കനാലുകളുടെ അറ്റകുറ്റപ്പണി ഘട്ടംഘട്ടമായി പൂർത്തിയാക്കും: മാത്യു ടി. തോമസ്
കനാലുകളുടെ അറ്റകുറ്റപ്പണി ഘട്ടംഘട്ടമായി പൂർത്തിയാക്കും: മാത്യു ടി. തോമസ്
Wednesday, October 26, 2016 11:53 AM IST
തിരുവനന്തപുരം:സംസ്‌ഥാനത്തെ കനാലുകളുടെ അറ്റകുറ്റപ്പണി ഘട്ടംഘട്ടമായി പൂർത്തിയാക്കുമെന്നു മന്ത്രി മാത്യു ടി. തോമസ് നിയമസഭയെ അറിയിച്ചു. വേനൽക്കാലത്തിനു മുമ്പു കനാലുകളുടെ അറ്റകുറ്റപ്പണി തീർക്കാൻ സാധിക്കില്ല. കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ച് കനാലുകൾ നവീകരിക്കാൻ ബദൽമാർഗങ്ങൾ സ്വീകരിക്കും.

നിലവിലെ സാഹചര്യങ്ങൾ അടിസ്‌ഥാനപ്പെടുത്തി ജലനയം പുതുക്കും. ശുദ്ധീകരിച്ചെടുക്കുന്ന ജലം വിതരണത്തിനു സജ്‌ജമാകുന്ന തരത്തിൽ പൈപ്പിടുന്നതിനു കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

മുടങ്ങിക്കിടക്കുന്ന ശുദ്ധജല പദ്ധതികളുടെ പണി അടിയന്തരമായി പുനരാരംഭിക്കുമെന്നു മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. തോടു നവീകരണം തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനു ബദൽമാർഗങ്ങൾ സ്വീകരിക്കും. പ്രവർത്തനക്ഷമമല്ലാത്ത ജലനിധി പദ്ധതികളിലേക്കു കുടിവെള്ളമെത്തിക്കാൻ വാട്ടർ അഥോറിറ്റി മുൻകൈയെടുക്കും. പഴശി, കാളിപ്പാറ പദ്ധതികൾ യാഥാർഥ്യമാക്കാൻ പ്രത്യേക യോഗം വിളിക്കും.

പൊട്ടുന്ന പൈപ്പുകൾ കൂടുതലായി സ്‌ഥാപിച്ചിട്ടുള്ള തിരുവനന്തപുരം നഗരത്തിലും നെടുമങ്ങാടും പൈപ്പുകൾ മാറ്റി സ്‌ഥാപിക്കും. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഹൈക്കോടതി കുപ്പിവെള്ളം നിരോധിച്ചിട്ടുള്ളതിനാൽ ആറു പ്ലാന്റുകൾ സ്‌ഥാപിച്ച് കിയോസ്കുകൾ വഴി ശബരിമല തീർഥാടന കാലത്ത് ജലവിതരണം നടത്തുമെന്നു മന്ത്രി അറിയിച്ചു.

നദീജലകരാറുകൾ പുനരവലോകനം ചെയ്യാൻ സർക്കാർ നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. കരാറുണ്ടാക്കുമ്പോൾ ഉണ്ടായിരുന്ന ജലം നദികളിൽ ഇപ്പോഴില്ല. മാത്രമല്ല, കരാർ വ്യവസ്‌ഥകൾ പ്രകാരം സംസ്‌ഥാനത്തിനു ജലം ലഭിക്കുന്നുമില്ല. ഉഭയസമ്മത പ്രകാരം കരാർ അവലോകനം ചെയ്യണമെന്നാണ് വ്യവസ്‌ഥ.

അതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കൊല്ലം നഗരത്തിൽ ശാസ്താംകോട്ട കായലിനെ ആശ്രയിച്ച് കുടിവെള്ള വിതരണം നടത്തുന്ന സ്‌ഥിതി മാറിയിട്ടുണ്ട്. കഴിഞ്ഞതവണ കല്ലടയാറിനെക്കൂടി ആശ്രയിച്ചാണു കൊല്ലം നഗരത്തിൽ കുടിവെള്ള വിതരണം നടത്തിയത്. അണക്കെട്ടുകളിലെ ചെളി നീക്കം ചെയ്യുന്നതു സംബ ന്ധിച്ച് അടുത്തയാഴ്ച യോഗം ചേരും. ജലനിധി രണ്ടാംഘട്ടപദ്ധതിയിൽ 175 തടയണകൾ നിർമിക്കുന്നതിനുള്ള പദ്ധതി തയാറായി. ഇതിൽ 127 എണ്ണം പൂർത്തിയായി.

