പലിശരഹിത കാർഷിക വായ്പ അനുവദിക്കും: മന്ത്രി സുനിൽകുമാർ
പലിശരഹിത കാർഷിക വായ്പ അനുവദിക്കും: മന്ത്രി സുനിൽകുമാർ
Friday, October 28, 2016 2:17 PM IST
തിരുവന്തപുരം: ചെറുകിട നാമമാത്ര കർഷകർക്ക് പലിശ രഹിത കാർഷിക വായ്പകൾ അനുവദിക്കാൻ നടപടിയുണ്ടാകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കാർഷിക വായ്പകൾ സമയബന്ധിതമായി കൊടുത്തു തീർക്കും. നെൽകൃഷിക്കുള്ള സംസ്‌ഥാന വിള ഇൻഷ്വറൻസ് നഷ്‌ടപരിഹാരത്തുക വർധിപ്പിക്കും. കാലാവസ്‌ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് എല്ലാ വിളകൾക്കും ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും.

കർഷകർക്കു സഹകരണ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ മൂന്നു ലക്ഷം രൂപവരെ പലിശ രഹിത വായ്പ നൽകുന്ന കാര്യം പരിശോധിച്ചുവരികയാണ്. പരമാവധി തരിശ് ഭൂമി കൃഷിയോഗ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. അഞ്ചു വർഷം കൊണ്ട് നെൽകൃഷിയുടെ വിസ്തൃതി 1.96 ലക്ഷം ഹെക്ടറിൽനിന്നു മൂന്നു ലക്ഷം ഹെക്ടറായി വർധിപ്പിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നു. പച്ചക്കറികൃഷിയുടെ വിസ്തൃതി 50,000 ഹെക്ടറായി വർധിപ്പിക്കും. 700 ഹെക്ടർ തരിശുനിലം നെൽകൃഷി ചെയ്യാനായി ഒറ്റത്തവണ ധനസഹായമായി ഹെക്ടറിന് 30,000 രൂപ നൽകുന്നതിനുള്ള പദ്ധതിയും 700 ഏക്കർ തരിശുനിലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടർ ഒ ന്നിന് ഭൂവുടമയ്ക്ക് 5,000 രൂപയും കൃഷി ചെയ്യുന്നയാളിന് 2,5000 രൂപയും ചേർത്ത് 30,000 രൂപ ധനസഹായം നൽകുന്നുണ്ട്.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ചെറുകിട നാമമാത്ര നെൽകർഷകർക്കു മുൻ സർക്കാർ നൽകാനുണ്ടായിരുന്ന 113.52 കോടി രൂപ നൽകിക്കഴിഞ്ഞു. കർഷക പെൻഷൻ 600 രൂപയിൽനിന്ന് 1000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഇപ്രകാരം ഒരുമാസ തുകയായ 100 രൂപ നൽകാൻ 37.895 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കൃഷിയോഗ്യമായ തരിശു നിലങ്ങൾ കണ്ടെത്താൻ റിമോട്ട് സെൻസിംഗ് ഡാറ്റ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതായി കെ.വി. കുഞ്ഞിരാമൻ, ആർ. രാജേഷ് എന്നിവരെ മന്ത്രി അറിയിച്ചു.

2016–17 സാമ്പത്തിക വർഷത്തിൽ മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ എന്ന കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പാക്കാൻ 77.37 കോടി രൂപയുടെ വാർഷിക കർമ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ 60 ശതമാനമായ 46.422 കോടി രൂപയുടെ കേന്ദ്ര വിഹിതമാണുള്ളതെന്നും മന്ത്രി അറിയിച്ചു.



ആർസിഇപി കരാർ വരുന്നതോടെ

നാളികേര ഉത്പന്നഇറക്കുമതി കൂടും



ആർസിഇപി കരാർ വരുന്നതോടെ മറ്റു രാജ്യങ്ങളിൽനിന്ന് നാളികേരവും നാളികേര ഉത്പന്നങ്ങളും ഇറക്കുമതി നടക്കുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ. കുറച്ചുകാലമായി തമിഴ്നാടും കർണാടകവും നാളികേര കൃഷിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നാളികേര മൂല്യവർധിത ഉത്പാദനം കൂട്ടും.

രണ്ടാഴ്ചയായി നാളികേര സംഭരണം നിലച്ചിരിക്കുകയാണ്. 120,000 ടൺ നാളികേരം കൃഷിഭവനുകളിൽ കെട്ടിക്കിടക്കുകയാണ്. കൊപ്ര, നാളികേരം എന്നിവയുടെ സ്റ്റോക്കുള്ളതിനാലാണ് സംഭരണം തടസപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.



