ഹൃദയത്തിന്റെ അപൂർവ തകരാർ പുതിയ രീതിയിൽ പരിഹരിച്ചു
Thursday, October 27, 2016 12:14 PM IST
കൊച്ചി: ഒമ്പതു വയസുകാരിയുടെ ഹൃദയത്തിന്റെ അപൂർവമായ തകരാർ, ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി നവീന സാങ്കേതിക വിദ്യയിലൂടെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ പരിഹരിച്ചു.

സൈനസ് വീനോസസ് ഏട്രിയൽ സെപ്റ്റൽ ഡിഫക്ട് (എസ്വിഎഎസ്ഡി) എന്ന അപൂർവ തകരാറായിരുന്നു കുട്ടിക്ക്. പീഡിയാട്രിക് കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.എസ്.ആർ. അനിൽ, ആവരണമുള്ള സ്റ്റെന്റ് ഉപയോഗിച്ചു ട്രാൻസ് കത്തീറ്റർ ക്ലോഷറിലൂടെയാണു ഹൃദയതകരാർ പരിഹരിച്ചതെന്നു മെഡ്സിറ്റി അധികൃതർ പറഞ്ഞു.

ഹൃദയത്തിന്റെ മുകളിലുള്ള രണ്ടറകൾ തമ്മിലുള്ള ആവരണത്തിൽ ദ്വാരമുണ്ടാകുന്ന ഏട്രിയൽ സെപ്റ്റൽ ഡിഫക്ടിന്റെ (എഎസ്ഡി) അപൂർവ വകഭേദമാണ് എസ്വിഎഎസ്ഡി. ഹൃദയത്തിലേക്കു രക്‌തം എത്തിക്കുന്ന കഴുത്തിലെ പ്രധാന രക്‌തക്കുഴലിനോടു ചേർന്നാണു തകരാർ എന്നുള്ളതു പ്രശ്നം സങ്കീർണമാക്കുന്നു. ഇതു പരിഹരിക്കാനുള്ള ഏകവഴി നെഞ്ചിൻകൂടിനുള്ളിലൂടെ മുറിവുണ്ടാക്കി രക്‌തം ഹൃദയത്തിലേക്ക് എത്തിക്കുകയാണ്.


കുട്ടിയുടെ മാതാപിതാക്കൾ ഓപ്പൺഹാർട്ട് സർജറിക്കു വിസമ്മതിച്ചതിനെത്തുടർന്നാണു പുതിയ സാങ്കേതിക വിദ്യ പ്രയോഗിക്കാൻ തീരുമാനിച്ചത്. ആവരണമുള്ള ഒരു സ്റ്റെന്റ് ഉപയോഗിച്ചു രണ്ടു മണിക്കൂർകൊണ്ടു ദ്വാരമടയ്ക്കുകയായിരുന്നു. ശസ്ത്രക്രിയാ മുറിപ്പാടുകളൊന്നുമില്ലാത്തതിനാൽ 48 മണിക്കൂർ കഴിഞ്ഞപ്പോൾ കുട്ടിയെ ഡിസ്ചാർജും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.