ഇനിയാരു ഭരിക്കുമെന്ന ചിന്തയുമായി ഭരണ– പ്രതിപക്ഷം
Wednesday, October 26, 2016 11:52 AM IST
തിരുവനന്തപുരം: ഇപ്പോഴത്തെ പോക്കിൽ അമ്പതുകൊല്ലം ഇടതുമുന്നണി കേരളം ഭരിക്കുമെന്നു കഴിഞ്ഞ ദിവസം എ.എൻ. ഷംസീർ നിയമസഭയിൽ പറഞ്ഞതു കേട്ട കെ. മുരളീധരൻ ഇന്നലെ ഒരു ചെറിയ ഇളവു ചോദിച്ചു. മുപ്പത്തഞ്ചു വർഷം കഴിയുമ്പോൾ തങ്ങൾക്കൊരു അവസരം തന്നുകൂടേ? ധനമന്ത്രി ഡോ. തോമസ് ഐസക്കിന് ഇത്രയുമൊന്നും അവകാശവാദമില്ല. എങ്കിലും കിഫ്ബി വഴി വരാൻ പോകുന്ന വികസനവിപ്ലവത്തേക്കുറിച്ച് ഓർക്കുമ്പോൾ ഒരു പത്തു വർഷം ഐസക്കിനു ഗാരന്റിയുണ്ട്.

മുപ്പത്തഞ്ചു വർഷത്തെ കണക്കിൽ മുരളീധരന് ഒരു ലോജിക്കുണ്ട്. ബംഗാളിൽ മുപ്പത്തഞ്ചു വർഷമാണു സിപിഎം തുടർച്ചയായി ഭരിച്ചത്. കേരളത്തിൽ തെരഞ്ഞെടുപ്പു നടന്ന അതേദിവസം ബംഗാളിൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസും ഒരുമിച്ചാണു നിന്നതെന്നു മറക്കരുതെന്നു മുരളീധരൻ ഓർമിപ്പിച്ചു.

ധനകാര്യബില്ലിന്റെ പരിഗണനാവേളയിൽ ധനകാര്യ വിഷയങ്ങളും രാഷ്ട്രീയവും ഒരുപോലെ നിറഞ്ഞുനിന്നു. വണ്ടു പൂവിൽ നിന്നു പൂവു പോലുമറിയാതെ തേൻ നുകരുന്നതു പോലെയാകണം നികുതി ചുമത്തേണ്ടതെന്ന് കൗടില്യൻ അർഥശാസ്ത്രത്തിൽ പറയുന്നത് ഉദ്ധരിച്ചായിരുന്നു വി.ഡി. സതീശൻ നികുതിഭാരത്തെക്കുറിച്ചു പറയാൻ തുടങ്ങിയത്. തോമസ് ഐസക്കിന്റെ ബജറ്റിലെ നികുതി നിർദേശങ്ങൾ ജെസിബി കൊണ്ടു ചെടിയുടെ ചുവടു മാന്തുന്നതു പോലുള്ള അനുഭവമാണെന്നായിരുന്നു സതീശന്റെ വാദം. എന്നാൽ, ചെയ്തതും ചെയ്യാൻ പോകുന്നതുമായ കാര്യങ്ങളുടെ നീണ്ടപട്ടിക നിരത്തി കേരളത്തിന്റെ ഭാവി എത്ര സുന്ദരമായിരിക്കുമെന്ന് ധനമന്ത്രി വിവരിച്ചു. പ്രത്യയശാസ്ത്രപരമായ കടുംപിടിത്തമില്ലെന്നു പറഞ്ഞ ധനമന്ത്രി, ഏറെ വിവാദമായ കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗാധാരത്തിന്റെ മുദ്രപ്പത്ര നിരക്കു വർധന കുറയ്ക്കാൻ തയാറാണെന്നും അറിയിച്ചു.