ജ്വല്ലറി ഉടമയുടെ 100 പവൻ

കവർന്നവർ അറസ്റ്റിൽ



കിളിമാനൂർ: രാത്രി കടയടച്ച് വീട്ടിലേക്കു മടങ്ങുകയായിരുന്ന ജ്വല്ലറി ഉടമയിൽനിന്നു 100 പവനോളം സ്വ ർണവും 6,90,000 രൂപയും തട്ടിയെ ടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. കടയടച്ച് വലിയ പാലത്തിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ കയറാനായി നടന്നു വരികയായിരുന്ന കിളിമാനൂർ പൂങ്കാവനം ജ്വല്ലറി ഉടമ സെയ്നുലാബ്ദീന്റെ പക്കൽ നിന്നു പണവും സ്വർണവും അടങ്ങിയ ബാഗ് പ്രതികൾ തട്ടിയെടുക്കുകയായിരുന്നു.

കായംകുളം പത്തിയൂർ എരുവ ചെറുകാവിൽ കിഴക്കതിൽ മൻസൂറിന്റെ മകൻ ഫൈസൽ (വിട്ടോബ –22), കായംകുളം ഭരണിക്കാവ് മാന്നാടിത്തടം മുണ്ടേലത്ത് വീട്ടിൽ സോമന്റെ മകൻ സജിത് സോമൻ (22), പത്തിയൂർ എരുവ ജിജീസ് വില്ലയിൽ ഹാഷിമിന്റെ മകൻ ആഷിഖ് (21), ചൂട്ടയിൽ കോളനി കുന്നുവിള വീട്ടിൽ ഗോപിയുടെ മകൻ വിനോദ് (42), മൂവാറ്റുപുഴ രാമമംഗലം കിഴുമുറി എൽപി സ്കൂളിനു സമീപം കലാസാഗർ വീട്ടിൽ സജികുമാറിന്റെ മകൻ ഹരികൃഷ്ണ സാഗർ (23), മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം ചട്ടിക്കൽ ഹൗസിൽ ശിവശങ്കരന്റെ മകൻ സംജിത്ത് (23) എന്നിവരെയാണ് റൂറൽ എസ്പി ഷെഹീൻ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.


കായംകുളം സ്വദേശികളായ പ്രതികൾക്കു കിളിമാനൂർ സ്വദേശികളായ പ്രമോദ് പ്രസന്നനും വിനോദുമായുള്ള സൗഹൃദത്തിലൂടെയാണു ജ്വല്ലറി കവർച്ചയ്ക്കുള്ള ഗൂഢാലോചന ഉടലെടുത്തത്. പ്രതികളായ ഫൈസൽ, സംജിത്, ആഷിഖ് എന്നിവർ കിളിമാനൂരിലുള്ള വിനോദിന്റെയും പ്രമോദിന്റെയും വീട്ടിലെ നിത്യസന്ദർശകരായിരുന്നു. ഫൈസൽ, ആഷിഖ്, സംജിത്ത് എന്നിവർ കായംകുളത്തും പരിസര പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലുമായി ഇരുപതോളം കേസുകളിൽ പ്രതികളാണ്. നാട്ടിൽ കേസുണ്ടാക്കിയിട്ട് കിളിമാനൂരിലുള്ള വിനോദിന്റെയും പ്രമോദിന്റെയും സഹായത്തോടെ ഇവിടെ ഒളിച്ചുതാമസിക്കുകയാണ് പതിവ്. കഴിഞ്ഞ ആറുമാസമായി കവർച്ച ചെയ്യാൻ പദ്ധതി ആസൂത്രണം ചെയ്തുവരികയായിരുന്നു. ഈ കേസിലെ മുഖ്യ ആസൂത്രകനായ പ്രമോദ് പ്രസന്നൻ കവർച്ചയ്ക്കുശേഷം സൗദി അറേബ്യയിലേക്കു രക്ഷപ്പെട്ടു.

കവർച്ചയ്ക്കു ശേഷം ബൈക്കിൽ ബംഗളൂരുവിലേക്ക് രക്ഷപ്പെട്ട ഫൈസലും സംജിത്ത് സോമനും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അവിടെയെത്തി ആഷിക്, ഹരി സുജിത്ത് എന്നിവരുമായി സുജിത്തിന്റെ താവളത്തിൽ താമസിച്ചു. തുടർന്നു പ്രതികൾ ബംഗളൂരു നഗരത്തിനടുത്തുള്ള ലേക്ക് റോഡ് എന്ന സ്‌ഥലത്ത് ഒരു അപ്പാർട്ടുമെന്റ് വാടകയ്ക്കെടുത്തു കൊള്ളമുതലുപയോഗിച്ച് ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു.

