എടിഎം മോഷണശ്രമം: ഒരാൾ കൂടി പിടിയിൽ
Friday, October 28, 2016 2:17 PM IST
നെടുമ്പാശേരി: അങ്കമാലി–ആലുവ ദേശീയപാതയിൽ ദേശം കവലയിലുള്ള എസ്ബിടി ബാങ്കിന്റെ എടിഎം കൗണ്ടർ ബോംബ് വച്ചു തകർത്തു പണം കവരാൻ ശ്രമം നടത്തിയ കേസിൽ ഒരാൾകൂടി പിടിയിലായി. രണ്ടാം പ്രതി മാണിക്യമംഗലം എടശേരി തോമസ് മാത്യു (27) ആണു പിടിയിലായത്.

കേസിലെ മറ്റൊരു പ്രതി മാണിക്യമംഗലം സ്വദേശി കൃഷ്ണദാസിനെ കാലടി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയുന്ന കൃഷ്ണദാസിനെ കഴിഞ്ഞ ദിവസം നെടുമ്പാശേരി പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണു കൂട്ടുപ്രതിയായ തോമസ് മാത്യുവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.


കഴിഞ്ഞ ജൂൺ 26നു പുലർച്ചെയായിരുന്നു കവർച്ചാശ്രമം നടന്നത്. സംഭവദിവസം പുലർച്ചെ 2.30ഓടെ ബൈക്കിലെത്തിയ ഇരുവരും എടിഎമ്മിൽ ബോംബ് വച്ചശേഷം ആലുവ ഭാഗത്തേക്കു പോയി. എടിഎം തകർന്നിട്ടുണ്ടാകുമെന്നു കരുതി പിന്നീടു പണം കവരാൻ മടങ്ങിയെത്തിയപ്പോൾ പോലീസ് വാഹനം കണ്ട് ഇരുവരും രക്ഷപ്പെടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.