ഗുണ്ടാ കേസ്: സിപിഎം നേതാവ് ഒളിവിലെന്നു പോലീസ്
Friday, October 28, 2016 2:25 PM IST
കൊച്ചി: വെണ്ണല സ്വദേശിയായ വ്യവസായി ജൂബ് പൗലോസിനെ ഗുണ്ടകളെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും സിപിഎം നേതാവുമായ വി.എ. സക്കീർ ഹുസൈൻ (43) ഒളിവിലെന്നു പോലീസ്. സിപിഎം ജില്ലാക്കമ്മിറ്റിയംഗവും കളമശേരി ഏരിയ സെക്രട്ടറിയും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ സക്കീർ ഹുസൈൻ കേസിൽ ഒന്നാം പ്രതിയാണ്.

കളമശേരിയിലെ വീട്ടിലും ഓഫീസിലും ഇന്നലെ അന്വേഷണ സംഘം എത്തിയെങ്കിലും സക്കീർ ഹുസൈനെ കണ്ടെത്താനായില്ലെന്നു കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണ പറഞ്ഞു. മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. സക്കീർ ഹുസൈനെതിരേയുള്ള തെളിവുകൾ ശക്‌തമാണെന്നും അറസ്റ്റ് വൈകില്ലെന്നും അന്വേഷണച്ചുമതലയുള്ള എറണാകുളം സൗത്ത് സിഐ സിബി ടോം അറിയിച്ചു.

അതിനിടെ, സക്കീർ ഹുസൈൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായി വിവരമുണ്ട്. കേസിൽ നാലു പ്രതികളാണുള്ളത്. യുവസംരംഭകയെ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ മുൻ ഡിവൈഎഫ്ഐ നേതാവ് മല്ലിശേരി കറുകപ്പിള്ളി സിദ്ദിക്ക്(35) ആണു രണ്ടാം പ്രതി. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. കേസിലെ മൂന്നാം പ്രതി കണ്ടാൽ തിരിച്ചറിയാവുന്ന നേപ്പാളി മുഖഛായയുള്ളയാൾക്കായുള്ള തെരച്ചിലും നടന്നുവരുന്നു.


പുക്കാട്ടുപടി സ്വദേശിനി കണയാരപ്പടി ഷീല തോമസാണു കേസിലെ നാലാം പ്രതി. യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ അറസ്റ്റിലായ ഫൈസലിനും തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നു പോലീസ് അറിയിച്ചു.

35 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തു ഷീല തോമസുമായി ചേർന്നു വ്യവസായ സ്‌ഥാപനം ആരംഭിച്ചെന്നും പിന്നീടു സ്‌ഥാപനത്തിന്റെ പൂർണ അവകാശം അവർക്കു വിട്ടുകൊടുക്കണമെന്നുമാവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോയി സിപിഎം നേതാക്കൾ മുഖേന തന്നെ ഭീഷണിപ്പെടുത്തിയെന്നാണു മുൻ ബാങ്ക് ഉദ്യോഗസ്‌ഥൻകൂടിയായ ജൂബ് പൗലോസിന്റെ പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.