ഫൈസലിന്റെയും ആഷിഖിന്റെയും സുഹൃത്തുക്കളായ ചെങ്ങന്നൂർ മാന്നാർ 4/460 പുത്തൻപുരയിൽ റഹ്മത്ത് അലിയുടെ മകൻ ഷംസുദീൻ, തിരുവല്ല കാവുംഭാഗത്ത് തെക്കേടത്തു തുണ്ടിൽ ജോർജ് മാത്യുവിന്റെ മകൻ ജോബി മാത്യു എന്നിവരെ കൈവശമുള്ള സ്വർണം വിൽക്കുന്നതിനായി ഏല്പിച്ചു. സ്വർണം വിറ്റുകിട്ടിയ പണം വാങ്ങുന്നതിനായി പ്രതികളായ ഫൈസൽ, ആഷിഖ്, സംജിത് സോമൻ, ഹരി, സുജിത് എന്നിവർ തിരുവല്ലയിൽ എത്തിയപ്പോഴാണു പോലീസ് വലയിലായത്.

അറസ്റ്റിലാകുമ്പോൾ പ്രതികളുടെ കൈയിൽ നിന്നു വില്പന നടത്തിയേഷം ബാക്കിവന്ന 19 പവൻ സ്വർണവും 3,60,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. സ്വർണം ജോബിയും ഷംസുദീനും ചേർന്ന് കോയമ്പത്തൂരിലുള്ള ഒരു ജ്വല്ലറിയിൽ 13,00,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. അന്വേഷണത്തിൽ സ്വർണം വിറ്റ തുകയിൽ നാലു ലക്ഷം രൂപ ഷംസുദീന്റെയും ജോബിയുടെയും സുഹൃത്തായ ജിജി വർഗീസിന്റെ കങ്ങഴയിലുള്ള എസ്ബി ഐ അക്കൗണ്ടിൽനിന്നു കണ്ടെ ടുത്തു. പ്രതി ജോബി ഒളിവിലാണ്. ഷംസുദീൻ തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റലിൽ ചികിത്സയിലായതിനാൽ അറസ്റ്റ് ചെയ്തില്ല.

ഷംസുദീൻ, ജോബി എന്നിവർ തിരുവല്ല മാന്നാർ എന്നിവിടങ്ങളിൽ രണ്ടു കൊലപാതകം ഉൾ പ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. ഫൈസൽ, ആഷിഖ് എന്നിവർ കായംകുളം പോലീസ് സ്റ്റേഷൻ ആക്രമണം, കായംകുളം മഹാദേവ ക്ഷേത്രം ആക്രമണം, പെരുന്നാൾ ദിനത്തിൽ സോഡാക്കുപ്പിയും കത്തിയും ഉപയോഗിച്ച് കായംകുളത്തും പരിസരത്തുമുള്ള നായ്ക്കളെ ബൈക്കിൽ കറങ്ങിനടന്ന് കൊന്നത് തുടങ്ങിയ കേസുകളിൽ പ്രതികളാണ്. കൂടാതെ ഫൈസലിന്റെ കാമുകിയെ കളിയാക്കി എന്നാരോപിച്ച് കായംകുളം ഹോസ്പിറ്റലിൽ ആഷിഖുമായി ചേർന്ന് സദാചാര പോലീസ് ചമഞ്ഞ് രണ്ടുപേരെ മർദിച്ച കേസിലും പ്രതികളാണ്. പ്രതികളെ മർദിക്കുന്ന വീഡിയോ പ്രതികൾ റിക്കാർഡ് ചെയ്ത് യുട്യൂബ് വഴി പ്രചരിപ്പിച്ചത് അക്കാലത്ത് വളരെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.

റൂറൽ എസ്പി ഷെഫീൻ അഹമ്മദിന്റെ നേതൃത്വത്തിൽ ഷാഡോ ഡിവൈഎസ്പി അജിത് കുമാർ, ആറ്റിങ്ങൽ എഎസ്പി ആദിത്യ, കിളിമാനൂർ സിഐ പ്രദീപ് കുമാർ, പോത്തൻകോട് സിഐ ഷാജി, കിളിമാനൂർ എസ്ഐ ശ്രീജേഷ്, ഷാഡോ എസ്ഐ സിജു കെ.എൽ. നായർ, എസ്ഐ തൻസീം, എസ്ഐ പ്രവീൺ, എസ്ഐ ജലാലുദീൻ, എഎസ്ഐ അജികുമാരൻ നായർ, ഷാഡോ പോലീസുകാരായ ഫിറോസ്, ബിജുഹക്ക്, ജോതിഷ്, ബിജുകുമാർ, റിയാസ്, ദിലീപ്, താഹീർ, രാജശേഖരൻ, സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.