സുതാര്യ കേരളത്തിനു പൂട്ടുവീണു
Wednesday, October 26, 2016 11:45 AM IST
കോട്ടയം: കഴിഞ്ഞ യുഡിഎഫ് സർക്കാർ ഏർപ്പെടുത്തിയ സുതാര്യ കേരളം പദ്ധതിക്കു പൂട്ടുവീണു. സംസ്‌ഥാനത്തെ എല്ലാ ജില്ലാ ആസ്‌ഥാനങ്ങളിലും പ്രവർത്തിച്ചു വന്ന സുതാര്യ കേരളത്തിന്റെ ഓഫീസുകൾ ഇതിനോടകം പൂട്ടി. കോട്ടയം കളക്ട്രേറ്റിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് കഴിഞ്ഞ മാസം 30നു പൂട്ടി.

പദ്ധതി നിർത്തലാക്കിയതോടെ അധികൃതരുടെ പരിഗണനയ്ക്കായി കെട്ടിക്കിടക്കുന്നത് രണ്ടായിരത്തിലധികം പരാതികളാണ്. എൽഡിഎഫ് സർക്കാർ മുഖ്യമന്ത്രിക്ക് പരാതികൾ ഓൺലൈൻ വഴി നൽകാനുള്ള സംവിധാനം നടപ്പാക്കിയതോടെയാണ് ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ പദ്ധതി നിർത്തലാക്കിയത്.

നിലവിൽ സുതാര്യ കേരളത്തിലൂടെ സാധാരണക്കാർ നൽകിയ പരാതികളെ കുറിച്ച് അധികൃതർക്കു വ്യക്‌തമായ മറുപടി നൽകാൻ കഴിയുന്നില്ല. സുതാര്യ കേരളം പദ്ധതിയിലൂടെ പരാതി സമർപ്പിച്ചു രണ്ടാഴ്ച്ചയ്ക്കകം മറുപടി നൽകുമെന്നായിരുന്നു കഴിഞ്ഞ സർക്കാർ പറഞ്ഞിരുന്നത്. സംസ്‌ഥാനത്തെ ചില ജില്ലകളിലെ സുതാര്യ കേരളം പദ്ധതിയിൽ പൂട്ടുവീഴുന്നതിനു മുമ്പു പരാതികൾ അതതു വകുപ്പുകളിൽ ഏൽപ്പിച്ചെന്നു സുതാര്യ കേരളത്തിൽ പ്രവർത്തിച്ചിരുന്ന മുൻ ഉദ്യോഗസ്‌ഥർ പറഞ്ഞു. അധികൃതരുടെ പരിഗണനയ്ക്കായി വിവിധ വകുപ്പുകളിലേക്ക് കൈമാറിയ പരാതികൾക്കുള്ള മറുപടിയും കെട്ടിക്കിടക്കുകയാണ്.


കേരളത്തിലെ 14 സെല്ലുകളിലായി ലഭിച്ചത് 25000 ലധികം പരാതികളാണ്. ഇവയിൽ ഏറെയും പരിഹാരം കാണാത്തവയാണെന്ന് മുൻ ജീവനക്കാർ തന്നെ വ്യക്‌തമാക്കുന്നു. മുഖ്യമന്ത്രിക്ക് പരാതി സമർപ്പിക്കാൻ ഓൺലൈൻ പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും ഇതുവരെ ലഭിച്ച പരാതികൾ എന്തുചെയ്യുമെന്നതിൽ യാതൊരു നിലപാടും സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്‌ഥർ തന്നെ വ്യക്‌തമാക്കുന്നു. ലോകത്തിന്റെ ഏതു കോണിൽ നിന്നും മുഖ്യമന്ത്രിക്ക് പരാതി നൽകാമെന്നു സർക്കാർ വാദിക്കുമ്പോഴും നാട്ടിലെ സാധാരണക്കാർക്ക് എങ്ങനെയാണ് പരാതി നൽകേണ്ടെതിനെക്കുറിച്ച് യാതൊരു അറിവുമില്ല.

നിലവിൽ ഓൺലൈൻ വഴി പരാതികൾ സാധാരണക്കാർ നൽകണമെങ്കിൽ അക്ഷയ സെന്ററിനെ ആശ്രയിക്കണം. എന്നാൽ സുതാര്യ കേരളം പദ്ധതി നിലവിലുണ്ടായിരുന്നപ്പോൾ ജില്ലാ അടിസ്‌ഥാനത്തിൽ തന്നെ പരാതികൾക്ക് മറുപടി നൽകുന്ന രീതിയാണുണ്ടായിരുന്നത്.

വി.ആർ. അരുൺകുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.