ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന: സർക്കാർ രണ്ടു ദിവസം മുൻപു രേഖകൾ ഹാജരാക്കണമെന്നു സ്പീക്കർ
ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന: സർക്കാർ രണ്ടു ദിവസം മുൻപു രേഖകൾ ഹാജരാക്കണമെന്നു സ്പീക്കർ
Tuesday, October 25, 2016 1:30 PM IST
തിരുവനന്തപുരം: ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധനയുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ വിവിധ സർക്കാർ വകുപ്പുകൾ നിയമസഭാ വിഷയ നിർണയ സമിതി യോഗത്തിനു രണ്ടുദിവസം മുൻപു നിയമസഭാ സെക്രട്ടേറിയറ്റിൽ ലഭ്യമാക്കണമെന്നു സ്പീക്കർ റൂളിംഗ് നൽകി.

വിഷയ നിർണയ സമിതിക്കു വിവിധ സർക്കാർ വകുപ്പുകൾ നൽകുന്ന രേഖകൾ അപൂർണമാണെന്നു ചൂണ്ടിക്കാട്ടി എം.ഉമ്മർ ഉന്നയിച്ച ക്രമപ്രശ്നത്തിലാണു സ്പീക്കറുടെ റൂളിംഗ്.

ചട്ട പ്രകാരമുള്ള രേഖകൾ നേരത്തെ ലഭിക്കാത്തതിനാൽ അംഗങ്ങൾക്കു വേണ്ടത്ര ഗൃഹപാഠം നടത്തി സബ്ജക്ട് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നു ക്രമപ്രശ്നത്തിൽ ഉമ്മർ ചൂണ്ടിക്കാട്ടി.

നിയമസഭാ സമിതികളുടെ ആഭ്യന്തര പ്രവർത്തന ചട്ടം ഏഴിൽ പരാമർശിക്കുന്ന പ്രകാരമായിരിക്കണം ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധനയുമായി ബന്ധപ്പെട്ട രേഖകൾ അംഗങ്ങൾക്കു നൽകേണ്ടതെന്നു സ്പീക്കർ പറഞ്ഞു.


സഭാ നടപടി ചട്ടങ്ങളുടെ ഭാഗമായി ചേർത്തിട്ടുള്ളതും സ്പീക്കർമാർ കാലാകാലങ്ങളായി പുറപ്പെടുവിച്ചിട്ടുള്ളതുമായ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്നു പാർലമെന്ററികാര്യ വകുപ്പ് എല്ലാ ഭരണ വകുപ്പുകൾക്കും കർശന നിർദേശം നൽകണമെന്നും സ്പീക്കർ നിർദേശിച്ചു.

ക്രമപ്രശ്നം പരാമർശിക്കവേ ഉദ്യോഗസ്‌ഥ അലംഭാവത്തിനെതിരേ പാർലമെന്ററികാര്യ മന്ത്രി എ.കെ. ബാലനും രംഗത്തെത്തി. വിവിധ വകുപ്പുകൾക്ക് ഇതു സംബന്ധിച്ചു കർശന നിർദേശം നൽകുമെന്നു മന്ത്രി ബാലനും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.