അശാന്തിയുടെ മണ്ണിൽ മാനവിക സന്ദേശവുമായി സ്നേഹസംഗമം
അശാന്തിയുടെ മണ്ണിൽ മാനവിക സന്ദേശവുമായി സ്നേഹസംഗമം
Tuesday, October 25, 2016 1:21 PM IST
കണ്ണൂർ: സംഘർഷങ്ങളും കൊലപാതകങ്ങളുംകൊണ്ട് അശാന്തിയുടെ വിത്തുകൾ പാകിയ കണ്ണൂരിന്റെ മണ്ണിൽ അഹിംസയുടെയും സ്നേഹത്തിന്റെയും മാനവിക സന്ദേശമുയർത്തി നടന്ന സ്നേഹസംഗമം ശ്രദ്ധേയമായി. രാഷ്ട്രീയകൊലവിളികളും രക്‌തച്ചൊരിച്ചിലുകളും കണ്ടും കേട്ടും മനസിടറിയ കണ്ണൂരിനു മനുഷ്യസ്നേഹത്തിന്റെ ഉണർത്തുപാട്ടായി ഈ സംഗമവേദി മാറി.

കണ്ണൂരിന്റെ കണ്ണീരൊപ്പാൻ ജാതി–മത–രാഷ്ട്രീയ ചിന്തകൾക്കതീതമായ കൂടിച്ചേരലിനാണു കണ്ണൂർ ടൗൺ സ്ക്വയർ വേദിയായത്. രാഷ്ട്രീയപ്പകയിൽ മകനും സഹോദനും ഭർത്താവും നഷ്‌ടപ്പെട്ടു കുടുംബങ്ങളിൽനിന്നും ഇനിയും തേങ്ങലുകൾ ഉയരരുതെന്നു പ്രഖ്യാപിച്ചാണു കണ്ണൂർ പൗരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹസംഗമം അവസാനിച്ചത്.

സാമൂഹിക–സാംസ്കാരിക– ആത്മീയ രംഗങ്ങളിലുള്ള മുപ്പതോളം സംഘടനകളുടെ ആഭിമുഖ്യത്തിൽ സമസ്ത ജനവിഭാഗങ്ങളുടെയും സഹകരണത്തോടെയായിരുന്നു സ്നേഹസംഗമം സംഘടിപ്പിച്ചത്. അക്രമങ്ങളിലൂടെയുള്ള രക്‌തച്ചൊരിച്ചിലല്ല, സമാധാനത്തിനുവേണ്ടിയുള്ള രക്‌തദാനമാണു മഹത്തരമെന്ന സന്ദേശവുമായി ഇന്നലെ രാവിലെ ചേംബർ ഹാളിൽ രക്‌തദാന ക്യാമ്പ് നടന്നു. മാതാജി പ്രേംവൈശാലി ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഡോണേഴ്സ് കേരളയുടെ നേതൃത്വത്തിൽ വിവിധ രക്‌തബാങ്കുകളും ആശുപത്രികളും രക്‌തം ശേഖരിച്ചു. രക്‌തദാനത്തിനായി നൂറുകണക്കിനുപേർ എത്തിയിരുന്നു.


തുടർന്നു കണ്ണൂർ ടൗൺ സ്ക്വയറിൽ 101 പേർ പങ്കെടുത്ത ഉപവാസവും നടന്നു. തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഉപവാസം ഉദ്ഘാടനം ചെയ്തു.

ഉച്ചകഴിഞ്ഞു ടൗൺ സ്ക്വയറിൽ നിന്ന് ആരംഭിച്ച റാലി കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ഫ്ളാഗ് ഓഫ് ചെയ്തു. റാലി സ്റ്റേഡിയം ചുറ്റി ടൗൺസ്ക്വയറിൽ സമാപിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം സംഗീതജ്‌ഞനും ചലച്ചിത്രഗാന രചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സമാധാനസന്ദേശം ഉയർത്തിക്കാട്ടുന്ന കവിത ചൊല്ലിയായിരുന്നു ഉദ്ഘാടനം. കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കനിവിന്റെ കണ്ണൂർ, ഇനിയില്ല കണ്ണീർ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച സ്നേഹസംഗമം കണ്ണൂരിന്റെ മനസിലേക്കു മാനവിക സന്ദേശത്തിന്റെ ദീപം പകർന്നുനല്കിയാണ് സമാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.