റബർ ഡീലേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രിക്കു നിവേദനം നൽകി
Monday, October 24, 2016 12:49 PM IST
കോട്ടയം: റബർ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാശ്യപ്പെട്ട് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രിക്കു നിവേദനം നൽകി. റബർ വ്യാപാരികളും വ്യാപാരരംഗത്ത് ജോലിയെടുക്കുന്നവരും നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണു നിവേദനം നൽകിയത്. റബർ ഉത്പാദനം പൂർണമായ തോതിൽ നടക്കുന്ന സമയത്തു പോലും വ്യവസായികൾ ഇറക്കുമതി തുടരുകയും ആഭ്യന്തരവിപണിയിൽനിന്നു റബർ വാങ്ങുന്നതു പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ഇതുമൂലം റബർ വില കുത്തനെ ഇടിയുകയാണ്. വ്യവസായികൾ റബർ വാങ്ങുന്നതിന്റെ അളവു കുറഞ്ഞതോടെ റബർ കടകളുടെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്. ഇതോടെ റബർ വ്യാപാരികളും ഈ മേഖലയിലെ തൊഴിലാളികളും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. നിലവിലത്തെ വിദേശവിലയ്ക്കു റബർ ഇറക്കുമതി ചെയ്യുമ്പോൾ വ്യവസായികൾക്കു 150 രൂപയോളം ചെലവു വരുന്നുണ്ട്. ക്രംമ്പ് റബറിനു 135 രൂപയും ചെലവുണ്ട്. എന്നാൽ വ്യവസായികൾ ഇവിടെനിന്നും റബർ വാങ്ങുന്നതു പരിമിതപ്പെടുത്തിയിരിക്കുന്നതിനു പുറമെ വാങ്ങുന്ന റബറിനു നൽകുന്നതു 116 രൂപയുമാണ്. ഇവിടെ റബർ കൃഷി നിലനിൽക്കേണ്ടതു വ്യവസായികളുടെ കൂടി ആവശ്യമാണ്. സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും റബർ ഉത്പാദനം പൂർണതോതിൽ നടക്കുന്ന മാസങ്ങളിൽ ഇറക്കുമതി കുറച്ച് ആഭ്യന്തര വിപണിയിൽനിന്നു വിദേശ വിലയ്ക്കു ആനുപാതികമായ വിലയ്ക്കു റബർ വാങ്ങാൻ വ്യവസായികളുടെമേൽ സമ്മർദം ചെലുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ടോമി കുരിശുംമൂട്ടിൽ, വൈസ്പ്രസിഡന്റുമാരായ വിൻസെന്റ് ഏബ്രഹാം, മാത്യു ഏബ്രഹാം, ജനറൽ സെക്രട്ടറി പോൾ ലൂയിസ്, ട്രഷറാർ സണ്ണി ജോൺ, ജോയിന്റ് സെക്രട്ടറി കെ. സുധാകരൻ, ലിയാഖത്ത് അലിഖാൻ, സി.ജെ. അഗസ്റ്റിൻ എന്നിവർ ചേർന്നാണു നിവേദനം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.