വൈദ്യുതി തടസം ഇനി എസ്എംഎസ് വഴി അറിയാം; പരാതി പറയാൻ ടോൾഫ്രീ നമ്പരും
വൈദ്യുതി തടസം ഇനി എസ്എംഎസ് വഴി അറിയാം; പരാതി പറയാൻ ടോൾഫ്രീ നമ്പരും
Tuesday, October 25, 2016 1:06 PM IST
തിരുവനന്തപുരം: വൈദ്യുതി തടസം മുൻകൂട്ടി അറിയിക്കാൻ ഊർജദൂത് എന്ന പേരിൽ എസ്എംഎസ് സംവിധാനവും പരാതി രജിസ്റ്റർ ചെയ്യാൻ ടോൾഫ്രീ നമ്പരും നിലവിൽ വന്നു. വൈദ്യുതി ബോർഡ് ആസ്‌ഥാനത്തു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതികൾ ആവിഷ്കരിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും ജീവനക്കാർ വിജയിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മുമ്പു വൈദ്യുതി മന്ത്രിയായിരിക്കേ സിംഗപ്പൂർ വൈദ്യുതി ബോർഡ് ഓഫീസ് സന്ദർശിച്ചു. ഫോണിൽ ബെല്ലടിച്ചാൽ മൂന്നാമത്തെ ബെല്ലടിക്കുന്നതിനു മുമ്പേ അവിടെ ജീവനക്കാർ ഫോൺ എടുക്കും. വൈദ്യുതി തടസം അറിഞ്ഞാൽ ഉടനെത്തി തടസം നീക്കാൻ യുദ്ധസന്നദ്ധരായി വാഹ നവുമായി കാത്തുനിൽക്കുന്ന ജീവനക്കാരെയാണ് അവിടെ കാണാൻ കഴിഞ്ഞത്. ഫോൺ ബെല്ലടിച്ചാൽ എടുക്കുന്ന ശീലം നമ്മുടെ പല ഓഫീസുകളിലും കുറവാണ്. ഈ സാഹചര്യത്തിലാണ് ടോൾഫ്രീ നമ്പരിൽ വിളിച്ചാൽ ഫോണെടുക്കാൻ 50 പേരെ നിയോഗിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വൈദ്യുതി ആവശ്യം നിറവേറ്റാൻ വൻകിട പദ്ധതികൾ ആവശ്യമാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഫീൽഡിൽ ജോലി ചെയ്യാത്ത ധാരാളം പേർ ഓഫീസിൽ ജോലി നോക്കുന്നു. ഈ സ്‌ഥിതിക്കു മാറ്റംവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മേയർ വി.കെ. പ്രശാന്ത്, കെഎസ്ഇബി ഡയറക്ടർ ഡോ.വി. ശിവദാസൻ എന്നിവർ പ്രസംഗിച്ചു. കെഎസ്ഇബി ഡയറക്ടർ എൻ. വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ ഡോ.കെ. ഇളങ്കോവൻ സ്വാഗ തവും ഡയറക്ടർ എൻ.എസ്.പിള്ള നന്ദിയും പറഞ്ഞു.


പട്ടം വൈദ്യുതി ഭവനുമുകളിൽ പരീക്ഷണാടിസ്‌ഥാനത്തിൽ സ്‌ഥാപിച്ച 300 വാട്ട് സ്‌ഥാപിതശേഷിയുള്ള മൂന്ന് കാറ്റാടി യന്ത്രങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. 2.38 ലക്ഷം രൂപ ചെലവിൽ നിർമിച്ച കാറ്റാടി യന്ത്രത്തിൽ നിന്ന് ദിവസേന ആറ് യൂണിറ്റ് വൈദ്യുതിവരെ ലഭിക്കുന്നുണ്ട്. പദ്ധതി വിജയിച്ചാൽ കേരളത്തിലെ വീടുകളിൽ പ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

ടോൾഫ്രീ നമ്പർ 24 മണിക്കൂറും പ്രവർത്തിക്കും; വാട്സ് ആപ് വഴിയും പരാതി നൽകാം

തിരുവനന്തപുരം: വൈദ്യുതി ശൃംഖലയിൽ മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന അറ്റകുറ്റപ്പണിമൂലമുള്ള വൈദ്യുതി തടസം ‘വൈദ്യുതി ദൂതു‘ പദ്ധതി വഴി എസ്എംഎസായി ലഭിക്കും. പെട്ടെന്നു വൈദ്യുതി തടസമുണ്ടായാൽ എപ്പോൾ വൈദ്യുതി ലഭിക്കുമെന്ന കാര്യവും എസ്എംഎസ് വഴി സന്ദേശം ലഭിക്കും. ഊർജ സൗഹൃദ പദ്ധതിവഴി പിഴകൂടാതെ ബില്ലടയ്ക്കേണ്ട തീയതി, പിഴയോടുകൂടി ബില്ലടയ്ക്കേണ്ട തീയതി എന്നിവ എസ്എംഎസ് ആയും മൊബൈൽ ഫോൺവഴിയും ഇ മെയിൽ വഴിയും ലഭ്യമാക്കും. പണമടയ്ക്കേണ്ട അവസാന തീയതി ഓർമപ്പെടുത്തുന്ന എസ്എംഎസും നൽകും.

24 മണിക്കൂറും പ്രവർത്തിക്കുന്ന 1912 എന്ന ടോൾ ഫ്രീ നമ്പർ പ്രവർത്തിക്കും. കേരളത്തിലെ ഏതു ടെലിഫോൺ നെറ്റ്വർക്കിൽ നിന്നു വിളിക്കുന്നതും സൗജന്യമായിരിക്കും.

വാട്സ് ആപ്പ് വഴിയും പരാതി നൽകാം. 9496001912 എന്ന നമ്പരിലേക്ക് പരാതികളും ബന്ധപ്പെട്ട രേഖകളും 13 അക്ക കൺസ്യൂമർ നമ്പർ ഉൾപ്പെടെ അയയ്ക്കാം. പരാതി രേഖപ്പെടുത്തിയശേഷം പരാതി നമ്പർ എസ്എംഎസ് ആയി ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.