ഖനനം മുഴുവൻ പൊതുമേഖലയിൽ നടപ്പാക്കും: മുഖ്യമന്ത്രി
ഖനനം മുഴുവൻ പൊതുമേഖലയിൽ നടപ്പാക്കും: മുഖ്യമന്ത്രി
Tuesday, October 25, 2016 1:21 PM IST
തിരുവനന്തപുരം: ധാതുമണലുൾപ്പെടെയുള്ള മുഴുവൻ ഖനനവും പൊതുമേഖലയിൽ നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. ഇതിനാവശ്യമായ നിയമങ്ങളും ചട്ടങ്ങളും ഫലപ്രദമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ധനാഭ്യർഥന ചർച്ചയ്ക്കു മറുപടിയായി അറിയിച്ചു.

ഖനനം പൊതുമേഖലയിലാക്കുന്നതോടെ അനധികൃത ഖനനം അവസാനിപ്പിക്കാനും വരുമാനചോർച്ച തടയാനും കഴിയും. ഖനനത്തിലുള്ള പെർമിറ്റുകളും ലൈസൻസുകളും സുതാര്യമായി നൽകുന്നതിന്റെ ഭാഗമായി കേരളാ ഓൺലൈൻ മൈനിംഗ് പെർമിറ്റ് അവാർഡ് സർവീസെന്ന പദ്ധതി നടപ്പിലാക്കും. ചവറ, തോട്ടപ്പള്ളി തുടങ്ങിയ സ്‌ഥലത്തുള്ള മുഴുവൻ തീരദേശ മണൽ സംസ്കരണവും പൊതുമേഖലാ സ്‌ഥാപനങ്ങളായിരിക്കും നടത്തുക. കെന്റൽ ആയിരിക്കും ഇതിന്റെ നോഡൽ ഏജൻസിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

അടിസ്‌ഥാന സൗകര്യ വികസനത്തിലൂന്നിക്കൊണ്ടുള്ള സമഗ്രമായ വ്യവസായമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവം മൂലം നിക്ഷേപകരെ ആകർഷിക്കാൻ മുൻപു നടത്തിയ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്താതെ പോയതുകൊണ്ടാണ് സർക്കാർ ഇത്തരത്തിൽ ചിന്തിക്കുന്നത്. വ്യവസായങ്ങൾക്കായി ഭൂമി കിട്ടത്ത സ്‌ഥിതിയുണ്ട്. ഇതിനുപുറമേ റോഡ് ഗതാഗതത്തിനുള്ള സൗകര്യമില്ലായ്മ, വൈദ്യുതി ലഭ്യതയിലെ ഉറപ്പില്ലായ്മ എന്നീ പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ എത്ര ക്ഷണിച്ചാലും സംരംഭകർ അറച്ചുനിൽക്കുക തന്നെ ചെയ്യും. ഇതിൽ മാറ്റമുണ്ടാക്കാനുള്ള ദൗത്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.

വ്യവസായങ്ങൾ വരുന്നതിനെ തടയുന്ന മറ്റൊരു പ്രധാന കാരണം ചുവപ്പുനാടയും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലെ സങ്കീർണതകളുമാണ്. വ്യവസായമേഖലയിൽ ഏകജാലക സുതാര്യ സംവിധാനം നടപ്പിലാക്കുന്നതിന് മുൻഗണന നൽകിക്കൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സർക്കാർ പുതിയ വ്യവസായനയം പ്രഖ്യാപിക്കും. പരിസ്‌ഥിതി സൗഹൃദവ്യവസായം വളർത്തുകയാണ് ഇടതുപക്ഷത്തിന്റെ നയം. ഇതു കണക്കിലെടുത്തുകൊണ്ടുള്ള വ്യാവസായിക നയത്തിന്റെ കരടുരേഖ തയാറായി വരികയാണ്.

പുതിയ വ്യവസായങ്ങൾ തുടങ്ങുന്നതിനൊപ്പം തകർന്നുകിടക്കുന്ന വ്യവസായങ്ങളെ പുനരുജ്‌ജീവിപ്പിക്കുകയും കേന്ദ്രം നടത്തുന്ന ലാഭത്തിലല്ലാത്ത പൊതുമേഖലാ സ്‌ഥാപനങ്ങൾ ഏറ്റെടുക്കുകയും ചെയ്യും. അടച്ചുപൂട്ടിയ വ്യവസായങ്ങൾ വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാനുള്ള ശ്രമമുണ്ടാകും. വ്യവസായങ്ങൾ സംരക്ഷിക്കുന്നതിനു പിന്നിലുള്ള താൽപര്യങ്ങളിൽ ഏറ്റവും പ്രധാനമായത് അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം തന്നെയാണ്. കശുവണ്ടി ഫാക്ടറി തുറന്നപ്പോൾ 18,000 പേർക്ക് ജോലി ലഭിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ ഒരു വർഷം 1000 കോടി രൂപയുടെ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനാണ് ലക്ഷ്യമിടുന്നത്.

