നിസാം: പ്രതിപക്ഷനേതാവിനു വധഭീഷണിയെപ്പറ്റി പോലീസ് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി
നിസാം: പ്രതിപക്ഷനേതാവിനു വധഭീഷണിയെപ്പറ്റി പോലീസ് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി
Monday, October 24, 2016 1:00 PM IST
തിരുവനന്തപുരം: നിസാമിനെതിരേ സംസാരിച്ചാൽ പ്രതിപക്ഷ നേതാവിനെ വധിക്കുമെന്നു ചൂണ്ടിക്കാട്ടിയുള്ള ഭീഷണി സന്ദേശങ്ങൾ തുടർച്ചയായി ലഭിച്ചതായി പരാതി. ദുബായ് കേന്ദ്രമാക്കിയുള്ള അധോലോക രാജാവ് ഡോൺ രവി പൂജാരിയുടെ പേരിലുള്ള ഇ– മെയിൽ സന്ദേശമാണ് ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവിനു ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇന്റർനെറ്റ് ഫോൺ വഴിയുള്ള ഭീഷണിയും കത്തുകളും ഇതു സംബന്ധിച്ചു ലഭിച്ചിരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവിനു വധഭീഷണി ഉയർന്ന സാഹചര്യത്തിൽ ഗൗരവതരമായ പോലീസ് അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സൈബർ സെല്ലിന്റെയും മറ്റും സഹായത്തോടെ അന്വേഷണം നടത്തും. എന്നാൽ, ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെതിരേ പ്രതിപക്ഷ നേതാവ് കാര്യമായ പ്രസ്താവന നടത്തിയില്ലല്ലോ എന്ന സംശയവും മുഖ്യമന്ത്രി പങ്കുവച്ചു.

ഇന്നലെ അടിയന്തര പ്രമേയത്തിന്റെ അവതരണ വേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനാണു പ്രതിപക്ഷ നേതാവിനു വധഭീഷണി സന്ദേശം ലഭിച്ച വിവരം സഭയെ അറിയിച്ചത്. തുടർന്നു രമേശ് ചെന്നിത്തല ഇതു സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇന്റർനെറ്റ് ഫോൺ വഴിയും കത്തു മുഖേനയും ഭീഷണി സന്ദേശമെത്തി. ഡോൺ രവി പൂജാരിയുടെ സന്ദേശം എത്തിയതോടെയാണ് ഇക്കാര്യം ഗൗരവമായി കണ്ടതെന്നും മുഖ്യമന്ത്രിക്കു പരാതി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, കണ്ണൂർ സെൻട്രൽ ജയിലിൽ ചട്ടവിരുദ്ധമായി മൊബൈൽ ഫോൺ ഉപയോഗിച്ച തടവുകാരൻ മുഹമ്മദ് നിസാമിന്റെ ഫോൺരേഖകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രബോസിന്റെ വിധവ ജമന്തി മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. ഇന്നലെ രാവിലെ നിയമസഭയിലെ ഓഫീസിലെത്തിയാണ് ജമന്തിയും ബന്ധുക്കളും പരാതി നൽകിയത്.


ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും നിസാം ജയിലിൽ സുഖവാസത്തിലാണെന്ന് അവർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ജയിലിനുള്ളിൽ നിസാമിന് സുഖസൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജയിൽ അധികൃതരുടെ ഒത്താശയോടെയാണു നിസാം എതിരാളികളെ വിരട്ടുന്നത്. കേസിൽ അനുകൂലവിധി നേടിയെടുക്കാൻ നിസാം ഏതറ്റം വരെയും പോകും. തനിക്കും കുടുംബത്തിനും ഭീഷണി നിലനിൽക്കുന്നുണ്ടെന്നും അവർ മുഖ്യമന്ത്രിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.