15,647 എൻജി. സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
Thursday, October 27, 2016 12:14 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് എൻജിനിയറിംഗ് കോളജുകളിൽ മെറിറ്റ് സീറ്റിൽ മാത്രമായി 15,647 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി നിയമസഭയിൽ ആബിദ് ഹുസൈൻ തങ്ങളെ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.

കേരളത്തിൽ വനിതാ പോലീസ് ഉദ്യോഗസ്‌ഥരുടെ എണ്ണം 3691 ആണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. വനിതാ ഡിവൈഎസ്പി മുതൽ സിപിഒ വരെയുള്ള തസ്തികകളിലാണ് ഇത്.

ഗാർഡ് ഡ്യൂട്ടി നോക്കുന്ന പോലീസുകാർക്ക് പ്ലാസ്റ്റിക് പൊതികളിൽ ഭക്ഷണം നൽകുന്നത് ഒഴിവാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡിജിപി ഇതുസംബന്ധിച്ച നിർദേശം പോലീസ് ഉദ്യോഗസ്‌ഥർക്ക് നൽകിയതായും പി. അയിഷാ പോറ്റിക്ക് മറുപടി ലഭിച്ചു.

കടൽരക്ഷാ പ്രവർത്തനങ്ങൾക്കായി ഈ സാമ്പത്തിക വർഷം ഒരു മറൈൻ ആംബുലൻസ് വാങ്ങുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.

ചെറുമത്സ്യങ്ങളെ പിടിച്ചതിന് മത്സ്യത്തൊഴിലാളികൾക്കെതിരേ 56 കേസെടുത്ത് 17 ലക്ഷം രൂപ പിഴ ഈടാക്കിയതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. 14 ഇനം മത്സ്യങ്ങളെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇതു തടയാൻ മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ് എന്നീ ഏജൻസികളോടു നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കടലിൽനിന്നു പിടിക്കുന്ന മത്സ്യങ്ങളുടെ ആദ്യ വില്പനാവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പാക്കാൻ സാധിക്കുന്ന നിയമം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു.

സംസ്‌ഥാനത്ത് ഈ വർഷം ഇതുവരെ 2089.62 ഹെക്ടർ പ്രദേശത്ത് കാട്ടുതീ ഉണ്ടായതായി മന്ത്രി കെ. രാജു അറിയിച്ചു. തൃശൂർ സെൻട്രൽ സർക്കിളിലാണ് ഏറ്റവും കൂടുതൽ തീ ഉണ്ടായത്. 488.56 ഹെക്ടർ. ഈസ്റ്റേൺ സർക്കിൾ പാലക്കാട് 419.8 ഹെക്ടർ, നോർത്തേൺ സർക്കിൾ കണ്ണൂർ 390.21 ഹെക്ടർ. അഗസ്ത്യവനത്തിൽ കാട്ടുതീ ഉണ്ടായതേയില്ല.


വനംവകുപ്പ് ഓരോ വർഷവും 230 കോടിയുടെ വനോത്പന്നങ്ങൾ വില്പന നടത്തുന്നതായി പി.വി. അൻവർ, എസ്. രാജേന്ദ്രൻ, ഡി.കെ. മുരളി, വി. അബ്ദുറഹ്മാൻ എന്നിവരെ മന്ത്രി അറിയിച്ചു. മാൻഗ്രോവ്സർവെ പ്രകാരം 496.77 ഹെക്ടർ കണ്ടൽ വന പ്രദേശം റിസർവ് വനമാക്കി സംരക്ഷിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നതായി ടി.വി. രാജേഷിനെ മന്ത്രി അറിയിച്ചു.
സംസ്‌ഥാനത്ത് 3966 സ്വകാര്യ കന്നുകാലി ഫാമുകൾ പ്രവർത്തിക്കുന്നതായി മന്ത്രി കെ. രാജു അറിയിച്ചു. കണ്ണൂർ 675, മലപ്പുറം558, തിരുവനന്തപുരം346, കൊല്ലം 543, പത്തനംതിട്ട 30, ആലപ്പുഴ 76, കോട്ടയം 220, ഇടുക്കി 185, എറണാകുളം 250, തൃശൂർ 150, പാലക്കാട് 247, കോഴിക്കോട് 52, വയനാട് 481 കാസർഗോഡ് 153 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ സ്വകാര്യ ഫാമുകളുടെ എണ്ണം. കാലിത്തീറ്റ സബ്സിഡി ഉയർത്തുന്നകാര്യം സർക്കാർ പരിഗണനയിലാണെന്ന് പാറയ്ക്കൽ അബ്ദുല്ല, കെ.എം. ഷാജി, കെ. അഹമ്മദ് കബീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരെ മന്ത്രി കെ. രാജു അറിയിച്ചു. അരുവിക്കര, പേരാമ്പ്ര കുറ്റ്യാടി, എന്നിവിടങ്ങളിലായി വാട്ടർ അഥോറിറ്റിയുടെ കീഴിൽ ബോട്ടിലിംഗ് യൂണിറ്റിന്റെ പ്രവർത്തനം നടന്നുവരുന്നതായി എൽദോ ഏബ്രഹാമിനെ മാത്യു. ടി. തോമസ് അറിയിച്ചു.

തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ലോ ഫ്ളോർ സർവീസുകൾ നടത്തുന്നകാര്യം പരിശോധിക്കുമെന്ന് ആബിദ് ഹുസൈൻ തങ്ങളെ മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.