കൊച്ചിയിൽ ഗുണ്ടാവിരുദ്ധ സ്ക്വാഡിന്റെ ആദ്യകേസിൽ സിപിഎം നേതാവ് പ്രതി
കൊച്ചിയിൽ ഗുണ്ടാവിരുദ്ധ സ്ക്വാഡിന്റെ ആദ്യകേസിൽ സിപിഎം നേതാവ് പ്രതി
Thursday, October 27, 2016 12:42 PM IST
കൊച്ചി: ഗുണ്ടാസംഘങ്ങളെ അമർച്ചചെയ്യാൻ കൊച്ചി പോലീസ് രൂപീകരിച്ച സിറ്റി ടാസ്ക് ഫോഴ്സ് (സിടിഎഫ്) ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ പ്രമുഖ സിപിഎം നേതാവ് പ്രതി. സിപിഎം ജില്ലാ കമ്മിറ്റിയംഗവും കളമശേരി ഏരിയ സെക്രട്ടറിയും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ വി.എ. സക്കീർ ഹുസൈനെ (43) പ്രതിയാക്കിയാണു പോലീസ് കേസെടുത്തത്.

വെണ്ണല സ്വദേശിയും വ്യവസായിയുമായ ജൂബ് പൗലോസിനെ ഗുണ്ടകളെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണു കേസ്. മുൻ ബാങ്ക് ഉദ്യോഗസ്‌ഥൻകൂടിയായ ജൂബ് പൗലോസ് മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതി കൊച്ചി സിറ്റി ടാസ്ക് ഫോഴ്സിനു കൈമാറുകയും പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നുവെന്നു കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ആരുൾ ആർ.ബി. കൃഷ്ണ പറഞ്ഞു.

ഗുണ്ടാസംഘങ്ങളെക്കുറിച്ചു വ്യാപക പരാതിയുയർന്നതിനെത്തുടർന്നു വ്യാഴാഴ്ചയാണു ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. ഇവർ മുഖേനയെടുത്ത ആദ്യകേസിലെ നാലു പ്രതികളിൽ സക്കീർ ഹുസൈൻ ഒന്നാം പ്രതിയാണ്. കളമശേരി പോലീസിന്റെ റൗഡി ലിസ്റ്റിലും പേരുള്ളയാളാണ് ഇയാൾ. യുവസംരംഭകയെ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ മുൻ ഡിവൈഎഫ്ഐ നേതാവ് മല്ലിശേരി കറുകപ്പിള്ളി സിദ്ദിക്ക്(35) ആണു രണ്ടാം പ്രതി.

കേസിലെ മൂന്നാം പ്രതി കണ്ടാൽ തിരിച്ചറിയാവുന്ന നേപ്പാളി മുഖഛായയുള്ളയാളാണ്. പുക്കാട്ടുപടി സ്വദേശിനി കണയാരപ്പടി ഷീല തോമസ് നാലാം പ്രതിയുമാണ്. സിദ്ദിക്കിനെ പ്രതിയാക്കിയതിനെത്തുടർന്നു ഡിവൈഎഫ്ഐയിൽനിന്നു നേരത്തേ പുറത്താക്കിയിരുന്നു.


എറണാകുളം സിപിഎമ്മിൽ അസ്വസ്‌ഥത


കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശേരി ഏരിയ സെക്രട്ടറിയുമായ വി.എ. സക്കീർ ഹുസൈനെ ഒന്നാം പ്രതിയാക്കി കൊച്ചി പോലീസിന്റെ സിറ്റി ടാസ്ക് ഫോഴ്സ് എടുത്ത കേസ് മാർക്സിസ്റ്റ് പാർട്ടിയുടെ ജില്ലയിലെ ഔദ്യോഗികപക്ഷത്ത് അസ്വസ്‌ഥതകൾ സൃഷ്‌ടിക്കുന്നു.

സക്കീറിനെതിരേ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് കൈക്കൊണ്ട നടപടി ജില്ലയിലെ സിപിഎം ആഭ്യന്തര രാഷ്ട്രീയത്തിൽ വഴിത്തിരിവാകുമെന്നും വിലയിരുത്തലുണ്ട്. ജില്ലാ സെക്രട്ടറി പി. രാജീവിന്റെ വിശ്വസ്തനും ജില്ലയിലെ തന്ത്രപരമായ നീക്കങ്ങളുടെ കേന്ദ്രവും ആയിരുന്ന സക്കീർ ഹുസൈനെതിരായ നടപടികൾ അദ്ദേഹത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും പറയുന്നു.


കേസിൽപ്പെട്ട സക്കീറിനെതിരേ സംഘടനാതലത്തിലുള്ള നടപടി ഉടനുണ്ടാകും. സംസ്‌ഥാന നേതൃത്വം ഇതു സംബന്ധിച്ച നിർദേശം ജില്ല നേതൃത്വത്തിനു നൽകിയതായാണു വിവരം. സക്കീർ ഹുസൈന്റെ സ്വത്തു സംബന്ധിച്ച വിശദമായ അന്വേഷണത്തിനും സാധ്യതയുണ്ട്. നേരത്തെയും സമാനമായ അന്വേഷണം സക്കീർ ഹുസൈന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്.

ജില്ലാതല സിപിഎം ജാഥകൾ നടക്കുന്ന സാഹചര്യത്തിൽ നേതാക്കളെല്ലാം പല സ്‌ഥലങ്ങളിലാണെങ്കിലും നിലവിലുള്ള സംഭവവികാസങ്ങളുടെ അടിസ്‌ഥാനത്തിൽ അടിയന്തരമായി സെക്രട്ടേറിയേറ്റ് വിളിച്ചു ചേർക്കുമെന്നും സൂചനയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടു ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണു സക്കീർ ഹുസൈനെതിരേയും മറ്റും പോലീസ് കേസെടുത്തിരിക്കുന്നത്.

നിയമപരമായി നേരിടും

കൊച്ചി: തനിക്കെതിരേയുള്ള പരാതിയും കേസും അടിസ്‌ഥാന രഹിതമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സിപിഎം കളമശേരി ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ പത്രക്കുറിപ്പിൽ പറഞ്ഞു. ഷീല തോമസിന്റെ ഡയറിയിലെ പണിക്കാരനായ ജൂബ് പൗലോസ് ഒന്നര വർഷം മുൻപ് അവരുടെ സ്‌ഥാപനം ആക്രമിച്ച സംഭവത്തിലാണു താൻ ഇടപെടുന്നത്. വനിതാസംരംഭകയെ ബുദ്ധിമുട്ടിക്കുന്നതു കണ്ടപ്പോൾ പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇടപെട്ടെന്നുള്ളതു സത്യമാണ്.

ഇരുകൂട്ടരും ധാരണയിൽ എത്താത്തതിനെത്തുടർന്നു കേസ് കോടതിയിലെത്തി. ഇപ്പോൾ കേസ് കോടതിയുടെ പരിഗണനയിലാണ്. രണ്ടു കോടതികളിലായി ജൂബ് പൗലോസ് നൽകിയ മൊഴികളിലൊന്നും തന്റെ പേര് പരാമർശിച്ചിട്ടില്ലെന്നും സക്കീർ ഹുസൈൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.