ഉദ്യോഗസ്‌ഥർക്കെതിരേ നടപടിയെടുക്കാൻ നിയമനിർമാണം നടത്തും
Tuesday, October 25, 2016 1:30 PM IST
തിരുവനന്തപുരം: പട്ടികവിഭാഗങ്ങൾക്കായുള്ള ഫണ്ട് ചെലവഴിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്‌ഥർക്കെതിരേ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി നിയമനിർമാണം നടത്തുമെന്ന് മന്ത്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചു.

ഫണ്ട് കൃത്യമായി ചെലവഴിക്കാൻ കഴിയാത്തതും അത് യഥാർഥ ഗുണഭോക്‌താക്കളിലെത്തിച്ചേരാതിരിക്കുന്നതും ഉദ്യോഗസ്‌ഥരുടെ വീഴ്ച മൂലമാണ് സംഭവിക്കുന്നത്. ഇതിൽ മാറ്റമുണ്ടാക്കും. ഭൂമിയും വീടും ഇല്ലാത്ത പട്ടികവിഭാഗക്കാർക്ക് വസ്തു വാങ്ങുന്നതിനും വീടു വയ്ക്കുന്നതിനുമായി ആകെ മൂന്നു ലക്ഷം രൂപയാണ് ഇപ്പോൾ നൽകുന്നത്. ഇത് അഞ്ചേകാൽ ലക്ഷം രൂപയാക്കി ഉയർത്തും. ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിനായി മികച്ച ആശയങ്ങളുമായി മുന്നോട്ടുവരുന്ന 100 വനിതാ സംരംഭകർക്ക് 10 ലക്ഷം രൂപ വരെ മൂന്നു ശതമാനം പലിശ നിരക്കിൽ വായ്പ നൽകും. പിന്നോക്ക വികസന കോർപറേഷന്റെ ഉപജില്ലാ ഓഫീസുകൾ നെയ്യാറ്റിൻകര, പത്തനാപുരം, ദേവികുളം, മൂവാറ്റുപുഴ, വടക്കുംചേരി, പേരാമ്പ്ര, കൂത്തുപറമ്പ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ആരംഭിക്കും.പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ 3500 ഗുണഭോക്‌താക്കൾക്കായി 55 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കും.


പട്ടികജാതിയിൽപ്പെട്ടവർക്കായി 7500 വീടുകൾ പുതുതായി അനുവദിക്കും. 7000 വീടുകളുടെ അറ്റകുറ്റപ്പണിക്ക് സാമ്പത്തിക സഹായം നൽകും.

4500 കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്‌ഥലം അനുവദിക്കും. വിദേശത്ത് തൊഴിൽ കണ്ടെത്തുന്നതിന് നൽകുന്ന ധനസഹായം അര ലക്ഷത്തിൽനിന്ന് ഒരു ലക്ഷമാക്കി ഉയർത്തും. സിക്കിൾ സെൽ അനീമിയ ബാധിച്ച, മറ്റു പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട വയനാടൻ ചെട്ടി സമുദായക്കാർക്കു കൂടി 2000 രൂപ പ്രതിമാസ പെൻഷൻ നൽകുമെന്നും മന്ത്രി അറിയിച്ചു.

അഞ്ചു ലക്ഷം ഏക്കർ റവന്യൂ ഭൂമി പലരും അനധികൃതമായി കൈവശം വച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് ഗൗരവതരമായ പരിശോധനകൾ നടത്തിവരികയാണ്. മാറിമാറി വന്ന സർക്കാരുകൾ വരുത്തിയ വീഴ്ചകളാണ് ഭൂമി അന്യാധീനപ്പെട്ടു പോകാൻ കാരണം. വയനാട്ടിൽ ആദിവാസി വിഭാഗങ്ങൾക്ക് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.