മലയാളത്തിനു കൈകൊടുത്തു ബ്രണ്ടൻ മക്കല്ലം
Thursday, October 27, 2016 11:58 AM IST
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ ഇടനാഴിയിലൂടെ ഒറ്റയ്ക്കു വേഗത്തിൽ നടന്നുനീങ്ങിയ വെളുത്ത ചെറുപ്പക്കാരൻ, ന്യൂസിലൻഡ് പ്രധാനമന്ത്രിക്കൊപ്പമെത്തിയ വലിയ സംഘത്തിലെ ആരെങ്കിലുമൊരാൾ എന്നായിരുന്നു കണ്ടുനിന്നിരുന്നവർ കരുതിയത്. അടുത്തു കണ്ടപ്പോൾ, ആ കരുതൽ ആഹ്ലാദത്തിനും ആവേശത്തിനും വഴിമാറി. കൂറ്റൻ സിക്സറുകളിലൂടെയും കളിയുടെ സൗന്ദര്യപ്പകർച്ചകളിലൂടെയും ക്രിക്കറ്റ് പിച്ചുകളെ തീപിടിപ്പിച്ച സാക്ഷാൽ ബ്രണ്ടൻ മക്കല്ലം കൺമുന്നിൽ.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെർമിനൽ സന്ദർശിക്കാനെത്തിയ ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺ ഫിലിപ്പ് കീയ്ക്കൊപ്പം 81 അംഗ പ്രതിനിധി സംഘത്തിലാണ് ആ രാജ്യത്തിന്റെ സൂപ്പർതാരം എത്തിയത്. ജോൺ കീയെ കാത്തിരുന്ന മാധ്യമപ്രവർത്തകരുടെ അടുത്തേക്ക്, അദ്ദേഹത്തിനു മുമ്പേ ഔപചാരികതകളൊന്നുമില്ലാതെ മക്കല്ലം നടന്നെത്തി. ഗ്രൗണ്ടിൽ ക്രിക്കറ്റിന്റെ സൗന്ദര്യവും ലഹരിയും ആവോളം സമ്മാനിച്ച വലിയ താരം എല്ലാവർക്കും പുഞ്ചിരി സമ്മാനിച്ചും, അടുത്തെത്തിയവരോടു കൂട്ടുകൂടിയും ശ്രദ്ധനേടി.

ആളെ തിരിച്ചറിഞ്ഞതോടെ മക്കല്ലത്തോടു കുശലം പറയാനും കൂടെനിന്നു ചിത്രമെടുക്കാനും വിമാനത്താവളത്തിലെ ഉദ്യോഗസ്‌ഥരും പോലീസുകാരും ഉൾപ്പെടെയുള്ളവർ തിരക്കുകൂട്ടി. ആരോടും ക്രിക്കറ്റ് താരം അരുതെന്നു പറഞ്ഞില്ല. കൂടെ നിൽക്കാൻ കൊതിച്ചവർക്കു കൈകൊടുത്തു. പുഞ്ചിരിയോടെ അടുത്തുകൂടിയവർക്കൊപ്പം സെൽഫിക്കു പോസ് ചെയ്തു. മാധ്യമങ്ങളുടെ ഫോട്ടോഗ്രാഫർമാരും ചാനൽ കാമറകളും മക്കല്ലത്തിന്റെ അപ്രതീക്ഷിത വരവു പകർത്താൻ മത്സരിച്ചു. ഇന്ത്യക്കാരുടെ സ്നേഹവും പ്രോത്സാഹനവും തനിക്ക് എന്നും ആവേശമാണെന്നു മക്കല്ലം പറഞ്ഞു.


വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ചുറ്റിനടന്നു കണ്ട മക്കല്ലം, ഇടയ്ക്കു കണ്ണിലുടക്കിയ ആനയുടെ ശില്പത്തിന്റെ ഭംഗി തൊട്ടും തലോടിയും ആസ്വദിച്ചു. ഒരു മണിക്കൂറോളം മലയാളികൾക്കൊപ്പം അദ്ദേഹം വിമാനത്താവളത്തിൽ ചെലവിട്ടു. ഒടുവിൽ വിമാനത്തിനടുത്തേക്കു മടങ്ങാൻ കാറിൽ കയറിയശേഷവും തന്നെ കാണാനെത്തിയവർക്കായി അദ്ദേഹം പുറത്തിറങ്ങി.

ഇന്ത്യയിലെയും ന്യൂസിലൻഡിലെയും വാണിജ്യ, വ്യവസായ, നയതന്ത്ര മേഖലയിലെ അതികായന്മാർ പലരും ന്യൂസിലൻഡ് പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിലെത്തിയവരുടെ കണ്ണുകളും കാമറകളും മക്കല്ലത്തിൽ മാത്രമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെയും ആവേശമാണ് ഈ വെടിക്കെട്ടു ബാറ്റ്സ്മാൻ.

സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.