കുട്ടികളെ കടത്തിക്കൊണ്ടുവന്ന കേസ്: സിബിഐ രണ്ടു കേസ് കൂടി രജിസ്റ്റർ ചെയ്തു
Tuesday, October 25, 2016 1:30 PM IST
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികളെ അന്യസംസ്‌ഥാനങ്ങളിൽനിന്നു കേരളത്തിലെ അനാഥാലയങ്ങളിലേക്കു കടത്തിക്കൊണ്ടുവന്ന സംഭവത്തിൽ സിബിഐ രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. നെട്ടൂരിലെ ഖദീജത്തുൽ ഖുബ്റ ഓർഫനേജിലേക്കു കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണു സിബിഐ എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. സിബിഐ ഡൽഹി യൂണിറ്റാണ് ഈ കേസിൽ അന്വേഷണം നടത്തുക.

ബീഹാർ, ഡൽഹി, ഹരിയാന, രാജസ്‌ഥൻ, ജാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള പ്രായപൂർത്തിയാകാത്ത 29 ഓളം കുട്ടികളെയാണ് ഓർഫനേജിൽ എത്തിച്ചത്. ട്രെയിനിൽ കൊണ്ടുവന്ന കുട്ടികളെ 2015 മേയ് 20നു പോലീസ് പിടികൂടുകയായിരുന്നു. കുട്ടികളെ കൊണ്ടുവന്ന മുഹമ്മദ് സൈഫുലും മുഹമ്മദ് മുനവറുമാണു കേസിലെ പ്രതികൾ.


ഇതിൽ മുഹമ്മദ് മുനവറിനെ ജാർഖണ്ഡിൽനിന്ന് ഒമ്പതു കുട്ടികളുമായി വരവേ ഓഗസ്റ്റ് ഒമ്പതിനു കായംകുളം റെയിൽവേ സ്റ്റേഷനിൽവച്ചു പിടികൂടി. വടക്കൻ ജില്ലകളിലെ അനാഥാലയങ്ങളിലേക്കു കടത്തിക്കൊണ്ടുവന്ന 400 ലേറെ കുട്ടികളെ പിടികൂടിയതുമായി ബന്ധപ്പെട്ട് നേരത്തേ സിബിഐ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എട്ടു പേരാണ് ഇതിൽ പ്രതികൾ. ഈ കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.