തിരുവനന്തപുരം നഗരത്തിൽ ജലവിതരണത്തിനായി അരുവിക്കര പദ്ധതിയിൽ നിന്നു ജലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

നഗരത്തിലെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിനായി നിലവിലുള്ള പൈപ്പുകൾ തമ്മിൽ ഇന്റർ കണക്ഷനുകൾ സ്‌ഥാപിക്കും. ജപ്പാൻ, ജൻറം പദ്ധതികളിൽ 165 കിലോമീറ്റർ ദൈർഘ്യത്തിൽ പൈപ്പ് സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഇന്റർ കണക്ഷൻ നൽകിയിട്ടില്ല. പണിപൂർത്തിയായ സ്‌ഥലങ്ങളിൽ റോഡു മുറിക്കുന്നതു വിഷയമായിട്ടുണ്ട്.

ഇക്കാര്യത്തിൽ പൊതുമരാമത്ത് മന്ത്രിയുമായി ചർച്ചനടത്തി കണക്ഷൻ നൽകാൻ നടപടി സ്വീകരിക്കും. റോഡുപണിക്കു മുമ്പുതന്നെ പൈപ്പിടൽ പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു കെ. ദാസൻ, പി. ആയിഷാ പോറ്റി, കെ.കെ. രാമചന്ദ്രൻ നായർ, എസ.് ശർമ, കാരാട്ട് റസാഖ്, എം. മുകേഷ്, വി.എസ്. ശിവകുമാർ, എൽദോസ് കുന്നപ്പള്ളി, എൽദോ ഏബ്രഹാം എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.

വാട്ടർ അഥോറിറ്റി പ്രതിദിനം ഏകദേശം 25,170 ലക്ഷം ലിറ്റർ കുടിവെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഉത്പാദന കേന്ദ്രങ്ങളിൽ മീറ്ററുകൾ സ്‌ഥാപിച്ചിട്ടില്ലാത്തതിനാൽ കൃത്യമായ കണക്ക് ലഭ്യമല്ല. പമ്പ് ചെയ്യുന്നതിൽ പ്രതിദിനം 50 ശതമാനം വെള്ളം മാത്രമേ മീറ്റർ ചെയ്യപ്പെടുന്നുള്ളൂ.

പമ്പ് ചെയ്യുന്നതും മീറ്റർ ചെയ്യുന്നതുമായ വെള്ളത്തിന്റെ അന്തരം 1258.5 ദശലക്ഷം ലിറ്ററാണ്. പൊതുടാപ്പുകളിലൂടെയുള്ള ദുരുപയോഗം, ജലമോഷണം, മറ്റ് കരാറുകൾ എന്നിവയാണ് ഇതിനുള്ള പ്രധാന കാരണം.


പുതിയ മാവേലി സ്റ്റോറുകൾ ആരംഭിക്കും

സംസ്‌ഥാനത്ത് 10 ജില്ലകളിലെ 32 ഗ്രാമപഞ്ചായത്തുകളിലായി പുതിയ മാവേലി സ്റ്റോറുകൾ ആരംഭിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ ആന്റണി ജോണിനെ അറിയിച്ചു. സപ്ലൈകോ ജീവനക്കാരുടെ ശമ്പളപരിഷ്കരണം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും പി.ടി.എ. റഹിമിനെ മന്ത്രി അറിയിച്ചു. ഇതിലൂടെ പ്രതിമാസം 46.63 ലക്ഷം രൂപ അധികബാധ്യത വരും.

ഐഎവൈ ഭവനപദ്ധതിയിൽ 247.39 കോടി രൂപ കുടിശികയുണ്ടെന്ന് കെ. മുരളീധരൻ, എ.പി. അനിൽകുമാർ, വി.പി. സജീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ എന്നിവരെ മന്ത്രി എ.കെ. ബാലൻ അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽ 203 കോടി രൂപയും പട്ടികവർഗ വിഭാഗത്തിൽ 44.39 കോടി രൂപയും നൽകാനുണ്ട്. 2014 മുതലുള്ള കുടിശികയാണിത്.

സംസ്‌ഥാനത്തെ കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പ് ലൈൻ മാറ്റി സ്‌ഥാപിക്കുന്നതിന് 526 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, സി.എഫ്. തോമസ്, എൻ. ജയരാജ് എന്നിവരെ മന്ത്രി മാത്യു. ടി. തോമസ് അറിയിച്ചു. കിഫ്ബി പദ്ധതി നടപ്പാക്കും. സംസ്‌ഥാന പദ്ധതിയിൽ ഇതിനായി 50 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.


തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ പ്രത്യേക ഡിഅഡിക്ഷൻ സെന്ററുകൾ സ്‌ഥാപിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. ഇതിൽ ഒരെണ്ണം ഉടൻ പ്രവർത്തനമാരംഭിക്കും. ഇതിനായി കേന്ദ്രസഹായം ആവശ്യപ്പെടും.

പട്ടികവർഗക്കാരെ മറ്റു ജനങ്ങളോടൊപ്പം ഉയർത്തിക്കൊണ്ടുവന്നു രാജ്യത്തിന്റെ സമഗ്രവികസനത്തിന്റെ ഭാഗമാക്കുന്നതിനായി സംസ്‌ഥാനത്ത് വനബന്ധു കല്യാൺ യോജന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. നിലവിൽ പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്.

