സിഐടിയു സമരം: കണ്ണൂർ മെഡിക്കൽ കോളജ് മലപ്പുറത്തേക്കു മാറ്റുകയാണെന്നു മാനേജ്മെന്റ്
Tuesday, October 25, 2016 1:42 PM IST
കൊച്ചി: കരാർ തൊഴിലാളികളുടെ തർക്കവുമായി ബന്ധപ്പെട്ടു സിഐടിയുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെത്തുടർന്നു കണ്ണൂരിലെ അഞ്ചരക്കണ്ടിയിൽ പ്രവർത്തിക്കുന്ന കണ്ണൂർ മെഡിക്കൽ കോളജ് മലപ്പുറത്തേക്കു മാറ്റിസ്‌ഥാപിക്കുകയാണെന്നും ഇതു പൂർത്തിയാകുന്നതുവരെ സംരക്ഷണം നൽകാൻ കേന്ദ്രസേനയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു കോളജ് മാനേജ്മെന്റ് ഹൈക്കോടതിയിൽ ഉപഹർജി നൽകി.

ഇവിടത്തെ കരാർ തൊഴിലാളികളുടെ വേതനവും ബോണസും സംബന്ധിച്ച തർക്കങ്ങളെത്തുടർന്ന് ഒരു മാസത്തിലേറെയായി സിഐടിയുവിന്റെ നേതൃത്വത്തിൽ കോളജ് ഉപരോധം തുടരുകയാണെന്നു ഹർജിയിൽ പറയുന്നു. സമരം മൂലം മെഡിക്കൽ കോളജ്, ഡെന്റൽ കോളജ്, ആശുപത്രി എന്നിവ ഉൾപ്പെടെ കണ്ണൂർ മെഡിക്കൽ കോളജിനു കീഴിലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കു സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു കോളജിന്റെ ചുമതലയുള്ള പ്രസ്റ്റീജ് എഡ്യൂക്കേഷൻ ട്രസ്റ്റ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതിൽ എതിർകക്ഷികളുടെ നിലപാട് ഹൈക്കോടതി തേടിയിരുന്നു. ഇതിനിടെയാണു രണ്ടു പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ സിഐടിയു പ്രവർത്തകരടക്കമുള്ളവർ ആശുപത്രി വരാന്തയിലും മറ്റും തമ്പടിച്ചിരിക്കുകയാണെന്നും മാനേജ്മെന്റ് പ്രതിനിധികളെ കോളജിൽ കയറാൻ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്രസേനയെ നിയോഗിക്കണമെന്ന ആവശ്യവുമായി കോളജ് മാനേജ്മെന്റ് ഉപഹർജി നൽകിയത്. പ്രാദേശിക പാർട്ടി നേതൃത്വത്തിന്റെ പിന്തുണയോടെ സിഐടിയു നടത്തുന്ന പ്രതിരോധത്തെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞവരെ ഡിസ്ചാർജ് ചെയ്യേണ്ട സ്‌ഥിതിയാണെന്നും കോളജിന് അവധി നൽകിയിരിക്കുകയാണെന്നും ഉപഹർജിയിൽ പറയുന്നു.


അഞ്ചരക്കണ്ടിയിൽനിന്നു മലപ്പുറത്തേക്കു കോളജ് മാറ്റിസ്‌ഥാപിക്കാൻ മാനേജ്മെന്റ് നടപടികൾ തുടങ്ങിയെന്നും കോളജ് മാറ്റം പൂർത്തിയാക്കാൻ ഒരു വർഷം സമയമെടുക്കുമെന്നും ഇക്കാലയളവിൽ വിദ്യാർഥി താത്പര്യം കൂടി കണക്കിലെടുത്തു മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തിനു കേന്ദ്രസേനയുടെ സംരക്ഷണം ഉറപ്പാക്കണമെന്നുമാണു ഹർജിയിലെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.