ഹരിതം
Wednesday, October 26, 2016 11:52 AM IST
കൃഷി മികച്ചതാക്കാൻ മഴ പാഴാക്കാതിരിക്കാം

കൊടുംവരൾച്ചയും കടുത്ത വർഷപാതവും മാറിമാറി ലഭിക്കുന്ന ഒരു സംസ്‌ഥാനമാണ് കേരളം. ഈ മഴ മുതലാക്കാനായാൽ കൃഷി മികച്ചതാക്കാം എന്നതാണു സത്യം. മണ്ണിൽ ഈർപ്പം നിലനിൽക്കുന്നത് മഴ മൂലമാണ്. കൃഷിയിടത്തിലെ ഊഷ്മാവ് സസ്യങ്ങൾക്കനുയോജ്യമായി ക്രമീകരിക്കുക, സസ്യങ്ങളിലെ പൊടിപടലങ്ങൾ കഴുകി ക്കളയുക, ചെടികൾക്ക് കുളിർമയും ആഗീരണത്തിന് ഉത്തേജനവും നൽകുക എന്നിവയെല്ലാം മഴയുടെ ജോലികളാണ്.

മഴവെള്ളം സുലഭമായി ലഭിക്കുന്ന ചെടിക്ക് നല്ല വളർച്ച ലഭിക്കുന്നു. മഴവെള്ളമാണ് മണ്ണിലെ പോഷകമൂലകങ്ങൾ ദ്രവരൂപത്തിൽ വലിച്ചെടുക്കാൻ ചെടിയെ സഹായിക്കുന്നത്. മഴയും മിന്നലും നൈട്രജനെ മണ്ണിലെത്തിച്ച് അതുവഴി കൃഷി മികച്ചതാക്കുന്നു. വാടിത്തളർന്ന ചെടികൾ മഴയ്ക്കുശേഷം നിവർന്ന് ഉഷാറായി നിൽക്കുന്നു. ജലം സസ്യകോശങ്ങളിൽ പ്രവേശിച്ച് കോശഭിത്തി വികസിക്കുന്നതു മൂലമാണിതു സംഭവിക്കുന്നത്.

സസ്യങ്ങൾക്ക് ഏതുവിധത്തിലുള്ള ജലസേചനമാണ് ആവശ്യമെന്നതിന് ഒരു ഉദാഹരണം കൂടിയാണ് മഴ. ജലസേചന രീതികൾ പലതുണ്ടെങ്കിലും മഴയുടെ മാതൃക പിന്തുടരുന്ന തളിച്ചുനനയാണ് സസ്യങ്ങൾക്കേറ്റവും അനുയോജ്യമായത്.

മഴയും തളിച്ചുനനയും ഒരു പ്രദേശത്തെ മൊത്തം അന്തരീക്ഷതാപത്തെ കുറയ്ക്കുന്നു. മണ്ണിനെ തണുപ്പിക്കുന്നു.

സസ്യലതാദികളെ കുളിർപ്പിക്കുന്നു. സസ്യങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന് ചെടിക്ക് ദോഷം ചെയ്യുന്ന ചെറുപ്രാണികളിൽ പലതിനെയും നശിപ്പിക്കുന്നു.

എലിമാളങ്ങൾ വയൽ വരമ്പിനോടു ചേർന്നു കാണാം. മഴവെള്ളം കടന്നുചെന്ന് എലിമാളങ്ങളിലെ എലികളെ ഉന്മൂലനം ചെയ്യുന്നു. പൊടിപടലങ്ങളെ സസ്യങ്ങളിൽ നിന്നു കഴുകി കളയുന്നു. സസ്യങ്ങളുടെ ശ്വസന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു.

ചെടികൾക്ക് ചലനാത്മകത നൽകുന്ന അന്തരീക്ഷ ശക്‌തിയാണു മഴ. വിളകൾക്ക് വെള്ളം ലഭിക്കാനുള്ള ഏകമാർഗം മഴയാണ്. മിതമായ തോതിലുള്ള മഴ വിവിധ തരം ചെടികളുടെ വളർച്ചയ്ക്കു വളരെ അത്യാവശ്യമാണ്. മഴ സസ്യപത്രങ്ങൾക്കും കാണ്ഡങ്ങൾക്കും ജലം ആഗിരണം ചെയ്യുന്നതിനുള്ള അവസരം നൽകുന്നു.

മഴവെള്ളം മണ്ണിലേക്കിറങ്ങിച്ചെന്നാൽ മാത്രമെ, വെയിലിന്റെ കടുത്ത ചൂടിനെ ഒരു പരിധിവരെ മണ്ണിനു തടയാനാകൂ. ഇടക്കയ്യാലകളും ജൈവപുതയും മഴക്കുഴികളും തീർത്ത് പരമാവധി മഴവെള്ളത്തെ മണ്ണിൽ ഇറക്കാൻ കഴിയും. അങ്ങനെ മഴയെ മുതലാക്കിയാൽ കൃഷി മികച്ചതാക്കാൻ നമുക്ക് എളുപ്പം സാധിക്കും.

