പിഎസ്സി പരീക്ഷയ്ക്കു ഫീസ് ഏർപ്പെടുത്തണമെന്നു ചെയർമാൻ
Thursday, October 27, 2016 12:05 PM IST
തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകൾക്ക് ഉദ്യോഗാർഥികളിൽ നിന്നു ഫീസ് ഈടാക്കണമെന്നു ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കും പട്ടിക വർഗക്കാർക്കും സാമ്പത്തിക സൗജന്യം നൽകാം. അല്ലാത്തവർക്കു ഈ സൗജന്യം നൽകുന്നതു നീതീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ഉദ്യോഗാർഥി പരീക്ഷയെഴുതുമ്പോൾ പിഎസ്സിക്കു ചെലവാകുന്നതു 210 രൂപയാണ്. അപേക്ഷിച്ചയാൾ പരീക്ഷയ്ക്കു വന്നാലും വന്നില്ലെങ്കിലും ഈ തുക ചെലവാകും. കൂടുതൽ പരീക്ഷകൾക്ക് അപേക്ഷിക്കുകയും ഹാജരാകാതിരിക്കുകയും ചെയ്യുന്ന പ്രവണത വർധിക്കുന്നുണ്ടെന്നും പരീക്ഷയ്ക്കു ഫീസ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടു പിഎസ്എസി രണ്ടു വർഷം മുമ്പ് സർക്കാരിനു ശിപാർശ ചെയ്തിരുന്നെങ്കി ലും പിന്നീട് ആ ഫയൽ വെളിച്ചം കണ്ടില്ലെന്നും ചെയർമാൻ സ്‌ഥാനം ഒഴിയുന്നതിനുമുമ്പുള്ള പത്രസമ്മേളനത്തിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ വ്യക്‌തമാക്കി.

കേരളത്തിൽ പണിയെടുക്കാൻ വരുന്നവർ മലയാളം നിർബന്ധമായും അറിഞ്ഞിരിക്കണം. പരീക്ഷകളിൽ മാതൃഭാഷ നിർബന്ധമാക്കണമെങ്കിൽ സംസ്‌ഥാനത്തെ ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്നം പരിഹരിക്കണം. ഭാഷാന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്ത് അവരുമായി ചർച്ച നടത്തിയാൽ മാത്രമേ ഇതിനു സാധിക്കൂ. പിഎസ് സി പരീക്ഷകളെല്ലാം ഓൺലൈനിലാക്കാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം സ്വീകാര്യമാണ്. സാധാരണ നടപടിക്രമങ്ങളെല്ലാം മാറ്റിവച്ചു കാട്ടിനുള്ളിൽ കഴിയുന്ന ആദിവാസി വിഭാഗങ്ങളിൽ നിന്ന് 617 ട്രൈബൽ വാച്ചർമാരെ നിയമിക്കാൻ കഴിഞ്ഞത് അഞ്ചുവർഷക്കാലത്തിനിടെയിലെ കമ്മീഷന്റെ ഏറ്റവും മികച്ച നേട്ടമാണ്. ഇതിൽ ചെയർമാനെന്ന നിലയിൽ അഭിമാനമുണ്ട്.


തനിക്കെതിരേയുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിെൻറ റിപ്പോർട്ട് അപക്വമാണ്. തന്നെ അധിക്ഷേപിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു റിപ്പോർട്ടു ബന്ധപ്പെട്ടവർ തയാറാക്കിയത്. പിഎസ്സി ചെയർമാനെന്ന നിലയിൽ സർക്കാർ ചെലവിൽ താൻ യാതൊരു വിദേശയാത്രയും നടത്തിയിട്ടില്ല. ചാവറയച്ചനെ വിശുദ്ധനാക്കിയ ചടങ്ങിലും ശിവഗിരി തീർഥാടനത്തിെൻറ നൂറാം വാർഷിക ചട ങ്ങിലും പങ്കെടുത്തതു മതതാത്പര്യം മുൻനിർത്തിയാണെന്നാ ണു റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. രണ്ടു ചടങ്ങിലും പങ്കെടുത്തത് അവരുടെ ചെലവിലാണ്. നവോത്ഥാന നായകരെ തിരിച്ചറിയാനുള്ള വിവേകമെങ്കിലും ധനവകുപ്പിലെ ആളുകൾക്കുണ്ടായിരിക്കണമെന്നും കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.

ഇന്നോവയിൽ സഞ്ചരിക്കുന്നത് ആഡംബരത്തിനാണെന്ന ബാലിശമായ കണ്ടെത്തലും ധനവകുപ്പു കണ്ടെത്തിയിട്ടുണ്ട്. ഇതിനൊന്നും മറുപടി പറഞ്ഞു താൻ വിവാദത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വിവിധ തസ്തികകളിലായി 4657 വിജ്‌ഞാപനങ്ങൾ പുറപ്പെടുവിക്കുവാൻ കഴിഞ്ഞു. 3604 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. 28482 ഇന്റർവ്യൂകൾ നടത്തി. 1,60,380 ഉദ്യോഗാർഥികൾക്കു കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ അഡ്വൈസ് മെമ്മോ അയച്ചു. ഇതെല്ലാം മുൻ വർഷങ്ങളുമായി താരതമ്യം ചെയുമ്പോൾ മെച്ചപ്പെട്ട റിക്കാർഡാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.