ധനാഭ്യർഥനാചർച്ച തുടങ്ങിവച്ച വി.എസ്. അച്യുതാനന്ദൻ സോളാർ കേസിൽ ബംഗളൂരു കോടതി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരെ ശിക്ഷിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു. ആവേശം കയറിയ വി.എസ് വിജിലൻസ് കേസുകളും ബാർകോഴയും എല്ലാം പരാമർശിച്ചു. കെ. ബാബുവിനെയും കെ.എം. മാണിയെയും നിർദയം പെരുമാറി. പ്രതിഷേധവും ക്രമപ്രശ്നവുമായി കെ.എം. മാണിയും പ്രതിപക്ഷാംഗങ്ങളും എഴുന്നേറ്റു. ഹരിപ്പാട് മെഡിക്കൽ കോളജ് കേസിൽ ചിലപ്പോൾ പ്രതിപക്ഷ നേതാവും കുടുങ്ങിയേക്കുമെന്നും വി.എസ് പറഞ്ഞു. ചിലപ്പോഴല്ല, ഒരിക്കലും താൻ കുടുങ്ങില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. തന്റെയും മക്കളുടെയും പേരിൽ വിജിലൻസ് എഫ്ഐആർ ഇട്ടിട്ടില്ലെന്നു പറഞ്ഞ് രമേശ് തിരിച്ചടിച്ചു.

ദോഷൈകദൃക്കായ വി.എസ് മകന്റെ പേരിലുള്ള കേസ് വിജിലൻസ് വിട്ടപ്പോൾ അവർക്കു നല്ല സർട്ടിഫിക്കറ്റ് കൊടുത്തിരിക്കുകയാണെന്നു കെ.എം. മാണി പറഞ്ഞു. ഇനിയൊരു പത്തു കേസ് കൂടിയുണ്ട്. പത്തു തവണ കൂടി വി.എസ് ഉപകാരസ്മരണ കാട്ടിയേക്കും. നന്ദി കാണിക്കുന്നതു നല്ല കാര്യം തന്നെ. വി.എസിനു മറുപടിയായി മാണി പറഞ്ഞു.

മുസ്ലിംകളുടെ പുരോഗതിക്കു ലീഗ് ഒന്നും ചെയ്തിട്ടില്ലെന്നു കഴിഞ്ഞദിവസം പ്രസംഗിച്ച മന്ത്രി കെ.ടി. ജലീലിനോടുള്ള കലിയടങ്ങാതെയാണു പി.കെ. ബഷീർ സഭയിലിരുന്നത്. ജലീലിനിതു മൂന്നാമത്തെ സത്രമാണെന്നു പറഞ്ഞാണു ബഷീർ തുടങ്ങിയത്. ആദ്യം സിമി, പിന്നെ ഞങ്ങളുടെ കൂടെയായി. ഇപ്പോൾ നിങ്ങൾക്കൊപ്പം. ഇനി പോകാത്തത് ബിജെപിയുടെ കൂടെ മാത്രം. മെച്ചം കിട്ടുമെങ്കിൽ അവിടെ പോകാനും മടിക്കില്ല.


ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രാഗത്ഭ്യത്തിൽ ബഷീറിനു സംശയമില്ല. പക്ഷേ മുഖ്യമന്ത്രി അമേരിക്കൻ ഉപദേശകയെ നിയമിച്ചതിനു ശേഷം ഐസക്കിനു മിണ്ടാട്ടമില്ലാതായതിലാണ് ബഷീറിനു സങ്കടം. മുഖ്യമന്ത്രിയോടും ബഷീറിനൊരു ചോദ്യമുണ്ട്. തൊട്ടടുത്ത മുറിയിൽ മൂലധനം ഇരിക്കുമ്പോൾ അമേരിക്കയിൽ ഗീതയെ തേടി പോകേണ്ടതുണ്ടോ? ബഷീറിന്റെ പ്രസംഗത്തിലുടനീളം ക്രമപ്രശ്നവുമായി ഭരണപക്ഷം ഇടപെട്ടു കൊണ്ടിരിക്കുകയായിരുന്നു. അവർ പറഞ്ഞതു പോലെ ബഷീറിന്റെ പരാമർശങ്ങൾ സ്പീക്കർ നീക്കം ചെയ്താൽ പിന്നെ പ്രസംഗത്തിൽ ഒന്നും ബാക്കിയുണ്ടാകില്ല.

