പോലീസ് സ്റ്റേഷൻമുറ്റത്തും നായ കടിച്ചു
Thursday, October 27, 2016 12:05 PM IST
പാലാ: പോലീസ് സ്റ്റേഷനിലെത്തുന്നവർക്കും തെരുവുനായ്ക്കളിൽനിന്നു രക്ഷയില്ല. പരാതി നൽകാനെത്തിയ ആളെ പോലീസ് സ്റ്റേഷൻ മുറ്റത്തു തെരുവുനായ കടിച്ചു. ഇടപ്പാടി വള്ളിയാംതടത്തിൽ സജി(44)ക്കാണ് ഇന്നലെ കടിയേറ്റത്. സജി പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

സാമൂഹ്യപ്രവർത്തകനും ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനയുടെ ഭർത്താവുമായ സജി, ഒരു ഓട്ടോറിക്ഷ അപകടം സംബന്ധിച്ചു പരാതി നൽകാനാണു വൈകുന്നേരം നാലിനു സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ പ്രവേശിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ തെരുവുനായ കടിക്കുകയായിരുന്നു. കാലിനാണു കടിയേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടണമെന്നും നിർദേശിച്ചിട്ടുണ്ട്.

നഗരസഭയുടെ ആഭിമുഖ്യത്തിൽ തെരുവുനായ്ക്കൾക്കു സംരക്ഷണകേന്ദ്രമൊരുക്കി മാതൃകയായ പാലായിൽ ഈ കേന്ദ്രത്തിന്റെ പ്രവർത്തനം മന്ദഗതിയിലായതോടെ തെരുവുനായ്ക്കളുടെ ശല്യം പെരുകിയിട്ടുണ്ട്. ഏതാനും ആഴ്ചകളായി തെരുവുനായ പാലാ പോലീസ് സ്റ്റേഷൻ വളപ്പിലുണ്ടെന്നും ഇതിനെ ഒഴിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പാലാ സിഐ ടോമി സെബാസ്റ്റ്യൻ പറഞ്ഞു.


<ആ>കണ്ണൂരിൽ അഞ്ചു പേർക്കു കടിയേറ്റു

കണ്ണൂർ: പെരളശേരിയിലും കാട്ടാമ്പള്ളിയിലും വയോധികർ ഉൾപ്പെടെ അഞ്ചു പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റു. ഇന്നലെ രാവിലെ 6.30 ഓടെയാണു പെരളശേരിയിലെ അമ്പലം റോഡിൽ മൂന്നു പേർക്കു കടിയേറ്റത്. രാവിലെ പാലുമായി സൊസൈറ്റിയിലേക്കു പോകുകയായിരുന്ന ക്ഷീരകർഷകൻ നാരായണനെ തെരുവുനായ പിന്തുടർന്നു കടിക്കുകയായിരുന്നു. രാവിലെ കട തുറക്കാൻ പോകുകയായിരുന്ന വ്യാപാരി സുമേഷ് (35), വഴിയാത്രക്കാരിയായ ശാരദ (68) എന്നിവരെയും നായ കടിച്ചു പരിക്കേൽപ്പിച്ചു.

കാട്ടാമ്പള്ളി കോട്ടക്കുന്നിൽ ചൊവ്വാഴ്ച വൈകുന്നേരമാണു രണ്ടു പേർക്കു കടിയേറ്റത്. കാൽനടയാത്രക്കാരായ കോട്ടക്കുന്ന് സ്വദേശി ഹുസൈൻ (19), അബ്ദുള്ള (40) എന്നിവർക്കാണു കടിയേറ്റത്. കടിയേറ്റ അഞ്ചു പേരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.