വിലസ്‌ഥിരതാ പദ്ധതിയിൽ ഇനിയും രജിസ്റ്റർ ചെയ്യാം: മുഖ്യമന്ത്രി
വിലസ്‌ഥിരതാ പദ്ധതിയിൽ ഇനിയും രജിസ്റ്റർ ചെയ്യാം: മുഖ്യമന്ത്രി
Thursday, October 27, 2016 12:25 PM IST
തിരുവനന്തപുരം: റബർ വിലസ്‌ഥിരതാ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കർഷകർക്ക് ഇനിയും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിലസ്‌ഥിരതാ പദ്ധതിയിലൂടെ ഈ മാസം ഒന്നു വരെ 2,98,295 കർഷകർക്കു ഗുണഫലം ലഭിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടമാണ് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും മോൻസ് ജോ സഫിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

പത്തനംതിട്ട വിമാനത്താവളം: സാധ്യതാപഠനം നടത്തും

ശബരിമല തീർഥാടകരുടെ സൗകര്യം കണക്കിലെടുത്തു പത്തനംതിട്ട ജില്ലയിൽ വിമാനത്താവളം നിർമിക്കുന്നതിനു സാധ്യതാപഠനം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജു ഏബ്രഹാമിന്റെ സബ്മിഷനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ജനങ്ങളെ കുടിയൊഴിപ്പിക്കാതെയും പരിസ്‌ഥിതിക്കു ദോഷം വരാതെയുമുള്ള വിമാനത്താവളമാണു ലക്ഷ്യമിടുന്നത്.

ഒരു വിമാനത്താവളം പ്രായോഗികതലത്തിൽ കൊണ്ടുവരുന്നതിനു പലതരത്തിലുള്ള പഠനങ്ങൾ ആവശ്യമാണ്. അതിന്റെ അടിസ്‌ഥാനത്തിൽ പഠനം നടത്തി നടപടികൾ സ്വീകരിക്കും. ശബരിമല തീർഥാടനത്തിനു ധാരാളം പേർ വിമാനത്തിൽ വരാൻ താത്പര്യം പ്രകടിപ്പിക്കുന്നവരാണ്. അതുകൊണ്ടുതന്നെ തീർഥാടകരുടെ ആവശ്യം കണക്കിലെടുത്താണ് ഇതിനുള്ള ശ്രമം സർക്കാർ നടത്തുന്നത്. ഓരോ ജില്ലയിലും വിമാനത്താവളം നിർമിക്കണമെന്ന് ആവശ്യമുയർന്നാൽ അതു പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ആർസിപി: സംസ്‌ഥാനങ്ങളുടെ അഭിപ്രായം തേടണം

ആസിയാൻ കരാറിനു പിന്നാലെ റീജണൽ കോംപ്രിഹൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് (ആർസിപി) നടപ്പാക്കാനുള്ള കേന്ദ്രനീക്കം കാർഷിക മേഖലയെ ദോഷകരമായി ബാധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മോൻസ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്‌ഥാനത്തെ കർഷകരുടെ താത്പര്യം സംരക്ഷിക്കപ്പെടണമെന്നതു സർക്കാരിന്റെ പ്രഥമലക്ഷ്യമാണ്. ഇക്കാര്യത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതുവികാരം ഉണ്ടാകണം. ആസിയാൻ കരാർ കേരളത്തിലെ കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചു. ആസിയാൻ കരാറിന്റെ ആപത്ത് അനുഭവിച്ചുകൊണ്ടിരിക്കെയാണ് സ്വതന്ത്രവ്യാപാര കരാറിനായി ഇപ്പോൾ പുതുചർച്ച നടക്കുന്നത്.


ഇതിലെ പ്രധാന വ്യവസ്‌ഥ ഇറക്കുമതിത്തീരുവ പൂർണമായും ഒഴിവാക്കുകയെന്നതാണ്. അങ്ങനെവന്നാൽ രാജ്യത്തെ കാർഷികരംഗ ത്തിന് ഗുരുതരമായ ദോഷഫലങ്ങളാവും ഉണ്ടാകുക. കാർഷിക മേഖലയിലെ തകർച്ച രാജ്യത്തിനു ഗുണകരമാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്വതന്ത്ര വ്യാപാര കരാറിനെതിരേ സംസ്‌ഥാനം ശക്‌തമായ സമ്മർദം കേന്ദ്രത്തിൽ ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കയർ പുനഃസംഘടനാ സ്കീം രൂപീകരിക്കും

കയർ മേഖലയെ സംരക്ഷിക്കുന്നതിനായി കയർ പുനഃസംഘടനാ സ്കീമിനു രൂപംനൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സി. കൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കശുവണ്ടി വികസന കോർപറേഷന്റെ ഫാക്ടറികൾ ആധുനികവത്കരിക്കുന്നതിന് കിഫ്ബിയിൽനിന്ന് 100 കോടി രൂപ ലഭ്യമാക്കും. കശുവണ്ടി മേഖലയെ പുനരുജ്‌ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കശുമാവ് കൃഷി വ്യാപിപ്പിക്കും. കൈത്തറി മേഖലയിൽ ഉത്പാദനരീതികളുടെ നവീകരണവും വൈവിധ്യവത്കരണവും ഉറപ്പുവരുത്തും. ഹാന്റെക്സിന്റെയും ഹാൻവീവിന്റെയും പുനഃസംഘടന സമയബന്ധിതമായി പൂർത്തിയാക്കും.

സ്കൂൾ കുട്ടികൾക്കുള്ള യൂണിഫോമിനു കൈത്തറി വസ്ത്രങ്ങൾ ഉപയോഗിക്കണമെന്ന തീരുമാനം ഈ രംഗത്തെ തൊഴിൽദിനങ്ങൾ വർധിക്കാൻ സഹായകരമാകും. കരകൗശല വികസനകോർപറേഷൻ, ആർട്ടിസാൻസ് ഡെവ ലപ്മെന്റ് കോർപറേഷൻ, ബാംബു കോർപറേഷൻ, സുരഭി, കെൽപാം എന്നിവയുടെ വൈവിധ്യവത്കരണത്തിനും പദ്ധതികൾ നടപ്പാക്കും.

ഖാദി മേഖലയിൽ ഭാഗിക യന്ത്രവത്കരണവും വിപണനത്തിനു വിപുലമായ പ്രചാരണപരിപാടികളും ആവിഷ്കരിച്ചു നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.