പോൾസൺ താം


വനിതാ സെൽഫി മുട്ടവിപ്ലവം കഞ്ഞിക്കുഴിയിൽ

റെജി ജോസഫ്

കഞ്ഞിക്കുഴി ദേശീയപാതയിലും ആലപ്പുഴയിലെ റിസോർട്ടുകളിലും കൊച്ചിയിലെ മാളുകളിലും തിരുവനന്തപുരത്തെ കമ്പോളത്തിലും ഇപ്പോൾ സുലഭമാണ് കഞ്ഞിക്കുഴി വനിതാ സെൽഫി എന്ന ബ്രാൻഡിൽ പായ്ക്ക് ചെയ്ത നാടൻ മുട്ട. ഒരേ ഗ്രാമത്തിൽ സ്ത്രീകൾ മുട്ടക്കോഴികളെ വളർത്തി ഉത്പാദിപ്പിക്കുന്ന ഒരേ നിറവും തൂക്കവുമുള്ള മുട്ട എന്ന പ്രത്യേകതയും കഞ്ഞിക്കുഴി കുടുംബശ്രീകളുടെ മുട്ടയ്ക്കുണ്ട്.

കഞ്ഞിക്കുഴി സഹകരണ ബാങ്കി ന്റെ നേതൃത്വത്തിൽ ആരംഭിച്ച കോഴി വളർത്തൽ വിജയമായി മാറിയിരിക്കുന്നു. ദേശീയ പാതയോ രത്ത് കഞ്ഞിക്കുഴി കോഫി ഹൗസിന് സമീപത്തും മറ്റിടങ്ങളിലുമൊക്കെ വാങ്ങാൻ കിട്ടും സെൽഫി മുട്ട. ചൈനാ മുട്ടയെയും അന്യനാടുകളിൽനിന്നെത്തുന്ന ഹോർമോൺ മുട്ടകളെയും ചൊല്ലി വിവാദം കത്തുമ്പോഴും കഞ്ഞിക്കുഴിയിലെ വീട്ടമ്മമാർ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. കോഴിക്കു തീറ്റയും മരുന്നും കൊടുക്കുന്നു. കൂട്ടിൽ വീഴുന്ന മുട്ടകൾ ഭദ്രമായി പെറുക്കി വയ്ക്കുന്നു. അന്നോ പിറ്റേന്നോ വിൽക്കുന്നു. കൃത്യമായി വരുമാനം നേടുന്നു.


പച്ചക്കറി ഗ്രാമം എന്ന നിലയിൽ പേരെടുത്ത കഞ്ഞിക്കുഴിയിൽ നൂറു കണക്കിന് വീട്ടമ്മമാരാണ് കോഴികളെ വളർത്തി ഉപജീവനം നടത്തുന്നത്. ഇതുവഴി ഏറെപ്പേർക്കും ആറായിരത്തിലേറെ രൂപയാ ണ് മാസവരുമാനം. അയൽക്കൂട്ടങ്ങളിലുടനീളം കോഴികളെ വളർത്തി ദിവസം പതിനായിരക്കണക്കിനു മുട്ടകൾ കഞ്ഞിക്കുഴിയിൽ ഉത്പാദിപ്പിക്കുന്നു. പച്ചക്കറി ഉത്പാദനത്തിലെ മാതൃകാപരമായ നേട്ടമാണ് കുടുംബശ്രീ യൂണിറ്റുകളെ അണിനിരത്തി മുട്ട ഉത്പാദനം തുടങ്ങാൻ അധികൃതരെ പ്രേരിപ്പിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്തും, പി.ഡി.എസും കഞ്ഞിക്കുഴി സർവീസ് സഹകരണ സംഘവും കൈകോർത്താണ് ഈ തീരഗ്രാമത്തിൽ മുട്ട ഗ്രാമം പദ്ധതി ആരംഭിച്ചത്. അഞ്ചു വീടുകൾ വീതം യൂണിറ്റുകൾ രൂപീകരിച്ച് ഒരോ യൂണിറ്റിനും 50 കോഴികളെ വീതം നൽകി. പരിപാടിയിൽ പങ്കാളികളായ 40 ഗ്രൂപ്പുകൾ ചേർന്നപ്പോൾ വീടും മുറ്റവും മുട്ടകൊണ്ടുനിറഞ്ഞു.

ഒരു കൺവീനർ ഉൾപ്പെട്ട ഗ്രൂപ്പിലെ ഓരോ ആംഗത്തിനും 29,000 രൂപ വീതം ഒരു ഗ്രൂപ്പിന് 1,45,000 രൂപ വായ്പ നൽകി. ഇങ്ങനെ മുട്ട ഗ്രാമം പദ്ധതിക്കായ് 50 ലക്ഷം രൂപയാണ് വായ്പ നൽകിയത്. ഓരോ ദിവസവും കഞ്ഞിക്കുഴിയിലെ കോഴിക്കൂടുകളിൽ കോഴികളുടെ എണ്ണം കൂടുന്നു. ഒപ്പം മുട്ടകളും. തനി നാടൻ കോഴിമുട്ടകൾക്ക് ആവശ്യക്കാരേറെ.

