ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ സ്പെഷൽ സ്ക്വാഡ്
Thursday, October 27, 2016 12:31 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യുന്നതിനു പ്രത്യേക സംവിധാനത്തിനു രൂപംനൽകിയതായി സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഉന്നത ഉദ്യോഗസ്‌ഥരുമായി അദ്ദേഹം നടത്തിയ ചർച്ചയെ തുടർന്ന് ഇതുസംബന്ധിച്ച് വിശദാംശങ്ങൾ തയാറാക്കി. ഇതനുസരിച്ച് ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്നതിന് സംസ്‌ഥാനാടിസ്‌ഥാനത്തിൽ സ്പെഷൽ സ്ക്വാഡ് പ്രവർത്തനമാരംഭിക്കും. ഈ സ്ക്വാഡംഗങ്ങളെ ജില്ലാ തലത്തിൽ വിഭജിച്ച് നൽകും.

ഇത്തരത്തിലുള്ള ആദ്യ സ്ക്വാഡ് എറണാകുളം നഗരത്തിൽ പ്രവർത്തനം ആരംഭിച്ചു. ഗുണ്ടാ സംഘങ്ങൾ, ക്വട്ടേഷൻ ഗാങ്ങുകൾ, പെൺവാണിഭ സംഘങ്ങൾ തുടങ്ങിയവ സംബന്ധിച്ച് വിവരം ശേഖരിക്കുക, അത്തരം ഗുണ്ടാസംഘങ്ങളുടെ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കൽ, ലോക്കൽ പോലീസിന്റെ സഹകരണത്തോടെ ഇത്തരം സംഘാംഗങ്ങളെ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്യൽ തുടങ്ങിയവ ഈ പ്രത്യേക സംഘത്തിന്റെ ചുമതലകളാണ്. സംസ്‌ഥാനതലത്തിൽ ഒരു എസ്പി ഈ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യും. മറ്റു ജില്ലകളിലെ സ്ക്വാഡ് അംഗങ്ങൾ സംബന്ധിച്ചും മറ്റു വിശദാംശങ്ങൾ സംബന്ധിച്ചും ഏതാനും ദിവസങ്ങൾക്കകം തീരുമാനമാകും. അംഗങ്ങൾക്കു മൂന്നു ദിവസത്തെ പരിശീലനവും നൽകും.


സംസ്‌ഥാനത്തു പോലീസ് സ്റ്റേഷനുകൾ കൂടതൽ ജനസൗഹൃദമാക്കുന്നതിനും തെളിയിക്കപ്പെടാത്ത കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിനും ക്രമസമാധാനപാലനം കുറ്റമറ്റതാക്കുന്നതിനുമുള്ള നിരവധി നടപടികൾ ഇതിനകം കൈക്കൊണ്ടുകഴിഞ്ഞു.

ഇത്തരം നടപടികളുടെ തുടർച്ചയായാണു പുതിയസംവിധാനം നിലവിൽ വരുന്നതെന്നും പോലീസ് മേധാവി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.