കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്‌ഥാനമാക്കും: മുഖ്യമന്ത്രി
കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്‌ഥാനമാക്കും: മുഖ്യമന്ത്രി
Friday, October 28, 2016 2:25 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഭവനരഹിതർക്കെല്ലാം വീടു നിർമിച്ചുനൽകുക എന്നതാണു സർക്കാരിന്റെ പ്രഥമ പരിഗണനയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ചേർന്ന എംപിമാരുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌ഥാന സർക്കാർ നടപ്പിലാക്കാനാഗ്രഹിക്കുന്ന പദ്ധതികൾക്കു കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട എല്ലാ സഹായവും ഉറപ്പാക്കാൻ എല്ലാ എംപിമാരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമം പാസാക്കുന്നതോടൊപ്പം പാവപ്പെട്ടവർക്കു ഭക്ഷ്യധാന്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ എംപിമാരുടെ കൂട്ടായ ഇടപെടലുണ്ടാവണം. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന പൊതുമേഖലാ സ്‌ഥാപനങ്ങളുടെ നിലനില്പിനു സഹായകമായ വിധത്തിൽ കേന്ദ്രം നിലപാടുകൾ സ്വീകരിക്കുന്നില്ലെന്ന കാര്യവും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

സംസ്‌ഥാനത്തു വീടും സ്‌ഥലവുമില്ലാത്ത രണ്ടുലക്ഷത്തോളം കുടുംബങ്ങളാണുള്ളത്. ബഹുനിലക്കെട്ടിടങ്ങൾ നിർമിച്ച് ഇവരെ പുനരധിവസിപ്പിക്കും. സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ ഒരുവീട്ടിൽ ഒരാൾക്കെങ്കിലും തൊഴിൽ നൽകണം. വൃദ്ധർക്കും രോഗികൾക്കും പടിക്കെട്ടുകൾ കയറുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്ന തരത്തിൽ ലിഫ്റ്റ് പോലുള്ള സാങ്കേതിക സൗകര്യങ്ങളുമുള്ള ബഹുനിലക്കെട്ടിടങ്ങളാണു സർക്കാരിന്റെ പരിഗണനയിലുള്ളത്.


സംസ്‌ഥാനം വരൾച്ചാബാധിതമായി പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.വേനലിന്റെ കാഠിന്യം നേരിടാൻ ജലസ്രോതസുകൾ വീണ്ടെടുക്കുക, കിണറുകൾ സംരക്ഷിക്കുക, മഴവെള്ളം സംരക്ഷിക്കുക തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. പുതിയ വീടുകൾ നിർമിക്കുമ്പോൾ മഴവെള്ള സംഭരണികൾ നിർബന്ധമായും നിർമിക്കണമെന്ന നിബന്ധന കൊണ്ടുവരും.

ഒന്നു മുതൽ 12 വരെയുള്ള എല്ലാ ക്ലാസുകളിലെയും വിദ്യാഭ്യാസം മെച്ചപ്പെടുത്തും. ഇതിനായി സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ പശ്ചാത്തല സൗകര്യവും പഠന നിലവാരവും മെച്ചപ്പെടുത്തും. വെളിയിടവിസർജന രഹിത സംസ്‌ഥാനമായി കേരളം മാറുന്നതോടൊപ്പം ഹരിതകേരളം പദ്ധതിയിലൂടെ പൊതുസ്‌ഥലങ്ങൾ ശുചിത്വമുള്ളതായി സംരക്ഷിക്കാനും പദ്ധതിയുണ്ട്.

കാർഷികമേഖലയിൽ കേന്ദ്രത്തിൽനിന്നു ലഭിക്കേണ്ട ധനസഹായത്തിൽ പകുതി പോലും ലഭിക്കുന്നില്ല. നൂറു ശതമാനം കേന്ദ്രസഹായം ലഭിച്ചിരുന്ന പല പദ്ധതികളുടെയും തുക പകുതിയായി വെട്ടിക്കുറച്ചതു പൂർവസ്‌ഥിതിയിലാക്കാൻ അംഗങ്ങൾ ഒരുമിച്ചു പോരാടണം.

മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മണ്ണെണ്ണ ലഭ്യമാക്കാൻ കേന്ദ്രം തയാറാകണം. തെരുവുനായ പ്രശ്നത്തിൽ സർക്കാർ ഉചിതമായ നടപടിയെടുക്കും. എംപി മാരെയും മന്ത്രിമാരെയും കൂടാതെ വകുപ്പുതല ഉന്നത ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.