2015–16 വർഷം മുതൽ 1920 വരെ പദ്ധതി നടത്തിപ്പിനായി 3600.24 കോടി രൂപയുടെ പദ്ധതി രൂപരേഖ സംസ്‌ഥാന സർക്കാർ കേന്ദ്രസർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് പി.വി. അൻവർ, കെ.വി. വിജയദാസ്, ഒ.ആർ. കേളു, യു.ആർ. പ്രദീപ് എന്നിവരെ മന്ത്രി അറിയിച്ചു. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കായി പി.കെ. കാളൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയാറായിട്ടുണ്ടെന്ന് പി.കെ. ശശിയെ മന്ത്രി അറിയിച്ചു.

ടെക്സ്റ്റയിൽസ് മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീതൊഴിലാളികൾക്ക് അടിസ്‌ഥാന സൗകര്യവും മതിയായ വിശ്രമവും അനുവദിക്കാത്തതു സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. നേരത്തേ ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിൽ ഇതുസംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. പക്ഷേ സമരങ്ങൾ നടന്ന തുണിവ്യാപാര സ്‌ഥാപനങ്ങളിൽ ഇപ്പോഴും സ്ത്രീതൊഴിലാളികൾക്ക് ഇരിക്കുന്നതിനുള്ള അനുമതി ഇല്ലായെന്നത് സർക്കാർ ഗൗരവമായി കാണുന്നുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന ശക്‌തമാക്കിയിട്ടുണ്ടെന്നും സി. ദിവാകരൻ, ഇ.ടി. ടൈസൺ മാസ്റ്റർ, ഇ.കെ. വിജയൻ, സി.കെ. ആശ എന്നിവരെ മന്ത്രി അറിയിച്ചു.


ബന്ധു നിയമനം: നാലു പരാതികൾ ലഭിച്ചുവെന്നു മുഖ്യമന്ത്രി

സംസ്‌ഥാനത്ത് പൊതുമേഖലാ സ്‌ഥാപനങ്ങളുടെ തലപ്പത്തു സിപിഎം നേതാക്കളുടെ മക്കളെയും ബന്ധുക്കളെയും നിയമിച്ചതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് പ്രതിപക്ഷ നേതാവിന്റേതടക്കം നാലു പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പരാതികളിന്മേൽ പ്രാഥമിക അന്വേഷണം നടന്നുവരികയാണ്.

വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്, കഴക്കൂട്ടത്തുള്ള കിൻഫ്രാ അപ്പാരൽ പാർക്ക്, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്, ക്ലേ ആൻഡ് സെറാമിക് ലിമിറ്റഡ്, വനിതാ വികസന കോർപറേഷൻ, വ്യവസായ വകുപ്പിലെ ഉന്നത തസ്തികകൾ എന്നിവിടങ്ങളിൽ നിയമനം നടത്തിയതുമായി ബന്ധപ്പെട്ടാണ് പരാതികൾ ലഭിച്ചിട്ടുള്ളതെന്ന് അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ഐ.സി. ബാലകൃഷ്ണൻ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.


74 സ്ത്രീകളെയും 28 കുട്ടികളെയും കാണാതായി


സംസ്‌ഥാനത്തു ദുരൂഹ സാഹചര്യത്തിൽ സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്ന സംഭവത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഈ വർഷം സെപ്തംബർ 15 വരെ 74 സ്ത്രീകളെയും 28 കുട്ടികളെയും കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് എൽദോസ് കുന്നപ്പള്ളി, പി.കെ. ബഷീർ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

കാസർഗോഡ് ജില്ലയിൽ ഇക്കൊല്ലം മേയ് 18 മുതൽ സെപ്റ്റംബർ 30 വരെ പാസ്പോർട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് 170 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കെ. കുഞ്ഞിരാമനെ മുഖ്യമന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 71 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതരസംസ്‌ഥാന തൊഴിലാളികൾക്കെതിരേ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എണ്ണം കൂടുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഇക്കൊല്ലം ഒക്ടോബർ 16 വരെ 492 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിൽ 398 എണ്ണത്തിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 2015–ൽ 568 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2014–ൽ ഇത് 420 ആയിരുന്നു. 2013–ൽ 283 കേസും 2012–ൽ 273 കേസും 2011–ൽ 178 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എ.എം. ഷംസീറിനെ മുഖ്യമന്ത്രി അറിയിച്ചു.


പൊതുസ്‌ഥലത്തു മദ്യപാനം:34,261 കേസെടുത്തു

പൊതു സ്‌ഥലത്തെ മദ്യപാനവുമായി ബന്ധപ്പെട്ട് ഈ സാമ്പത്തിക വർഷം ഒക്ടോബർ 15 വരെ 34,261 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മഞ്ഞളാംകുഴി അലിയെ മുഖ്യമന്ത്രി അറിയിച്ചു.

2014–15 കാലയളവിൽ 50,934 കേസുകളും 2015–16 കാലയളവിൽ 60,183 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.