ശങ്കർ റെഡ്ഢിക്കെതിരേ വിജിലൻസ് അന്വേഷണം തുടരാം: ഹൈക്കോടതി
ശങ്കർ റെഡ്ഢിക്കെതിരേ വിജിലൻസ് അന്വേഷണം തുടരാം: ഹൈക്കോടതി
Monday, October 24, 2016 1:00 PM IST
കൊച്ചി: ബാർ കോഴക്കേസിന്റെ അന്വേഷണം അട്ടിമറിച്ചെന്ന പരാതിയിൽ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡിക്കെതിരേ വിജിലൻസ് കോടതി ഉത്തരവിട്ട പ്രാഥമികാന്വേഷണം തുടരാമെന്നു ഹൈക്കോടതി വ്യക്‌തമാക്കി. പ്രാഥമികാന്വേഷണത്തിനെതിരേ ശങ്കർ റെഡ്ഢി നൽകിയ ഹർജി പരിഗണിക്കവേയാണു സിംഗിൾ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

അതേസമയം, വിജിലൻസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് നൽകിയ റിപ്പോർട്ടിലെ ശങ്കർ റെഡ്ഢിയെക്കുറിച്ചുള്ള പ്രതികൂല പരാമർശങ്ങൾ വിജിലൻസ് കോടതിയുടെ ഉത്തരവിൽ ഉൾപ്പെടുത്തിയതു ഹൈക്കോടതി റദ്ദാക്കി. ശങ്കർ റെഡ്ഢിക്കെതിരായ അന്വേഷണം നീതിയുക്‌തമാകണമെന്നും അന്വേഷണ ഉദ്യോഗസ്‌ഥനും വിജിലൻസ് ഡയറക്ടറും പ്രതികാര ബുദ്ധിയോടെ അന്വേഷണത്തെ സമീപിക്കരുതെന്നും ഉത്തരവിൽ പറയുന്നു.

ബാർ കോഴക്കേസിന്റെ അന്വേഷണം അട്ടിമറിച്ചെന്ന പരാതിയിൽ കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിച്ചാണു വിജിലൻസ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഇതു നിയമപരമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഇതിൽ അപാകതയില്ലെന്നു സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.


വിജിലൻസ് ഡയറക്ടർക്കു തന്നോടു മുൻവൈരാഗ്യമുള്ളതിനാൽ അന്വേഷണം ശരിയായി നടക്കില്ലെന്ന ശങ്കർ റെഡ്ഢിയുടെ ഹർജിയിലെ ആരോപണത്തിനു പ്രാഥമികാന്വേഷണം നടത്തുന്ന ഉദ്യോഗസ്‌ഥനെതിരേ ഹർജിയിൽ പരാതിയില്ലെന്നു സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.

വിജിലൻസ് കോടതിയിലെ പരാതിക്കാരൻ പോലീസിനെ സമീപിക്കാതെ കോടതിയെ നേരിട്ടു സമീപിച്ചതിനെയും ഹർജിയിൽ ചോദ്യംചെയ്തിരുന്നു. ഉന്നതനും സീനിയറുമായ പോലീസ് ഉദ്യോഗസ്‌ഥനെതിരേ പോലീസിൽ പരാതി നൽകുന്നതിൽ പ്രയോജനമില്ലെന്ന ധാരണയിലാകും പരാതിക്കാരൻ കോടതിയെ സമീപിച്ചതെന്നും ഇതിൽ അപാകതയില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.