കേരളത്തിന്റെ വ്യവസായ വികസനത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ് കൊച്ചി–ബാംഗളൂർ വ്യാവസായിക ഇടനാഴി. ഇതുമായി ബന്ധപ്പെട്ട് കൊച്ചി മുതൽ പാലക്കാട് വരെയുള്ള റോഡ്, റെയിൽപാത എന്നിവയുടെ ഒക്കെ വശങ്ങളിലായി 20 ഓളം വ്യവസായ പാർക്കുകൾ സ്‌ഥാപിക്കും. പൊതുമേഖലയെ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി മലബാർ സിമന്റ്സും, ട്രാവൻകൂർ–കൊച്ചിൻ കെമിക്കൽസും, കെഎംഎംഎലും ട്രാവൻകൂർ ടെറ്റാനിയവുമെല്ലാം വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കും. ഇതോടൊപ്പം ആധുനിക കാലത്തിനു ചേർന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടതായിട്ടുണ്ട്. ഇതിന്റെ ഭാഗമായി 1500 സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകും, ഐടി മേഖലയിൽ ആയിരം ആശയങ്ങൾക്കു സഹായം നൽകും. നൂതനാശയങ്ങളുള്ള പുതിയ സംരംഭകർക്ക് സ്റ്റാർട്ടപ്പ് സപ്പോർട്ടും വ്യവസായങ്ങൾ ആരംഭിച്ച ശേഷം ഇൻവെസ്റ്റ്മെന്റ് സപ്പോർട്ടും ടെക്നിക്കൽ സപ്പോർട്ടും നൽകും.


ഐടി കയറ്റുമതി 2018 ൽ രണ്ടു ബില്യൺ ഡോളറാക്കി ഉയർത്താൻ സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി ടെക്നോപാർക്ക്, ഇൻഫോപാർക്ക് എന്നിവിടങ്ങളിലും മലബാർ മേഖലയിലുമായി ഒരു കോടി ചതുരശ്ര അടി ഐടി സ്പേസ് സൃഷ്‌ടിക്കും. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

നാട്ടിൽ വളർന്നുവരുന്ന പ്രതിഭകൾക്ക് ഇവിടെത്തന്നെ വ്യവസായം നടത്തി മുന്നേറാനുള്ള അന്തരീക്ഷം ഒരുക്കും. ഇതോടൊപ്പം പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ചു ശക്‌തിപ്പെടുത്തുന്നതിനും സർക്കാർ ഊന്നൽ നൽകും. സ്കൂൾ വിദ്യാർഥികൾക്കു കൈത്തറി യൂണിഫോം ഏർപ്പെടുത്തിയ പദ്ധതി കൈത്തറി മേഖലയ്ക്ക് വലിയ ശക്‌തി പകരുന്നതാണ്. പൊതുമേഖലയെ ശക്‌തിപ്പെടുത്താൻ ബജറ്റിൽ വകയിരുത്തിയ 100 കോടിക്കു പുറമെ ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് അടക്കമുള്ള ഉന്നതതല നിയമനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്താൻ പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡിനെ തുടർസംവിധാനമാക്കും. എഫ്എസിടിയിൽ നിന്നു വാങ്ങുന്ന ഭൂമിയിൽ 5000 കോടി രൂപയുടെ പെട്രോകെമിക്കൽ പാർക്ക് സ്‌ഥാപിക്കും. 121 കോടി മുതൽ മുടക്കി തോന്നയ്ക്കലിൽ ലൈഫ് സയൻസ് പാർക്ക് സ്‌ഥാപിക്കും. കണ്ണൂരിലെ പട്ടാനൂരിലും പത്താംപറമ്പിലും വ്യവസായ സ്‌ഥാപനത്തിനായി 500 ഏക്കറും തൊടുപുഴയിൽ 900 ഏക്കറും ഏറ്റെടുക്കും. ആറു വ്യവസായ കേന്ദ്രങ്ങളിൽ റോഡുകളുടെ നവീകരണത്തിനായി 25 കോടി ചെലവഴിക്കും. വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ 80,000 പേർക്ക് തൊഴിൽ നൽകുന്ന തരത്തിൽ 15,000 വ്യവസായ യൂണിറ്റുകൾ ഈ വർഷം തന്നെ ആരംഭിക്കും.

ആർട്ടിസാൻസിനായി ആശ പദ്ധതി നടപ്പിലാക്കും. വ്യവസായ സംരംഭ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി വ്യവസായ വാണിജ്യ സ്‌ഥാപനങ്ങൾക്കായുള്ള ഒന്നിലധികം ലൈസൻസിനായി ഒരപേക്ഷ എന്ന നിലയിലാക്കും. അപേക്ഷ ഓൺലൈനാക്കും. നടപടിക്രമങ്ങൾ ലളിതവത്കരിക്കാൻ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കും. ഡിസംബറോടെ ഇതു പ്രാബല്യത്തിൽ വരും. വ്യവസായിക ആവശ്യങ്ങൾക്ക് ഭൂമി നൽകുന്നതിന് ഒരു ലാൻഡ് മാനേജ്മെന്റ് സിസ്റ്റം ആവിഷ്കരിക്കും. ഈ സംവിധാനത്തിലൂടെ യഥാർഥ സംരംഭകർക്കുമാത്രമേ ഭൂമി ലഭിക്കുകയുള്ളുവെന്ന കാര്യം ഉറപ്പുവരുത്തും.

കേരളത്തിലെ ജനസാന്ദ്രതയും സ്‌ഥലപരിമിതിയും കണക്കിലെടുത്ത് ബഹുനില വ്യവസായ സമുച്ചയങ്ങൾ സ്‌ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കും. ക്ലസ്റ്റർ പദ്ധതി ഏഴു പുതിയ മേഖലകളിൽ കൂടി വ്യാപിപ്പിക്കും. ദരിദ്ര, ഇടത്തരം കുടുംബങ്ങളുടെ വീടു നിർമാണത്തിനു വേണ്ട സിമന്റ് കുറഞ്ഞവിലയ്ക്കു നൽകാനാവശ്യമായ ഒരു സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. പെരുമ്പാവൂർ റയോൺസിന്റെ സ്‌ഥലം ഏറ്റെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.