എപിഎലിന് 8.30 രൂപ നിരക്കിൽ അരി
എപിഎലിന് 8.30 രൂപ നിരക്കിൽ അരി
Wednesday, October 26, 2016 12:26 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ എപിഎൽ വിഭാഗത്തിൽപെട്ട റേഷൻ കാർഡ് ഉടമകൾക്കു കിലോയ്ക്ക് 8.30 രൂപ നിരക്കിൽ അരി നൽകാനുള്ള കേന്ദ്രസർക്കാർ ഉത്തരവ് സംസ്‌ഥാനത്തിനു ലഭിച്ചതായി ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിയമസഭയെ അറിയിച്ചു. അടിയന്തര പ്രമേയ അവതരണത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.

ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറച്ചതിനു ശേഷം 22 രൂപ നിരക്കിൽ അരി നൽകാനായിരുന്നു കേന്ദ്ര നിർദേശം. ഇതു മാറ്റി പഴയ നിരക്കു പുനഃസ്‌ഥാപിക്കാൻ നിർദേശിച്ചുകൊണ്ടുള്ള കേന്ദ്ര ഉത്തരവ് കഴിഞ്ഞ രാത്രി സംസ്‌ഥാനത്തിനു ലഭിച്ചു.

യുഡിഎഫ് സർക്കാർ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കാൻ വൈകിച്ചതു റേഷൻ മൊത്ത വ്യാപാരികളെ സഹായിക്കാനാണെന്നും മന്ത്രി ആരോപിച്ചു.

ആരോപണം തെളിയിക്കാൻ മുൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് മന്ത്രി പി. തിലോത്തമനെ വെല്ലുവിളിച്ചു.

മുൻഗണനാപട്ടികയിലെ തെറ്റുകൾ തിരുത്തുന്നതിനു കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചു പ്രതിപ ക്ഷവും കേരള കോൺഗ്രസും വാക്കൗട്ട് നടത്തി.

മുൻഗണനാ പട്ടികയിലെ തെറ്റുതിരുത്താനും പരാതി നൽകാനും അഞ്ചു ദിവസം നൽകിയാൽ ഒന്നും നടക്കില്ലെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ അനൂപ് ജേക്കബ് പറഞ്ഞു.


മുൻഗണനാ പട്ടികയുമായി ബ ന്ധപ്പെട്ട് 1.47 ലക്ഷം പരാതികൾ ഇതുവരെ ലഭിച്ചു. 15,000 പേർ റേഷൻ വേണ്ടെന്നു സ്വയം പ്രഖ്യാപിച്ചു. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാതെ മുൻ സർക്കാർ വർഷങ്ങൾ പാഴാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നു മന്ത്രി തിലോത്തമൻ ആരോപിച്ചു.

*ഒരുക്കങ്ങളൊന്നുമില്ലാതെ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു ജനത്തെ വലയ്ക്കുന്ന നിലപാടാണു സർക്കാർ സ്വീകരിക്കുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

തകർച്ച നേരിടുന്ന റേഷൻ കടകളിലേക്ക് എൽഡിഎഫ് സമര ത്തിനു പോകുന്നതു വിരോധാഭാസമാണ്. യുഡിഎഫ് സർക്കാരിന്റെ സമ്മർദത്തിന്റെ ഫലമായാണു സംസ്‌ഥാന റേഷൻ വിഹിതം 10 ലക്ഷം ടണ്ണിൽ നിന്ന് 14.25 ലക്ഷം ടണ്ണായി ഉയർത്താനായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

താലൂക്ക് അടിസ്‌ഥാനത്തിൽ തയാറാക്കിയ മുൻഗണനാ പട്ടിക സംസ്‌ഥാനാടിസ്‌ഥാനത്തിലേക്കു മാറ്റിയതിനു പിന്നിലെ താൽപര്യം സർക്കാർ വിശദീകരിക്കണമെന്നു കെ.എം. മാണി ആവശ്യപ്പെട്ടു.

ധൃതി പിടിച്ചു റേഷൻ കാർഡി ലെ തിരുത്തു നടത്തുന്നതു ദൂര വ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കാമെന്നു ബിജെപി അംഗം ഒ. രാജഗോപാൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.