സംസ്‌ഥാനഭരണത്തിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്കു നഷ്‌ടപ്പെട്ടു: സുധീരൻ
സംസ്‌ഥാനഭരണത്തിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്കു നഷ്‌ടപ്പെട്ടു: സുധീരൻ
Friday, October 28, 2016 1:45 PM IST
കല്യാശേരി(കണ്ണൂർ): സംസ്‌ഥാനഭരണത്തിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്കു നഷ്‌ടപ്പെട്ടതായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. ഐഎഎസ്–ഐപിഎസ് തലപ്പത്ത് സ്വരചേർച്ചയില്ലാത്തതിനാൽ പോലീസ് മൂന്നാംമുറ പ്രയോഗിക്കുകയാണ്. ഇവിടെയൊരു ഭരണമുണ്ടോ എന്ന കാര്യം ജനങ്ങൾ, എന്തിന് പാർട്ടി പ്രവർത്തകർ പോലും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കണ്ണൂരിലെ രാഷ്ര്‌ടീയ കൊലപാതകങ്ങൾക്ക് അറുതിവരുത്താൻ മുഖ്യമന്ത്രി പിണറായി നേരിട്ടു സർവകക്ഷിയോഗം വിളിക്കണമെന്നും വി.എം. സുധീരൻ ആവശ്യപ്പെട്ടു. സിപിഎം ഭീഷണിയെത്തുടർന്ന് അടച്ചുപൂട്ടേണ്ടി വന്ന കല്യാശേരിയിലെ ക്ലിനിക്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ രാവിലെ നടന്ന ഉദ്ഘാടന ചടങ്ങ് കോൺഗ്രസ് കല്യാശേരി പ്രാദേശിക നേതൃത്വം ബഹിഷ്കരിച്ചു. ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറിമാരായ സതീശൻ പാച്ചേനി, സജീവ് ജോസഫ്, ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രൻ, മാർട്ടിൻ ജോർജ്, അമൃത രാമകൃഷ്ണൻ, എൻ.പി. ശ്രീധരൻ, പി. മാധവൻ, എം.പി. തിലകൻ, അജിത്ത് മാട്ടൂൽ എന്നിവർ പ്രസംഗിച്ചു.

സിപിഎം ഭീഷണിയെത്തുടർന്ന് കല്യാശേരിയിൽ മാസങ്ങൾക്കു മുമ്പ് അടച്ചുപൂട്ടേണ്ടിവന്ന ഡോ. നീത പി. നമ്പ്യാരുടെ പുതിയ ക്ലിനിക്കാണ് സുധീരൻ ഉദ്ഘാടനം ചെയ്തത്. നേരത്തെ പൂട്ടിയ ക്ലിനിക്കിന് ബദലായി ഡോക്ടറുടെ വീടിനോടു ചേർന്നാണ് പുതിയ ക്ലിനിക്ക് സ്‌ഥാപിച്ചിട്ടുള്ളത്. ഇതിനുള്ള സാമ്പത്തികസഹായം ഉൾപ്പെടെ കല്യാശേരി മണ്ഡലം കമ്മിറ്റിയെ അറിയിക്കാതെ കെപിസിസി നേരിട്ട് നടത്തിയെന്നാണ് മണ്ഡലം പ്രസിഡന്റ് കൂനത്തറ മോഹനന്റെ ആക്ഷേപം. ഇതേത്തുടർന്നാണ് പ്രാദേശികനേതൃത്വം ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചത്. സുധീരനെ തടയാൻ കല്യാശേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ കെപിസിസിയുടെ അഭ്യർഥന മാനിച്ച് മണ്ഡലം നേതാക്കൾ ഒന്നടങ്കം രാജിവച്ച് സുധീരനെ തടയുന്നതിൽനിന്ന് പിന്മാറുകയായിരുന്നു.


എന്നാൽ കെപിസിസി പ്രസിഡന്റിനെ ബഹിഷ്കരിച്ച മണ്ഡലം കമ്മിറ്റിക്കെതിരേ നടപടിയുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. സമവായ ചർച്ച നടത്തി പരിഹരിച്ച പ്രശ്നം ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കിയതിനു പിന്നിൽ ബാഹ്യശക്‌തികളുണ്ടെന്നും അത് കണ്ടുപിടിച്ച് കെപിസിസിക്ക് റിപ്പോർട്ട് നൽകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.