കോഴികളെ മാത്രമല്ല വളർത്താ നുള്ള കൂടും, തീറ്റയും പദ്ധതിയുടെ ഭാഗമായി നൽകിയിട്ടുണ്ട്. 1,45,000 രൂപയും കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് മിതമായ പലിശ നിരക്കിൽ വായ്പയായി അയൽക്കൂട്ടങ്ങൾക്കു നൽകി. പച്ചക്കറി വിപ ണന കേന്ദ്രം വഴിയായിരുന്നു തുടക്കത്തിൽ മുട്ടയുടെ വിൽപന. മുട്ടയുടെ എണ്ണം കൂടിയപ്പോൾ മാർക്കറ്റില്ലാതെ കുറച്ചുദിവസം ബുദ്ധിമുട്ടിയപ്പോഴാണ് കഞ്ഞിക്കുഴി പഞ്ചായത്തിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ മുട്ടയും മെച്ചപ്പെട്ട വില യ്ക്ക് കെപ്കോ സംഭരിച്ച് വിപ ണിയിൽ എത്തിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ സംസ്‌ഥാന മൃഗസംരക്ഷണവകുപ്പും കഞ്ഞി ക്കുഴിയിൽ നിന്നും മുട്ട ശേഖരി ക്കുന്നു.

ലക്ഷം കോഴി ലക്ഷം മുട്ടയിട്ടാലും അതു മുഴുവൻ വാങ്ങാൻ ആവശ്യക്കാരും വിപണിയുമുണ്ടായതോടെ കൂടുതൽപേർ കോഴിവളർത്തലിലേക്കു വരികയാണ്. വീട്ടമ്മമാരുടെ സംരംഭത്തിന് ബാങ്കുകളുടെയും ജനപ്രതിനിധികളുടെയും പിൻതുണയും പ്രോത്സാഹനവും ലഭിച്ചുവരുന്നു.

കോഴികൾ വലുതായി മുട്ടയി ടാറാകുന്നതുവരെ ലോൺ ഹോളി ഡേ ആയി സഹകരണ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതി വഴി വിതരണം ചെയ്ത കോഴികൾക്ക് ഒരു വർഷത്തെ ഇൻഷ്വറൻസും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴികൾ ചത്തുപോയാൽ പുതിയവയെ കിട്ടുമെന്നതിനാൽ തെല്ലും റിസ്കില്ലാതെ വീട്ടമ്മമാർ കോഴി വളർത്താൻ മുന്നോട്ടിറങ്ങുന്നു. വില അഞ്ചോ ആറോ രൂപയാകട്ടെ തനി നാടൻ മുട്ട വാങ്ങി കഴിക്കാമല്ലോ എന്നതാണ് ഉപഭോക്‌താക്കളുടെ പ്രതികരണം. മുൻകാലങ്ങളിലും മൂന്നും നാലും രൂപയ്ക്ക് മുട്ട വാങ്ങി കബളിപ്പിച്ചിരുന്ന നാടൻ വിപണിയിൽ ഇനി ഇത്തരം ചൂഷണം നടക്കില്ല. മിനിമം അഞ്ചു രൂപയോ അതിൽകൂടുതലോ കിട്ടണം ഓരോ മുട്ടയ്ക്കും.

വൈകാതെ കഞ്ഞിക്കുഴി മുട്ട കേരളത്തിനു പുറത്തേക്കും ഗൾഫിലേക്കും വിൽപനയ്ക്കു കൊണ്ടുപോവുകയാണ്. സ്വന്തം ബ്രാൻഡിൽ കയറ്റുമതിയെക്കുറിച്ചും കുടുംബശ്രീ വനിതകൾ ചർച്ച തുടങ്ങിയിരിക്കുന്നു.

മാസം ലഭിക്കുന്ന 6000 രൂപയിൽ നിന്ന് 1250 വീതം തിരിച്ചടച്ചാൽ മതി, ബാങ്ക് വായ്പ അടഞ്ഞു തീരും. ചേർത്തല എസ്.എൻ. കോളജിന് മുന്നിലുള്ള പി.ഡി.എ സിന്റെ പച്ചക്കറി വിപണന കേന്ദ്രത്തിൽ കഞ്ഞിക്കുഴി മുട്ടയ്ക്ക് പ്രത്യേക സ്റ്റാളുണ്ട്. വാർഡുകളി ൽനിന്ന് എ.ഡി.എസ് പ്രവർത്തകരാണ് മുട്ട ശേഖരിക്കുന്നത്. മുട്ട ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു കൊടുക്കുന്നതിനെ സംബന്ധിച്ചു കഞ്ഞിക്കുഴി സഹകരണ ബാങ്കും ആലോചിക്കുന്നു.

സന്തോഷ് (ബാങ്ക് പ്രസിഡന്റ് –9447463668)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.