അനുഗ്രഹയുടെ പ്രത്യാശഭവനു നടൻ ദിലീപ് തറക്കല്ലിടും
അനുഗ്രഹയുടെ പ്രത്യാശഭവനു നടൻ ദിലീപ് തറക്കല്ലിടും
Tuesday, October 25, 2016 1:42 PM IST
ചങ്ങനാശേരി: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ച കറുകച്ചാൽ പനയംതെങ്ങിൽ ഷാബിദാസിന്റെ ഏകമകൾ അനുഗ്രഹയ്ക്കും മാതാവ് സിനിക്കുമായി ഒരുങ്ങുന്ന പ്രത്യാശഭവനത്തിനു നടൻ ദിലീപ് തറക്കല്ലിടും. കറുകച്ചാലിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലീടൽ ചടങ്ങ് നാളെ വൈകുന്നേരം നാലിനു നടക്കും. പ്രത്യാശയുടെ നേതൃത്വത്തിൽ നെടുംകുന്നം പഞ്ചായത്ത് കമ്മിറ്റിയും സാമൂഹ്യപ്രവർത്തകരും ഒത്തുചേർന്നു സമാഹരിച്ച തുകകൊണ്ടു വാങ്ങിയ സ്‌ഥലത്താണ് അനുഗ്രഹയ്ക്കും അമ്മയ്ക്കും വീട് ഒരുങ്ങുന്നത്.

കഴിഞ്ഞ ജൂൺ ആറിനാണ് അനുഗ്രഹയെയും സിനിയെയും തീരാദുഃഖത്തിലേക്കു തള്ളിവിട്ടു ഷാബിദാസിന്റെ മരണം. നൂറോളം യാത്രക്കാരുമായി കറുകച്ചാൽ ബസ് സ്റ്റാൻഡിൽ നിന്നു റൈസിംഗ് സൺ ബസ് ഓടിച്ച് ഇറക്കുന്നതിനിടെയാണ് അദ്ദേഹത്തിനു തീവ്രമായ ഹ്യദയാഘാതമുണ്ടായത്.

ബസ് സ്റ്റാൻഡിൽ നിന്ന് ബസ് ഇലക്ട്രിസിറ്റി ഓഫീസിനു സമീപമെത്തിയപ്പോഴേക്കും വേദന രൂക്ഷമായി. മരണവേദനയിൽ പുളഞ്ഞപ്പോഴും വാഹനം സുരക്ഷിതമാക്കി നിർത്തി യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ഷാബിദാസിനു കഴിഞ്ഞു. ഏറ്റെടുത്ത ജോലിയോടുളള അർപ്പണവും സഹജീവികളുടെ ജീവൻ രക്ഷിക്കാൻ കാട്ടിയ അസാധാരണ ശ്രദ്ധയും പ്രകടിപ്പിച്ച ഷിബിദാസ് നാടിന്റെ മനസിൽ ഇപ്പോഴും ജ്വലിക്കുന്ന ഓർമയാണ്.

ഒരു സെന്റ് ഭൂമിയോ കയറിക്കിടക്കാൻ ഒരു കൊച്ചു കൂരയോ നേടാൻ കഴിയാതെ അകാലത്തിൽ ഷാബിദാസ് വിടപറഞ്ഞപ്പോൾ ഭാര്യ സിനിയും മകൾ അനുഗ്രഹയും തികച്ചും നിസഹായരാകുകയായിരുന്നു. കുടുംബത്തിന്റെ അവസ്‌ഥകണ്ടു കറുകച്ചാലിലെ വാഹനത്തൊഴിലാളികൾ പ്രത്യാശയുടെ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരിയെ സമീപിച്ചു. നെടുംകുന്നം പഞ്ചായത്ത് കമ്മിറ്റിയും സാമൂഹ്യപ്രവർത്തകരും ഒത്തുകൂടി. വൈകാതെ ഷാബിദാസ് കുടുംബ സഹായ സമിതി രൂപീകൃതമായി. പഞ്ചായത്തിലെ 12,13 വാർഡുകളിൽ നിന്ന് അഞ്ചു മണിക്കൂർകൊണ്ടു ആറു ലക്ഷം രൂപ പിരിച്ചെടുത്തു. ഈ തുകയ്ക്കു കറുകച്ചാലിൽ നാലര സെന്റ് സ്‌ഥലം വാങ്ങി. പിന്നെ വീടിനെക്കുറിച്ചായി ആലോചന.


അങ്ങനെയിരിക്കെ, നടൻ ദിലീപിന്റെ കേരള ആക്ഷൻ ഫോഴ്സിന്റെ ഭവന സഹായ പദ്ധതിയെക്കുറിച്ച് അറിയാനിടയായി. ഫാ. സെബാസ്റ്റ്യൻ പുന്നശേരി സംവിധായകൻ ജോണി ആന്റണി മുഖാന്തരം ദിലീപിന് അപേക്ഷ നൽകി. അങ്ങനെ, കേരളത്തിൽ ദിലീപിന്റെ അക്ഷൻ ഫോഴ്സ് നിർമിച്ചു നൽകുന്ന ഭവനങ്ങളിലൊന്ന് പ്രത്യാശ ഭവനമായി. നാളെ ഉച്ചകഴിഞ്ഞ് നാലിന് നടക്കുന്ന തറക്കല്ലിടൽ ചടങ്ങിൽ കേരള ആക്്ഷൻ ഫോഴ്സ് സ്റ്റേറ്റ് സെക്രട്ടറി ഡോ. സി.എം. ഹൈദരാലി അധ്യക്ഷത വഹിക്കും. ഫാ.സെബാസ്റ്റ്യൻ പുന്നശേരി, പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബാലഗോപാലൻ നായർ, ഫാ. ജോസഫ് പുതുപറമ്പിൽ, ജില്ലാപഞ്ചായത്ത് മെംബർ അജിത് മുതിരമല, രാജമ്മ രവീന്ദ്രൻ, രവി.വി.സോമൻ, റോസമ്മ തോമസ്, മിനി ജോജി, ആന്റണി സ്റ്റീഫൻ, ലത റെയ്ച്ചൽ മാത്യു, സാബു ജോസഫ് തെക്കേമുറി, തങ്കമ്മ പോൾ, തോമസ് എ.ജെ, ആന്റണി തോപ്പിൽ, ജയ രഘു എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.