സോളാർ: തുടർ നിയമനടപടി സ്വീകരിക്കും, നിരപരാധിത്വം തെളിയിക്കും–ഉമ്മൻ ചാണ്ടി
സോളാർ: തുടർ നിയമനടപടി സ്വീകരിക്കും,  നിരപരാധിത്വം തെളിയിക്കും–ഉമ്മൻ ചാണ്ടി
Friday, October 28, 2016 2:37 PM IST
തിരുവനന്തപുരം: ബാംഗളൂർ കോടതിയിൽ സോളാർ കേസുമായി ബന്ധപ്പെട്ടുണ്ടായ എക്സ് പാർട്ടി വിധിക്കെതിരേ തുടർ നിയമനടപടി സ്വീകരിക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തന്റെ ഭാഗത്തു നിന്ന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസുമായി ബന്ധപ്പെട്ട് തനിക്ക് സമൻസ് ലഭിക്കുന്നത് ഈ വർഷം ഏപ്രിൽ 24 നാണ്. ഏപ്രിൽ 22 നായിരുന്നു കേസ് തീയതി. തൊട്ടടുത്ത ദിവസം തന്നെ വക്കാലത്ത് നൽകി. ഇതേത്തുടർന്ന് എക്സ്പാർട്ടി മാറ്റി. ജൂൺ 30 ലേക്കു കേസ് മാറ്റി. മറ്റുള്ളവർ സമൻസ് കൈപ്പറ്റാത്തതിനാൽ പത്രത്തിൽ പരസ്യം കൊടുക്കണമെന്ന് വാദി ആവശ്യപ്പെട്ടു. അതനുസരിച്ചു പരസ്യം നൽകുകയും ചെയ്തു. ജൂൺ 30 നു തന്റെ അഭിഭാഷകൻ ഹാജരായി പത്രിക സമർപ്പിക്കാൻ സമയം ചോദിച്ചപ്പോൾ അനുവദിക്കാതെ കേസ് എക്സ്പാർട്ടി ആക്കി മാറ്റുകയായിരുന്നു.

ഈ കേസിന്റെ ആരംഭം മുതൽ അറിയാവുന്നതു കൊണ്ടും തനിക്ക് ഇതിൽ പ്രത്യേകിച്ച് പങ്കില്ലാത്തതിനാലും ജാഗ്രതയോടെ സമീപിച്ചില്ല എന്നതു സത്യമാണ്. തന്റെ ബന്ധു ആൻഡ്രൂസും സ്റ്റാഫ് അംഗം ദിൽജിത്തും ചേർന്ന് ഒരു കോടി മുപ്പത്തിയയ്യായിരം രൂപ വാങ്ങിയതു മടക്കി വാങ്ങിത്തരണമെന്നു പറഞ്ഞാണ് പരാതിക്കാരൻ തന്നെ സമീപിച്ചത്. ആൻഡ്രൂസ് എന്ന ഒരു ബന്ധു തനിക്കില്ല. ദിൽജിത്ത് എന്നയാൾ സ്റ്റാഫിലുമില്ല. അതുകൊണ്ടു തന്നെ പരാതി എഴുതി വാങ്ങി ഡിജിപിക്കു കൈമാറി. അതനുസരിച്ച് അന്വേഷണം നടക്കുകയും ചെയ്തു. ഒരാളൊഴികെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇവർ തമ്മിൽ മുമ്പും പല സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു എന്നു പിന്നീട് തെളിഞ്ഞു.


വാദി നൽകിയ പരാതിയിലോ മൊഴിയിലോ കോടതിയിൽ നൽകിയ റിട്ട് ഹർജിയിലോ തന്നെക്കുറിച്ചു പരാതിയില്ല. പണം മടക്കി വാങ്ങിത്തരണമെന്ന് ആവശ്യപ്പെടുക മാത്രമാണു ചെയ്തത്. അതു തന്നെ തന്റെ ബന്ധുവും സ്റ്റാഫ് അംഗവും ആണെന്നു പറഞ്ഞതിനാൽ. അദ്ദേഹത്തിനു പണം മടക്കിക്കിട്ടാൻ എന്നേക്കൂടി പിടിച്ചിടുകയായിരുന്നു.ബാംഗളൂരിലെ കോടതിയിൽ തന്നെ തുടർനിയമപടികൾ സ്വീകരിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.