ്‌ഞരുടെ കൂട്ടായ്മ
Monday, October 24, 2016 12:44 PM IST
കണ്ണൂർ: അശാന്തിയിൽ കണ്ണീർ പൊഴിക്കുന്ന കണ്ണൂരിന്റെ മനോവ്യഥ വിവരിച്ചു സമാധാനം തിരിച്ചെടുക്കാൻ സമൂഹത്തോട് ആഹ്വാനം ചെയ്യുന്ന ശാന്തിഗീതവുമായി പ്രശസ്തരായ സിനിമാ സംഗീതജ്‌ഞരുടെ കൂട്ടായ്മ. രാഷ്ട്രീയ പാർട്ടികൾ സമാധാനത്തിന്റെ പാതയിലേക്കു മാറി ചിന്തിക്കേണ്ടതിന്റെ ആവശ്യകതയാണു ഗാനത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. ഗാനങ്ങളിലെ വരികളിലൂടെ ആയുധങ്ങൾ താഴെവച്ച് ആശയങ്ങൾ കൊണ്ടു പോരാടേണ്ടതിന്റെയും നരവേട്ടയ്ക്കെതിരായി സമൂഹം ചിന്തിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിൽ പ്രിയപ്പെട്ടവരുടെ മരണം മൂലം അവരുടെ കുടുംബം അനുഭവിക്കുന്ന വേദനയും ദുരവസ്‌ഥയുമാണ് ഗാനത്തിനു പ്രമേയം.

സാമൂഹ്യപ്രസക്‌തിയുള്ള ഈ ഗാനത്തിനു സിനിമാ സംഗീത സംവിധായകരായ ബേണി –ഇഗ്നേഷ്യസാണ് സംഗീതം പകർന്നത്. തേന്മാവിൻ കൊമ്പത്ത് മുതൽ വെൽകം ടു സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ള മലയാളത്തിലെ ഹിറ്റ് സിനിമകൾക്ക് ഈണം പകർന്ന ടീം ആണ് ബേണി, ഇഗ്നേഷ്യസ്. കണ്ണൂർ ബക്കളം സ്വദേശി ഷാജി സ്റ്റീഫനാണു രചന. പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണനാണ് ആലപിക്കുന്നത്. കണ്ണൂർ പീസ് ഫോറം പ്രസിഡന്റ് റവ.ഡോ. സ്കറിയ കല്ലൂരാണു നിർമാണം. പ്രതിഫലം വാങ്ങാതെയാണു ബേണി ഇഗ്നേഷ്യസും ബിജു നാരായണനും ഉൾപ്പെടെയുള്ളവർ ഈ ശാന്തിഗാനത്തിനായി പ്രവർത്തിച്ചത്. അതിനാൽ സാങ്കേതികമായ ആവശ്യങ്ങൾക്കുള്ള പണം മാത്രമാണു ഗാനം പുറത്തിറക്കുന്നതിനായി വേണ്ടിവന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. കണ്ണൂരിന്റെ മണ്ണിൽ നടന്ന ചില കൊലപാതകങ്ങൾ മൂലം ഇതര ജില്ലക്കാർക്കിടയിൽ തോന്നിക്കുന്ന പരിഹാസവും പേടിയും തിരിച്ചറിഞ്ഞാണ് ഇത്തരത്തിൽ ഒരു പാട്ടെഴുതാൻ നിമിത്തമായതെന്നു ഷാജി സ്റ്റീഫൻ പറയുന്നു. ആയിരത്തിലധികം ക്രൈസ്തവ ആൽബങ്ങൾക്കും നിരവധി സീരിയലുകൾക്കും ഇദ്ദേഹം പാട്ടെഴുതിയിട്ടുണ്ട്. എറണാകുളം റിയാൻ സ്റ്റുഡിയോയിലാണു ഗാനത്തിന്റെ റിക്കാർഡിംഗ് പൂർത്തിയാക്കിയത്. കണ്ണൂരിൽ ഇന്നു നടക്കുന്ന സ്നേഹ സംഗമ പരിപാടിയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി ശാന്തിഗീതം പ്രകാശനംചെയ്യും. ഗാനത്തിന്റെ ദൃശ്യാവിഷ്കാരം അടുത്ത ദിവസംതന്നെ കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ഷാജി സ്റ്റീഫൻ തന്നെയാണ് ഇതിന്റെ സംവിധാനവും നിർവഹിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.