തീർഥാടന ഹൈവേയായി പമ്പ – മധുര
Wednesday, October 26, 2016 11:52 AM IST
പത്തനംതിട്ട: വൈഗാ നദിക്കരയിലെ മധുര മീനാക്ഷി കോവിലും പമ്പാ നദിയുമായി ബന്ധപ്പെട്ട ശബരിമല ധർമശാസ്താ ക്ഷേത്രവും ബന്ധപ്പെടുത്തി പമ്പ – മധുര തീർഥാടന ഹൈവേക്കു കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതോടെ അനുബന്ധ പാതകളുടെ വികസനവും വേഗത്തിലാകും. നിർദിഷ്‌ട പാതയുടെ സമ്പൂർണ പദ്ധതി രേഖ എത്രയും പെട്ടെന്നു സമർപ്പിക്കാൻ കേന്ദ്ര ഉപരിഗതാഗത തുറമുഖ വകുപ്പ് മന്ത്രി നിഥിൻ ഗട്ട്കരി നാഷണൽ ഹൈവേ ചീഫ് എൻജിനിയർക്ക് നിർദേശം നൽകി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ മന്ത്രിയെ സന്ദർശിച്ച നിവേദകസംഘത്തിന്റെ അപേക്ഷ പ്രകാരമാണ് പാതയ്ക്കു കേന്ദ്രം അംഗീകാരം നൽകിയത്. ശംഖുമുഖം കടപ്പുറത്ത് അന്തർദേശീയ വേദിക് കേന്ദ്രത്തിന് 10 കോടിയുടെ പദ്ധതിയും ദേവസ്വം ബോർഡ് ടൂറിസം സാംസ്കാരിക മന്ത്രി മഹേഷ് ശർമ്മക്ക് സമർപ്പിച്ചു.

പമ്പ, നിലയ്ക്കൽ, എരുമേലി എന്നീ സ്‌ഥലങ്ങൾ ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്താനും ആവശ്യപ്പെട്ടു. ഇതിന് 468 കോടി രൂപയുടെ വികസന രേഖ സമർപ്പിച്ചു. പെരിയാർ കടുവ സങ്കേതത്തിൽ ഉൾപ്പെട്ട ശബരിമലയുടെ ചുറ്റുമുള്ള 500 ഹെക്ടർ വനഭൂമി കൂടി ശബരിമലയിലെത്തുന്ന കോടിക്കണക്കിന് തീർഥാടകരുടെ അടിസ്‌ഥാന ആവശ്യങ്ങൾ നിർവഹിക്കാൻ വിട്ടു കിട്ടണമെന്ന നിവേദനവും കേന്ദ്രസർക്കാരിനു നൽകിയിട്ടുണ്ട്. ശബരിമലയിലേക്ക് വെള്ളമെത്തിക്കുന്ന കുന്നാർ ഡാമിന്റെ ഉയരം കൂട്ടുന്നതിന് അനുകൂല തീരുമാനം ഉണ്ടാകണമെന്ന ആവശ്യവും നിവേദകസംഘം ഉന്നയിച്ചു.അണക്കെട്ടുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ ഉണ്ടാകുമെന്നു മന്ത്രി അനിൽ ദാവേ നിവേദക സംഘത്തെ അറിയിച്ചു. വനഭൂമിയുടെ കാര്യത്തിൽ സംസ്‌ഥാന സർക്കാരിനോട് റിപ്പോർട്ട് തേടും.


ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, മെംബർ അജയ് തറയിൽ, എംപിമാരായ കെ.സി .വേണുഗോപാൽ, സുരേഷ്ഗോപി, ദേവസ്വം കമ്മീഷണർ സി. പി. രാമരാജപ്രേമപ്രസാദ് എന്നിവരായിരുന്നു നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.