ഏകീകൃത സിവിൽ കോഡ്: അഭിപ്രായസമന്വയം വേണമെന്ന് എ.കെ. ആന്റണി
ഏകീകൃത സിവിൽ കോഡ്: അഭിപ്രായസമന്വയം വേണമെന്ന് എ.കെ. ആന്റണി
Tuesday, October 25, 2016 1:42 PM IST
തിരുവനന്തപുരം: ഏകീകൃത സിവിൽകോഡ് സംബന്ധിച്ച് ആശങ്കയുള്ളവരുമായി അഭിപ്രായസമന്വയം വേണമെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി.

നരേന്ദ്ര മോദിയും അമിത് ഷായും മുത്തലാക്കിനെ കുറിച്ചു പറയുമ്പോൾ ആശങ്ക വർധിക്കുന്നു. ഇതുസംബന്ധിച്ചു വ്യത്യസ്ത അഭിപ്രായമുണ്ട്. ഇതിൽ ചർച്ച ചെയ്തു ധാരണയിലെത്തണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്‌ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്‌ഥ തലപ്പത്തു ചേരിതിരിവു രൂക്ഷമാണ്. കാലങ്ങളായി ഇതുള്ളതാണ്. എന്നാൽ, ഇപ്പോൾ കൂടുതലാണ്. വേഗത്തിൽ പരിഹരിച്ചില്ലെങ്കിൽ ഭരണസ്തംഭനത്തിനു കാരണമാകും. ഫോൺ ചോർത്തുന്നതിനെ അനുകൂലിക്കുന്നില്ല. നിയമവിരുദ്ധമായി ഫോൺ ചോർത്തുന്നത് അപകടമാണ്. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ഫോൺ ചോർത്തൽ കുറ്റകരമാണ്. കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനു ശ്രമം നടക്കുന്നു. സംഘർഷം അമർച്ച ചെയ്യണം. അക്രമം നടത്തുന്നത് ഏതു കൊലകൊമ്പനായാലും നിയമ നടപടി സ്വീകരിക്കണം.

സിപിഎമ്മിനും ബിജെപിക്കും ധിക്കാരവും അധികാര ഗർവുമാണ്. അതിനെ പോലീസ് ഭയപ്പെടുന്നു. പോലീസിനു പൂർണ സ്വാതന്ത്ര്യം ആഗ്രഹിക്കാം. പക്ഷെ നടക്കില്ല. കേരളത്തിൽ എൽഡിഎഫ് ഭരിക്കുമ്പോൾ സിപിഎമ്മാണ് അധികാര കേന്ദ്രം. പാർട്ടി വളർത്താൻ രക്‌തം വേണ്ടെന്നു സിപിഎമ്മിന്റെയും ബിജെപിയുടെയും ഭരണ നേതൃത്വം തീരുമാനിക്കണം. രക്‌തസാക്ഷികളെ സൃഷ്‌ടിക്കുന്നത് ഇരുപാർട്ടികളുടെയും ബഹുജന അടിത്തറ വളർത്തുന്നതിനു വേണ്ടിയാണ്. നഷ്‌ടം സംഭവിക്കുന്നതു പ്രവർത്തകന്റെ കുടുംബത്തിനാണ്. ഇതാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയലാഭം.


ഡിസിസി പുനഃസംഘടനാ ചർച്ചകൾ പൂർത്തിയായില്ല. കോൺഗ്രസ് അണികൾക്കിടയിൽ വേർതിരിവില്ല. നേതാക്കൾ അതിനു ശ്രമിക്കരുത്. പാർട്ടി ഒറ്റക്കെട്ടായി യോജിച്ചുപോകാൻ ആത്മാർത്ഥമായ ശ്രമം വേണം. യുവാക്കൾ നേതൃനിരയിൽ വരുന്നതു പാർട്ടിക്കു നല്ലതാണ്. പാർട്ടി ചരിത്രം അതാണ്. ഡിസിസി അധ്യക്ഷൻമാരുടെ ലിസ്റ്റ് നവംബറിൽ പ്രസിദ്ധീകരിക്കും.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള കോടതിവിധി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി തന്റെ വാദം കേൾക്കാതെ വിധിയുണ്ടായ സാഹചര്യം ഉമ്മൻ ചാണ്ടി തന്നെ വ്യക്‌തമാക്കിയിട്ടുണ്ടെന്ന് എ.കെ. ആന്റണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.