സംസാരത്തിൽ നല്ലതുപോലെ നിയന്ത്രണം പാലിച്ചിരുന്ന എം.എം. മണി ഇന്നലെ സ്വതസിദ്ധമായ ശൈലിയിലേക്കു മാറി. വിജിലൻസ് കേസുകളുടെ കഥകൾ നിരത്തിയ മണിയാശാനു പക്ഷേ സ്വന്തം ജില്ലയിലെ അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്ന നിർദേശത്തോടു യോജിപ്പില്ല. അതു പാരയാ. ഇപ്പോൾ ഒരു കെഎസ്ആർടിസി ഉണ്ടല്ലോ. അതു പോരേ? എം.എം. മണി ചോദിച്ചു.

രാവിലെ ശൂന്യവേളയിൽ റേഷൻ കാർഡുമായി ബന്ധപ്പെട്ട് മുൻഗണനാപട്ടിക തയാറാക്കുന്നതിലെ അപാകത സംബന്ധിച്ച് പ്രതിപക്ഷത്തു നിന്ന് അനൂപ് ജേക്കബ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. സർക്കാരിന്റെ പിടിപ്പു കേടാണു പ്രശ്നങ്ങൾക്കു കാരണമെന്ന് അനൂപ് പറഞ്ഞപ്പോൾ നിങ്ങളുടെ സർക്കാരിന്റെ പിടിപ്പുകേടിന്റെ പിഴവു തങ്ങളുടെ തലയിൽ കെട്ടിവയ്ക്കേണ്ടെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഈ വിഷയത്തിൽ പ്രതിപക്ഷം പിന്നീട് വാക്കൗട്ട് നടത്തി.

നിയമസഭാ സമിതി റിപ്പോർട്ട് സഭയിൽ ചർച്ച ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായി 2014 ൽ വി.ഡി. സതീശൻ അധ്യക്ഷനായ എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ ഭരണ നവീകരണ പരിപാടിയെക്കുറിച്ചുള്ള റിപ്പോർട്ട് സഭ ചർച്ച ചെയ്തു. നടത്തിപ്പിന്റെ കാലത്ത് ഏറെ വിവാദം സൃഷ്‌ടിച്ച ഭരണ നവീകരണ പരിപാടിയും എഡിബി വായ്പയും ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന വിലയിരുത്തലാണു റിപ്പോർട്ടിലുള്ളത്. അന്നു തങ്ങൾ പറഞ്ഞ ആക്ഷേപങ്ങൾ ശരിയെന്നു തെളിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എന്നാൽ, നായനാർ സർക്കാരിന്റെ കാലത്തു ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോനാണ് എഡിബി വായ്പയ്ക്കുള്ള ചർച്ചകളെല്ലാം പൂർത്തിയാക്കിയതെന്നു പി.ടി. തോമസ് ചൂണ്ടിക്കാട്ടി. എഡിബിയും പ്രത്യയശാസ്ത്രശാഠ്യങ്ങളും എന്ന പേരിൽ അക്കാലത്തു താൻ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പി.ടി. തോമസ് പറഞ്ഞു. അതിൽ ഇക്കാര്യങ്ങളെല്ലാം വിവരിക്കുന്നുണ്ടത്രെ. ഏതായാലും ഇതിന്റെ പേരിലൊരു വിവാദം സഭയിൽ വേണ്ടെന്നു പറഞ്ഞ് ഈ ചർച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അവസാനിപ്പിച്ചു.

സാബു ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.