തീവ്രവാദത്തിനെതിരേ യുവാക്കൾ പ്രതിജ്‌ഞയെടുക്കണം: മാർ ക്ലീമിസ് ബാവ
തീവ്രവാദത്തിനെതിരേ യുവാക്കൾ പ്രതിജ്‌ഞയെടുക്കണം: മാർ ക്ലീമിസ് ബാവ
Monday, October 24, 2016 12:44 PM IST
പെരുവന്താനം: തീവ്രവാദത്തിനെതിരേ യുവാക്കൾ പ്രതിജ്‌ഞയെടുത്താൽ ഇന്ത്യ ലോകരാജ്യങ്ങളെ നിയന്ത്രിക്കുന്ന ശക്‌തിയാകുമെന്നു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.

നിരപ്പേൽ ട്രസ്റ്റും സെന്റ് ആന്റണീസ് കോളജും ചേർന്നു ഏർപ്പെടുത്തിയ നിരപ്പേൽ മതസൗഹാർദ അവാർഡ് സ്വീകരിച്ചശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഈ അവാർഡ് ജീവിതത്തിലെ വലിയ ഭാഗ്യമാണ്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനുമല്ല നാം ഭാരതീയരാണെന്നുള്ള ദർശനവും നമ്മുടേത് ആയുധസംസ്കാരമല്ല ആർഷഭാരതസംസ്കാരമാണെന്നും ഭാരതത്തിന്റേതുപോലുള്ള സംസ്കാരം ലോകത്തിലില്ലെന്നും അതു തകർന്നു പോകാൻ അനുവദിക്കില്ലെന്നുമുള്ള മനോഭാവ മാണു നമുക്കു വേണ്ട തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ കോളജ് ഡയറക്ടർ റവ.ഡോ. ആന്റണി നിരപ്പേൽ അധ്യക്ഷത വഹിച്ചു. മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം അര ലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന പുരസ്കാരം മാർ ക്ലീമിസ് ബാവയ്ക്കു സമ്മാനിച്ചു.

രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. റോമിൽ കർദിനാളായി വാഴിക്കപ്പെടുന്ന ചടങ്ങിൽ പാളയം ഇമാമിനെയും ശാന്തിഗിരി മഠാധിപതിയെയും കൊണ്ടുപോയതു മാർ ക്ലീമിസ് ബാവയുടെ മതസൗഹാർദ മനോഭാവം വെളിവാക്കുന്നുവെന്ന് പി.ജെ. കുര്യൻ പറഞ്ഞു.


സെന്റ് ആന്റണീസ് കോളജുകളുടെ സെക്രട്ടറി ഡോ. ലാലിച്ചൻ കല്ലമ്പള്ളി ആമുഖ പ്രഭാഷണം നടത്തി. സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റർ റവ.ഡോ. തോമസ് കെ. ഉമ്മൻ, ശ്രീവിദ്യാധിരാജ സേവാശ്രമം അധിപൻ ദിവ്യശീ അഭയാനന്ദ തീർഥപാദർ, പെരുവന്താനം ജുമാ മസ്ജിദ് ഇമാം പി.കെ. മുഹമ്മദ് മൗലവി അൽകൗസരി തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തി. എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെംബർ ഡോ. കെ. അലക്സാണ്ടർ, ഫാ. ഫിലിപ്പ് വട്ടമറ്റം, സെന്റ് ആന്റണീസ് കോളജ് ഫിനാൻസ് ഓഫീസർ റ്റിജോമോൻ ജേക്കബ്, പിആർഒ ജോസ് ആന്റണി, ഡയറക്ടർ ബോർഡംഗം സി.ജെ. തോമസുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. നിരപ്പേൽ ട്രസ്റ്റ് സെക്രട്ടറി ജോസ് കൊച്ചുപുര സ്വാഗതവും പ്രിൻസിപ്പൽ പ്രഫ. ബാബു ജോസഫ് നന്ദിയും രേഖപ്പെടുത്തി.

ദേശീയബോധവും മതസൗഹാർദവും ഊട്ടിയുറപ്പിക്കാൻ മാനവികത ഉറപ്പു വരുത്തി മനുഷ്യ സേവനത്തെ ഈശ്വര സേവയായി പരിഗണിച്ചു സമൂഹത്തിൽ അതു നടപ്പിൽ വരുത്തുകയും ചെയ്യുന്ന വ്യക്‌തിത്വങ്ങളെ ആദരിക്കുക എന്നത് ലക്ഷ്യമിട്ടാണ് നിരപ്പേൽ മത സൗഹാർദ അവാർഡ് നൽകി വരുന്നത്. സെന്റ് ആന്റണീസ് കോളജും നിരപ്പേൽ ട്രസ്റ്റും സംയുക്‌തമായാണ് ഈ അവാർഡ് സംഘടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.