ജിഎസ്ടി: ആശങ്ക വേണ്ടെന്ന് ചീഫ് കമ്മീഷണർ
ജിഎസ്ടി: ആശങ്ക വേണ്ടെന്ന് ചീഫ് കമ്മീഷണർ
Friday, October 28, 2016 1:45 PM IST
കൊച്ചി: ചരക്കുസേവന നികുതി (ജിഎസ്ടി) സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ഇതു നിലവിൽ വരുന്നതോടെ സെൻട്രൽ എക്സൈസ് പോലുള്ള ഏജൻസികളുടെ ചുമതലകളിലും സമീപനങ്ങളിലും കാതലായ മാറ്റമുണ്ടാകുമെന്നു സെൻട്രൽ എക്സൈസ്, കസ്റ്റംസ് ആൻഡ് സർവീസസ് കേരള ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വരറാവു. ജിഎസ്ടിയെക്കുറിച്ചു ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി)കെപിഎംജിയുമായി ചേർന്നു സംഘടിപ്പിച്ച ഏകദിന ബോധവത്കരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നികുതി പിരിവുമായി ബന്ധപ്പെട്ട നിർബന്ധിത നിയമ നിർവഹണത്തിൽനിന്നു തങ്ങളുടെ റോൾ നികുതിദായകർക്കു സഹായം ചെയ്തുകൊടുക്കുന്നതിലേക്കു മാറുമെന്നും അത്തരമൊരു മാതൃകയാണു സെൻട്രൽ എക്സൈസ് പിന്തുടരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബഹുമുഖ നികുതിയുടെ സങ്കീർണതകൾ മൂലം നട്ടംതിരിയുന്ന വാണിജ്യ സമൂഹത്തിന് ആശ്വാസം പകരുന്നതാണു ജിഎസ്ടി നിയമത്തിലെ വ്യവസ്‌ഥകൾ. ജിഎസ്ടിയിലേക്കു നികുതി വ്യവസ്‌ഥ സുഗമമായി തന്നെ പരിവർത്തനം ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത് അദ്ദേഹം പറഞ്ഞു. വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണർ (ഇന്റലിജൻസ്) എസ്. ശിവൻകുട്ടി ആമുഖ പ്രഭാഷണം നടത്തി. ഫിക്കി കോ–ചെയർമാനും കെപിഎംജി ഇൻഡയറക്ട് ടാക്സ് വിഭാഗം മേധാവിയുമായ സച്ചിൻ മേനോൻ ജിഎസ്ടിയുടെ സവിശേഷതകളെക്കുറിച്ചു പ്രസംഗിച്ചു. കെപിഎംജി വെസ്റ്റ് ഇന്ത്യ ഇൻഡയറക്ട് ടാക്സ് മേധാവി സന്തോഷ് ദാൽവി, മുതിർന്ന നികുതി ഉപദേശകൻ സവിത് ഗോപാൽ, കെപിഎംജി ടെക്നിക്കൽ ഡയറക്ടർ മനീഷ് വസർക്കർ, ഫിക്കി കേരള കൗൺസിൽ കോ–ചെയർമാൻ ദീപക് അസ്വാനി, കേരള മേധാവി സാവിയോ മാത്യു എന്നിവരും പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.